പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് ബാലകൃഷ്ണൻ; നാല് നേതാക്കളെ കോൺഗ്രസ് പുറത്താക്കി! കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഉൾപ്പെടെ നാലു നേതാക്കളെയാണ് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയത്. ബാലകൃഷ്ണൻ പെരിയയ്ക്ക് പുറമേ ഉദുമ മുൻ ബ്ലോക്ക് പ്രസിഡൻ്റ് രാജൻ പെരിയ, പുല്ലൂർ - പെരിയ മണ്ഡലം പ്രസിഡൻ്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണൻ പെരിയ എന്നിവരെയാണ് കോൺഗ്രസിൽനിന്ന് പുറത്താക്കിയത്. പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകൻ്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കളെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പാർട്ടിയിൽനിന്ന് പുറത്താക്കി. അതേസമയം നടപടിയിൽ പ്രതികരിച്ച് ബാലകൃഷ്ണൻ പെരിയ രംഗത്തെത്തി. പ്രശ്നം പരിഹരിക്കേണ്ട രാജ്മോഹൻ ഉണ്ണിത്താൻ ഫേസ്ബുക്കിൽ പോസ്റ്റിട്ട് അത് വഷളാക്കിയെന്ന് ബാലകൃഷ്ണൻ പെരിയ പറഞ്ഞു.





 എത്ര ഉന്നതനായാലും രക്തസാക്ഷികളുമായി ബന്ധപ്പെട്ട കേസിൽ എല്ലാവരെയും പുറത്താക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടു. അതിനെ തുടർന്ന് താനൊരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ആ പോസ്റ്റ് താൻ അബോധാവസ്ഥയിൽ പിൻവലിച്ചുവെന്ന ഗുരുതരവും വ്യക്തിഹത്യ നടത്തുന്നതുമായ ആരോപണം ഉണ്ണിത്താൻ ഉന്നയിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തന്നെ നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് പോസ്റ്റ് പിൻവലിച്ചത്. പരസ്യപ്രസ്താവന പാടില്ലെന്ന് കെപിസിസി തന്നോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് തങ്ങൾ മൗനം പാലിച്ചപ്പോൾ ഉണ്ണിത്താൻ തുടർച്ചയായി യോഗങ്ങളിലും മാധ്യമങ്ങൾ വഴിയും അധിക്ഷേപിച്ചുവെന്ന് ബാലകൃഷ്ണൻ പെരിയ ആരോപിച്ചു. പെരിയ ഇരട്ടക്കൊലക്കേസിലെ 13-ാം പ്രതിയും സിപിഎം നേതാവുമായ എൻ ബാലകൃഷ്ണൻ്റെ മകൻ്റെ വിവാഹച്ചടങ്ങിലാണ് കോൺഗ്രസ് നേതാക്കൾ പങ്കെടുത്തത്.





ചടങ്ങിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ പുല്ലൂർ - പെരിയ മണ്ഡലം പ്രസിഡൻ്റ് പ്രമോദ് പെരിയയെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇതോടെ താൻ മാത്രമല്ല, കോൺഗ്രസ് നേതാക്കളായ പലരും ചടങ്ങിലുണ്ടായിരുന്നുവെന്ന് പ്രമോദ് വെളിപ്പെടുത്തി. വിഷയമേറ്റെടുത്ത രാജ്മോഹൻ ഉണ്ണിത്താൻ എംപി, വിവാഹസത്ക്കാരത്തിൽ പങ്കെടുത്തത് ഏത് ഉന്നതനായാലും കോൺഗ്രസിൽ ഉണ്ടാകില്ലെന്ന് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിനെതിരെ ബാലകൃഷ്ണൻ പെരിയയും രംഗത്തെത്തിയിരുന്നു.




കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി പിഎം നിയാസ് എന്നിവരുൾപ്പെട്ട കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കെപിസിസി അധ്യക്ഷൻ നേതാക്കൾക്കെതിരെ നടപടിയെടുത്തത്. കഴിഞ്ഞ മാസം 29, 30 തീയതികളിലായി കമ്മീഷൻ അംഗങ്ങൾ കാസർകോട് എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനു ശേഷമാണ് കെപിസിസിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. പാർട്ടിയുടെ മുഖം രക്ഷിക്കാനായി വിവാഹച്ചടങ്ങിൽ പങ്കെടുത്തവർക്കെതിരെ നടപടി വേണമെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞത്.

Find out more: