യെദ്യൂരപ്പയുടെ മകൻ പുതിയ സംസ്ഥാന അധ്യക്ഷൻ; ലക്ഷ്യം ലിംഗായത്ത്! സംസ്ഥാന ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകൻ ബിവൈ വിജയേന്ദ്രയെ നിയമിച്ചു. നളിൻ കുമാർ കട്ടീലിനെ മാറ്റിയാണ് വിജയേന്ദയെ നിയമിച്ചിരിക്കുന്നത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നയിക്കുക എന്ന ഉത്തരവാദിത്തവും വിജയേന്ദ്രയ്ക്ക് തന്നെയാണുള്ളത്.അസംബ്ലി തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ ‌‌മുഖം മിനുക്കാനൊരുങ്ങി ‌‍കാർണാടക ബിജെപി. വിജയേന്ദ്രക്കൊപ്പം സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സിടി രവി, സുനിൽ കുമാർ, ബാസഗൗഡ പാട്ടീൽ എന്നിവരേയും പരിഗണിച്ചിരുന്നു. എന്നാൽ, ഇവരെയെല്ലാം വെട്ടിയാണ് യെദ്യൂരപ്പയുടെ മകൻ ബിജെപിയുടെ അധ്യക്ഷനാകുന്നത്. 




2019ലാണ് സംസ്ഥാന അധ്യക്ഷനായി നളിൻ കുമാർ കട്ടീലിൽ ചുമതലയേൽക്കുന്നത്. എന്നാൽ, തെരഞ്ഞെടുപ്പിലെ മോശം പ്രകടനം അദ്ദേഹത്തിന്റെ വിശ്വാസത്തിന് കോട്ടം തട്ടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാർട്ടിയുടെ നിർണായക തീരുമാനങ്ങളെല്ലാം എടുത്തിരുന്നത് ബിഎസ് യദ്യൂരപ്പയായിരുന്നു. രാഷ്ട്രീയത്തിൽ യെദ്ദ്യൂരപ്പ വീണ്ടും സജീവമായതോടെ അദ്ദേഹത്തെ അനുകൂലിക്കുന്നവരും പാർട്ടി പ്രവർത്തകരും സജീവമായിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ജെഡിഎസ് മുന്നണിയിലേക്ക് എത്തിയതോടെ മുതിർന്ന നേതാവ് ഡിവി സദാനന്ദഗൗഡ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും പിന്മാറുന്നതായി വ്യക്തമാക്കിയിരുന്നു. അതേസമയം, താൻ പാർട്ടി പ്രവർ‌ത്തനങ്ങളിൽ സജീവമായി തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 





നിലവിൽ ബെംഗളൂരു നോർത്ത് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള സിറ്റിങ് എംപിയാണ് സദാനന്ദ ഗൗഡ. സംസ്ഥാന നേതൃത്വവുമായി തെറ്റിയ ഗൗഡ പലപ്പോഴായി പാർട്ടിക്കെതിരെ രംഗത്തുവന്നത് ചർച്ചയായിരുന്നു. ഈ നീക്കത്തിലൂടെ യെദ്യൂരപ്പയുടെ പ്രധാന വോട്ട് ബാങ്കായ ലിംഗായത്ത് വിഭാഗത്തെ തിരികെ എത്തിക്കാമെന്നും ബിജെപി കരുതുന്നുണ്ട്. ഇത്തവണ ഇതേ വിഭാഗത്തിൽ നിന്നു ഡികെ ശിവകുമാറിന് അനുകൂലമായ നിലപാടാണ് ലിംഗായത്ത് വിഭാഗം സ്വീകരിച്ചിരുന്നത്.ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് വിജയേന്ദ്രയെ നിയമിച്ചത്. നിലവിൽ സംസ്ഥാന ബിജെപി ഉപാധ്യക്ഷനാണ് വിജയേന്ദ്ര. ഉടൻ തന്നെ വരുന്ന പുതിയ സംസ്ഥാന അധ്യക്ഷനായി അദ്ദേഹം ചുമതലയേൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്.




പുതിയ ചുമതലകൾ ലഭിച്ച പശ്ചാതലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവർക്ക് നന്ദി പറഞ്ഞ് വിജയേന്ദ്ര എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരാനും അവരുടെ വിശ്വാസം നേടിയെടുക്കാനും പാർട്ടിയെ ശക്തിപ്പെടുത്താനും അവർ ഈ പ്രവർത്തകനെ അനുഗ്രഹിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Find out more: