വസുന്ധരയെ തഴഞ്ഞ് അമിത് ഷാ ശർമ്മയിലേക്ക് എത്തിയത് എന്ത് കൊണ്ട്? സംസ്ഥാന രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്നെങ്കിലും ദേശീയതലത്തിൽ വാർത്തകളിൽ ഇടംപിടിക്കാൻ പോന്നതൊന്നും ഭജൻ ലാൽ ശർമ്മയിൽ നിന്ന് അങ്ങനെ വന്നിട്ടില്ല. മാത്രവുമല്ല, ആദ്യമായാണ് ശർമ്മ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് എംഎൽഎയാകുന്നതും. എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിലെ സുപ്രധാന നേതാവാണ് ഈ 56കാരൻ.
ആരാണ് ഭജൻലാൽ ശർമ്മ എന്ന ചോദ്യത്തിന് ഓൺലൈൻ മറുപടികൾ പരിമിതമാണ്. ഛത്തീസ്ഗഢിൽ ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്നുള്ളയാളെയും, മധ്യപ്രദേശിൽ ഒബിസി വിഭാഗക്കാരനെയും മുഖ്യമന്ത്രിയാക്കിയ ബിജെപി രാജസ്ഥാനിലെത്തുമ്പോൾ ബ്രാഹ്മണ വിഭാഗത്തെയാണ് പരിഗണിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ദേശീയതലത്തിൽ ഒരു സംതുലനം നിലനിർത്താൻ ബിജെപി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പുഫലം പുറത്തുവന്ന ഘട്ടത്തിൽ തന്നെ ചർച്ചകളിൽ വന്നിരുന്നു.
ഛത്തീസ്ഗഢിൽ ഒബിസി നേതാവും, മധ്യപ്രദേശിൽ രജപുത്ര നേതാവും മുഖ്യമന്ത്രിപദവിയിലേക്ക് വരികയാണെങ്കിൽ രാജസ്ഥാനിൽ ഒരു ദളിത് മുഖ്യമന്ത്രിയെ പ്രതീക്ഷിക്കാമെന്നും ചർച്ചകളുണ്ടായി. ഇങ്ങനെയാണ് അർജുൻ റാം മേഘ്‌വാൾ എന്ന ദളിത് നേതാവിന്റെ പേര് ആദ്യം ഉയർന്നു കേൾക്കുന്നത്. നിലവിൽ കേന്ദ്ര സഹമന്ത്രിയായ ഇദ്ദേഹത്തെ സംസ്ഥാനത്തേക്കയയ്ക്കാൻ ബിജെപി തൽക്കാലെ മെനക്കെട്ടില്ല. ഉയർന്നു വന്ന മറ്റു പേരുകളിലൊന്ന് മഹന്ത് ബാലക്നാഥിന്റെയും മറ്റൊന്ന് വസുന്ധരരാജ സിന്ധ്യയുടെയുമായിരുന്നു. മഹന്തിന്റെ കാര്യത്തിൽ അത്ര ഉറപ്പില്ലെന്ന് നേരത്തേ തന്നെ വ്യക്തമായിരുന്നതാണ്. സന്യാസവേഷധാരി എന്നതിലപ്പുറം കാര്യമൊന്നുമില്ല. എന്നാൽ സിന്ധ്യ നല്ലൊരു മത്സരാർത്ഥിയായിരുന്നു.
സിന്ധ്യയെ ഒഴിവാക്കുക എന്നതാണ് അമിത്ഷായുടെ താൽപ്പര്യമെന്ന് എല്ലാവർക്കും അറിവുള്ളതുമായിരുന്നു. ഗജേന്ദ്ര ശെഖാവത്ത്, ദിയാ കുമാരി, അനിതാ ഭണ്ഡേൽ, മഞ്ജു ബഘ്മാർ, അർജുൻ റാം മേഘ്‍വാൾ എന്നീ പേരുകളും മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു. ഇക്കൂട്ടത്തിൽ ദിയ കുമാരിയെ ഉപമുഖ്യമന്ത്രിയാക്കിയിട്ടുണ്ട്. പ്രേംചന്ദ്ര ബൈർവയും ഉപമുഖ്യമന്ത്രിയാണ്. പ്രേംചന്ദ്ര ബൈർവ ദളിത് വിഭാഗക്കാരനാണ്. ദിയ കുമാരി രാജകുടുംബാംഗവും.അമിത് ഷായും മോദിയും സംസ്ഥാന രാഷ്ട്രീയം കളിച്ചുനടക്കുന്ന കാലത്ത് ദേശീയതാരമാണ് സിന്ധ്യ. ഈ ഈഗോ ഷായും മോദിയും ദേശീയരാഷ്ട്രീയം പിടിച്ചടക്കിയിട്ടും സിന്ധ്യയെ വിട്ടുപോയിട്ടില്ല. ഇവരെക്കാളെല്ലാം മുതിർന്നയാളെന്ന നിലയിലാണ് സിന്ധ്യ തന്നെത്താൻ കാണുന്നത്.
ഈ പ്രശ്നം നിലനിൽക്കുന്നത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തുടക്കം മുതൽക്കേ പുറത്തുവന്നിരുന്നു. സിന്ധ്യയെ പ്രചാരണത്തിൽ ഉൾപ്പെടുത്തുന്നതു പോലും വൈകിയാണ്. ബിജെപിക്കു മുകളിൽ ഒരു രാജപദവി സ്ഥാപിക്കാനാണ് സിന്ധ്യ ശ്രമിക്കുന്നതെന്ന വികാരം പൊതുവിലുണ്ടായിരുന്നു. ഇതിന്റെ പത്തിയിൽ തല്ലുകയായിരുന്നു മോദിയും ഷായും. സിന്ധ്യയെ മുഖ്യമന്ത്രിയാക്കേണ്ടി വന്നാൽപ്പോലും അവരുടെ മന്ത്രിമാരെ ഷാ തീരുമാനിക്കുമെന്നായിരുന്നു നേരത്തെ കേട്ടിരുന്നത്. എന്നാൽ അത്രപോലും വേണ്ടിവന്നില്ല.എങ്കിലും സിന്ധ്യയെ പിണക്കിയുള്ള ഒരു നീക്കമല്ല ബിജെപി നടത്തിയിരിക്കുന്നത്. സിന്ധ്യയുടെ കൂടി അംഗീകാരത്തോടെയാണ് ശർമ്മ മുഖ്യമന്ത്രി പദവിയിലേക്ക് വരുന്നത്. ബ്രാഹ്മണവിഭാഗക്കാരൻ കൂടിയാണ്. ക്ഷത്രിയ വിഭാഗക്കാരായ സിന്ധ്യയുടെ തട്ടകത്തിൽ തന്ത്രപൂർവ്വമായ തിരഞ്ഞെടുപ്പാണിതെന്ന് പറയണം. വരുന്ന തിരഞ്ഞെടുപ്പുകളെക്കൂടി കണ്ടുള്ള ഒരു നയമാണ് മൂന്ന് സംസ്ഥാനങ്ങളിലും നടപ്പാക്കിയിരിക്കുന്നത്. മധ്യപ്രദേശിൽ ചൗഹാന്റെ സംസ്ഥാന രാഷ്ട്രീയജീവിതം ഏതാണ് അവസാനിപ്പിക്കുന്നതായി കേന്ദ്ര ബിജെപിയുടെ തീരുമാനമെങ്കിലും രാജസ്ഥാനിൽ സ്ഥിതി ഇത്തിരി വ്യത്യസ്തമാണ്. സിന്ധ്യ ഇപ്പോഴും ശക്തയാണ്.
Find out more: