വയനാട്ടിൽ നിന്നുള്ള സിപിഎമ്മിൻ്റെ ആദ്യ മന്ത്രിയായി ഒആർ കേളു! വൈകുന്നേരം നാല് മണിക്ക് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയായി മാനന്തവാടി എംഎൽഎ ഒആർ കേളു സത്യപ്രതിജ്ഞ ചെയ്തു.തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ നിന്നാണ് കേളു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് തുടക്കം കുറിക്കുന്നത്. 10 വർഷം തിരുനെല്ലി ഗ്രാമപഞ്ചായത്തിൻ്റെ പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചു. രണ്ട് വർഷക്കാലം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു. 2016ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. മാനന്തവാടിയിൽനിന്ന് മത്സരിച്ച കേളു, സിറ്റിങ് എംഎൽഎയായ കോൺഗ്രസിന്റെ പികെ ജയലക്ഷ്മിയെ 1,307 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തുകയായിരുന്നു.





 2021ൽ ഭൂരിപക്ഷം 9,282 വോട്ടുകളായി ഉയർത്താനും കേളുവിനായി. വയനാട്ടിൽ നിന്നുള്ള സിപിഎമ്മിൻ്റെ ആദ്യ മന്ത്രിയാണ് ഒആ‍ർ കേളു. കൂടാതെ, ആദിവാസി വിഭാഗത്തിൽ നിന്നുള്ള സിപിഎമ്മിൻ്റെ ആദ്യ മന്ത്രിയും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ കേളു, പാ‍ർട്ടിയുടെ പോഷക സംഘടനയായ ആദിവാസി ക്ഷേമസമിതിയുടെ നേതാവ് കൂടിയാണ്. വയനാട്ടിലെ ആദിവാസി വിഭാഗങ്ങളിൽ ഒന്നായ കുറിച്യ വിഭാഗത്തിൽപെട്ട ആളാണ് അദ്ദേഹം. 1970 ഓഗസ്റ്റ് രണ്ടിന് രാമൻ - അമ്മു ദമ്പതികളുടെ മകനായാണ് ജനനം. എസ്എസ്എൽസി പാതിവഴിയിൽ ഉപേക്ഷിച്ച് കാ‍ർഷികവൃത്തിയിലേക്ക് കേളു തിരിയുകയായിരുന്നു. ശാന്ത പികെ ആണ് ഭാര്യ. രണ്ട് പെൺമക്കളുണ്ട്.





പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ രാധാകൃഷ്ണൻ ആലത്തൂ‍ർ ലോക്സഭാ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസ്ഥാനം ഒഴിഞ്ഞ ഒഴിവിലേക്കാണ് ഒആ‍ർ കേളുവിന് നിയോഗം ലഭിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മന്ത്രിസ്ഥാനം രാജിവച്ച കെ രാധാകൃഷ്ണന് പകരമായിട്ടാണ് കേളു രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിലെത്തുന്നത്. കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്ത പട്ടികജാതി ക്ഷേമവകുപ്പ് കേളുവിന് ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. 




വിഎൻ വാസവൻ ദേവസ്വം വകുപ്പ് നൽകും. പാർലമെൻ്ററികാര്യവകുപ്പ് എംബി രാജേഷിനാകും നൽകുക. നിലവിൽ സഹകരണ, തുറമുഖ വകുപ്പുകളുടെ ചുമതലയാണ് വി എൻ വാസവനുള്ളത്. തദ്ദേശസ്വയംഭരണ - എക്സൈസ് എന്നിവയാണ് എം ബി രാജേഷിൻ്റെ നിലവിലെ വകുപ്പുകൾ. കേളുവിനെ മന്ത്രിസ്ഥാനത്തേക്ക് എത്തിക്കാനുള്ള സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ നിർദേശത്തിന് സംസ്ഥാന സമിതി അംഗീകാരം നൽകുകയായിരുന്നു.

Find out more: