അന്ന് നിരസിച്ച 13,608 കോടിയുടെ ഓഫർ ഇന്നു കേരളം സ്വീകരിച്ചത് എന്തുകൊണ്ട്? കേന്ദ്രത്തിന്റെ ചോദ്യം! അന്ന് കേന്ദ്രത്തിന്റെ ഈ ഓഫർ സ്വീകരിക്കാതിരുന്ന കേരളം, കേസുമായി മുന്നോട്ടു പോകുമെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ഹർജിയിൽ ഇന്നു വാദം നടക്കുന്നതിനിടെ 13,608 കോടി രൂപ കടമെടുക്കാൻ അനുവദിക്കാമെന്ന കേന്ദ്രത്തിന്റെ നേരത്തെയുള്ള ഓഫർ സ്വീകരിക്കുകയായിരുന്നു.കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഹർജി സുപ്രീം കോടതിയിൽ എത്തിയ വേളയിൽ തന്നെ 13,608 കോടി രൂപയുടെ സഹായ വാഗ്ദാനം കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ചിരുന്നു.ഊർജ മേഖലയിലെ നഷ്ടം കുറയ്ക്കാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച വിവിധ നടപടികളിലൂടെ ഫലമായി കടം എടുക്കാൻ അനുവദിക്കുന്ന 4,866 കോടി രൂപ, ട്രഷറിയിൽ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) നിക്ഷേപങ്ങൾ ഉൾപ്പെടെയുള്ള പബ്ലിക് അക്കൗണ്ടിലെ നിക്ഷേപം തെറ്റായി വിലയിരുത്തിയതു മൂലം കേരളത്തിന്റെ കടമെടുപ്പിൽ കേന്ദ്രം വെട്ടിക്കുറച്ച 4,323 കോടി രൂപ, കഴിഞ്ഞ വർഷത്തെ വായ്പ അനുമതിയിൽ ശേഷിക്കുന്ന 1,877 കോടി രൂപ, നേരത്തെ എടുത്ത വായ്പ തിരിച്ചടച്ചതോടെ പകരം അനുവദിച്ച് പുനർവായ്പാ ഇനത്തിലെ 2,543 കോടി രൂപയും ചേരുന്നതാണ് 13,608 കോടി രൂപ.







കിഫ്ബിയും ക്ഷേമപെൻഷൻ കമ്പനിയും എടുക്കുന്ന കടം സർക്കാരിന്റെ വായ്പ പരിധിയിൽ ഉൾപ്പെടുത്തരുത്, പിഎഫ് ഉൾപ്പെടെയുള്ള തുക പബ്ലിക് അക്കൗണ്ട് സംസ്ഥാനത്തിന്റെ കടത്തിന്റെ ഭാഗമാക്കരുതെന്നുമാണ് കേരളത്തിന്റെ ഹർജിയിലെ പ്രധാന ആവശ്യം. ചുരുക്കത്തിൽ സംസ്ഥാനത്തിന്റെ കടപരിധി നിശ്ചയിക്കുന്ന രീതിക്കെതിരെയാണ് ഹർജിയെന്ന് സാരം.ഇപ്പോൾ സുപ്രീം കോടതിയിൽ നൽകിയ ഹർജിയുടെ ഫലമായി കടമെടുപ്പ് പരിധി നിശ്ചയിക്കുന്ന രീതി മാറ്റപ്പെട്ടാൽ, കേരളത്തിന് 24,000 കോടി രൂപ കൂടി അധികമായി കടമെടുക്കാനുള്ള അർഹത കൈവരും. ഇല്ലെങ്കിൽ ഭാവിയിലും സാമ്പത്തിക പ്രതിസന്ധി തുടരും എന്നതാണ് സംസ്ഥാന സർക്കാരിനെ അലട്ടുന്ന വിഷയം. വരുമാനം വർധിപ്പിക്കാൻ കഴിയാത്തതും ചെലവ് നിയന്ത്രിക്കാനും കഴിയാത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും. ഇതുകൊണ്ടാണ് കേസുമായി കേരളം മുന്നോട്ടുപോകുന്നത്.







കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേരളം സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തതിനു പിന്നാലെ ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്ത 13,608 കോടി രൂപയുടെ കണക്ക് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി വിശദീകരിച്ചിരുന്നു. വിവിധ ഘടകങ്ങൾ ഉൾക്കൊള്ളിച്ചാണ് ഈ തുകയിലേക്ക് കേന്ദ്ര സർക്കാർ എത്തിയതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. 13,608 കോടിയുടെ വിശദമായ കണക്ക് ചുവടെ ചേർക്കുന്നു.ഇതിനോടൊപ്പം ഇരുകക്ഷികളും തമ്മിൽ തുറന്ന മനസ്സോടെ കൂടുതൽ ചർച്ചകൾ നടത്താനും ആവശ്യമെങ്കിൽ വ്യവഹാര നടപടികളുമായി മുന്നോട്ടുപോകാനും സുപ്രീം കോടതി കേരളത്തോട് ആവശ്യപ്പെടുകയായിരുന്നു. 





ഇതിനിടെ സ്യൂട്ട് ഫയൽ ചെയ്ത കേരളത്തോട് അതു പിൻവലിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടതിനെ സുപ്രീം കോടതി വിമർശിച്ചു. ഭരണഘടനയുടെ അനുഛേദം 131 അനുവദിക്കുന്ന അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി.കടമെടുപ്പ് പരിധി സംബന്ധിച്ച ഹ‌ർജിയിൽ ഇന്ന് കേരളത്തിന്റെ വാദം കേൾക്കുന്നതിനിടെ ‌സുപ്രീം കോടതി ഒരു മറുചോദ്യം ഉന്നയിച്ചിരുന്നു. സംസ്ഥാനത്ത് അടിയന്തര സാമ്പത്തിക സാഹചര്യമുണ്ടെന്ന് വാദിക്കുമ്പോൾ തന്നെ കേന്ദ്ര സർക്കാർ വാഗ്ദാനം തുക അംഗീകരിക്കാതിരിക്കുന്നത് എന്തിനാണെന്നു കോടതി ചോദിച്ചു. അതിനാൽ, കേന്ദ്രം വാഗ്ദാനം ചെയ്യുന്ന പണം സ്വീകരിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇക്കാര്യം കേരളം അംഗീകരിക്കുകയായിരുന്നു.

Find out more: