വാരണാസിയിൽ മോദിക്ക് 10 ലക്ഷം വോട്ടുകൾ നേടാനുറച്ച് ബിജെപി! എല്ലാ രാഷ്ട്രീയ പാർട്ടികളും കളത്തലിറങ്ങി. ഇതിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രിയും മൂന്നാം വട്ടവും കേന്ദ്രത്തിൽ അധികാരത്തിലേറാൻ ശ്രമിക്കുന്ന ബിജെപിയുടെ താരപ്രചാരകനുമായ നരേന്ദ്ര മോദിയാണ്. പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിക്കഴിഞ്ഞു. ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്തെ 543 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള പൊതു തെര‍ഞ്ഞെടുപ്പ് അരങ്ങേറുക. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്ക് ലഭിച്ചത് 6,74,664 വോട്ടുകളായിരുന്നു. ആകെ പോൾ ചെയ്ത വോട്ടിന്റെ 63.62 ശതമാനമാണിത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ വോട്ടു വിഹിതത്തിൽ 7.25 ശതമാനം വർധനയും രേഖപ്പെടുത്തി.





പ്രധാന എതിർ സ്ഥാനാർഥിയായിരുന്ന സമാജ്‍വാദി പാർട്ടിയുടെ ശാലിനി യാദവിനെ 4,79,505 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മോദി വിജയ തീരമണിഞ്ഞത്.നേരിട്ടുള്ള പ്രചാരണത്തിനായി പ്രധാനമന്ത്രി മോദി വാരണാസിയിൽ എത്തുന്നത് വിരളമാണെങ്കിലും ബിജെപിയുടെ ശക്തമായ സംഘടനാ സംവിധാനത്തിലൂടെയും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിലൂടെയും പത്ത് ലക്ഷം വോട്ടുകളെന്ന മാന്ത്രിക സംഖ്യ മറികടക്കാനാകും എന്നാണ് ബിജെപി നേതൃത്വം കണക്കുകൂട്ടുന്നത്. ഇത്തവണ മോദിക്ക് ഏറ്റവും കൂടുതൽ വോട്ടുകൾ നേടാനുള്ള ശ്രമത്തിലാണ് പാർട്ടി അണികളെന്ന് ബിജെപിയുടെ വാരണാസി സിറ്റി അധ്യക്ഷൻ വിദ്യാസാഗർ റായ് വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ റെക്കോഡ് ഭൂരിപക്ഷം നേടാനുള്ള ശ്രമത്തിലാണ് ബിജെപി പ്രവർത്തകർ. ഇതിന്റെ ഭാഗമായി മോദിക്ക് പത്ത് ലക്ഷത്തിലധികം വോട്ടുകൾ നേടാനുള്ള അക്ഷീണ പരിശ്രമത്തിലാണ് പാർട്ടി അണികൾ.





"അബ് കി ബാർ ദസ് ലാഖ് പാർ" (ഇത്തവണ പത്ത് ലക്ഷം മറികടക്കും) എന്ന മുദ്യാവാക്യം ഉയർത്തിയാണ് ബിജെപി പ്രവർത്തകർ മോദിയുടെ പ്ലക്കാർഡുമായി വാരണാസിയിൽ വോട്ട് ചോദിച്ചിറങ്ങിയിരിക്കുന്നത്.രാജ്യമെമ്പാടും പാർട്ടിയുടെ വിജയത്തിനായി ഓടിനടക്കുന്നതിനിടെ മോദിക്ക്, തന്റെ സ്വന്തം മണ്ഡലമായ വാരണാസിയിൽ പ്രചാരണത്തിനുവേണ്ടി ഗണ്യമായ സമയമൊന്നും നീക്കിവെക്കാൻ കഴിയാറില്ല. എന്നിരുന്നാലും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് വാരണാസി സന്ദർശിക്കുകയും റോഡ് ഷോയും നടത്തി മണ്ഡലത്തെ ഇളക്കിമറിച്ചിരുന്നു. അതേസമയം വാരണാസിയിലെ ബിജെപി പ്രവർത്തരാകട്ടെ ഇത്തവണത്തെ തെര‍ഞ്ഞെടുപ്പിൽ മറ്റൊരു ലക്ഷ്യവുമായാണ് മുന്നോട്ടുനീങ്ങുന്നത്.



2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ അരവിന്ദ് കേജ്രിവാളായിരുന്നു വാരണാസിയിൽ മോദിക്കെതിരേ മത്സരിച്ചത്. അത്തവണ 3,71,784 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മോദി വിജയിച്ചത്. പോൾ ചെയ്തതിലെ 56.37 ശതമാനം വോട്ടുകളും അദ്ദേഹത്തിന് ലഭിച്ചു. എന്തായാലും 2024ലെ തെരഞ്ഞെടുപ്പിൽ വാരണാസിയിൽ നിന്നും പത്ത് ലക്ഷം വോട്ടുകളും റെക്കോ‍ഡ് വിജയ മാർജിനും നേടാനുറച്ചാണ് ബിജെപി പ്രചാരണം നയിക്കുന്നത്.

Find out more: