കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ! ഒൻപത് ബോട്ടുകളും രണ്ട് റൂട്ടുകളുമായി കൊച്ചി വാട്ടർ മെട്രോ 2023 ഏപ്രിൽ 25നാണ് സർവീസ് ആരംഭിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 19,72,247 പേരാണ് കൊച്ചി വാട്ടർ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തിയത്.സംസ്ഥാന ജലഗതാഗത രംഗത്ത് വിപ്ളവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒരു വയസ്സ് തികയുന്നു. 20 മുതൽ 40 രൂപയാണ് ടിക്കറ്റ് നിരക്കെന്നിരിക്കെ വിവിധ യാത്രാപാസ്സുകൾ ഉപയോഗിച്ച് 10 രൂപ നിരക്കിൽ വരെ കൊച്ചി വാട്ടർ മെട്രോയിൽ സ്ഥിരം യാത്രികർക്ക് സഞ്ചരിക്കാം. സൗത്ത് ചിറ്റൂരിൽ നിന്ന് ബസിൽ ഹൈക്കോർട്ടിലേക്കെത്താൻ 18 രൂപ വേണമെന്നിരിക്കെ കൊച്ചി വാട്ടർ മെട്രോയുടെ യാത്രാ പാസ് ഉപയോഗിച്ച് വെറും 10 രൂപയ്ക്ക് പൊതുജനങ്ങൾക്ക് ഇതേ ദൂരം യാത്ര ചെയ്യാം.
പുതിയ റൂട്ടുകൾ ആരംഭിച്ചപ്പോഴും ബോട്ടുകളുടെ എണ്ണത്തിലെ പരിമിതികൾ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ പ്രധാന വെല്ലുവിളിയാണ്. വിനോദസഞ്ചാരികളുടെ പറുദീസയായ ഫോർട്ട് കൊച്ചിയിലേക്കും കൊച്ചി വാട്ടർ മെട്രോയെത്തിക്കഴിഞ്ഞു. ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തികളുമായി മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. മുരളി തുമ്മാരുകുടി, ചലച്ചിത്ര താരം മിയ, എംകെ സാനു തുടങ്ങിയ പ്രമുഖർ കൊച്ചി വാട്ടർ മെട്രോയുടെ സേവനങ്ങൾ അനുഭവിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്തു. കുമ്പളം, പാലിയംതുരുത്ത്, വില്ലംഗ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമ്മാണവും അതിവേഗം പുരോഗമിക്കുകയാണ്.
സെപ്തംബർ- ഒക്ടോബർ മാസങ്ങളിൽ ഈ റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിന് മുന്നോടിയായി സെപ്തംബറോടെ 5 ബോട്ടുകൾ കൂടി നൽകാമെന്ന് കൊച്ചിൻ ഷിപ്പ് യാർഡ് അറിയിച്ചിട്ടുണ്ട്. വാട്ടർ മെട്രോ ഒന്നാം പിറന്നാളിനോടനുബന്ധിച്ച് യാത്രക്കാർക്കായി വാട്ടർ മെട്രോ ടെർമിനലുകളിൽ സംഗീത പരിപാടികൾ വിവിധ ദിവസങ്ങളിൽ ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ആഘോഷങ്ങൾ ഒഴിവാക്കി. പെരുമാറ്റച്ചട്ടം അവസാനിച്ചുകഴിഞ്ഞ് ഔദ്യോഗിക ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.സുസ്ഥിര ജലഗതാഗത രംഗത്ത് ലോകത്തിന് മാതൃകയാകാൻ കൊച്ചി വാട്ടർ മെട്രോയ്ക്ക് സാധിച്ചു.
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ വാട്ടർ മെട്രോയ്ക്ക് സമാനമായ പദ്ധതികൾ ആലോചനയിലാണെന്നത് ഇതിന് തെളിവാണെന്ന് മെട്രോ കോർപ്പറേഷൻ പറഞ്ഞു. സമാനതകളില്ലാത്ത, പുതിയ ആശയമായതിനാൽ തന്നെ ആദ്യ വർഷം കൊച്ചി വാട്ടർ മെട്രോയെ അടുത്തറിയാൻ കൊച്ചിയിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം സ്ഥിരം യാത്രകരുടെ എണ്ണത്തേക്കാൾ കൂടുതലാണ്. എന്നാൽ വാട്ടർ മെട്രോയെ ദൈനംദിന യാത്രകൾക്കായി ഒപ്പം കൂട്ടുവാൻ ദ്വീപ് നിവാസികളെ പ്രേരിപ്പിക്കുന്നതിനാണ് കൊച്ചി വാട്ടർ മെട്രോ ഊന്നൽ നൽകുക.
Find out more: