24,000 കോടിയുടെ പ്രത്യേക പാക്കേജ്‌ അനുവദിക്കണമെന്ന് ധനമന്ത്രി! രാജ്യത്തിന്റെ വികസനത്തിൽ നിർണായ പങ്ക്‌ വഹിക്കാൻ ഉതകുമെന്ന്‌ പ്രതീക്ഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെയും തുറമുഖ മേഖലയുടെയും വികസനത്തിന്‌ സംസ്ഥാനത്തിന്റെ ഭാഗമായി വലിയ തുക മുടക്കേണ്ടതുണ്ട്‌. അതിനാൽ കേന്ദ്ര ബജറ്റിൽ 5000 കോടി രൂപയുടെ ‘വിസൽ പാക്കേജ്‌’ പ്രഖ്യാപിക്കണം. മുലധന നിക്ഷേപ മേഖലയിൽ കേരളം ഗണ്യമായ മുന്നേറ്റമാണ്‌ നടത്തുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. വർധിച്ചുവരുന്ന റെയിൽ ഗതാഗത ആവശ്യങ്ങൾ കുറ്റമറ്റ നിലയിൽ നിറവേറ്റാൻ നിലവിലെ റെയിൽ സംവിധാനങ്ങൾക്ക്‌ കഴിയുന്നില്ലെന്നത്‌ അർദ്ധ അതിവേഗ പാതയുടെ നിർമ്മാണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നുവെന്നതും പരിഗണിക്കണം.




നിലിവിലുള്ള റെയിൽ സംവിധാനങ്ങളുടെ മെച്ചപ്പെടുത്തലിനായുള്ള പദ്ധതികളും വേണം. കൂടുതൽ എകസ്‌പ്രസ്‌, പാസഞ്ചർ ട്രയിനുകൾ അനുവദിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.സംസ്ഥാനം മുന്നോട്ടുവച്ചിട്ടുള്ള സെമി ഹൈസ്‌പീഡ്‌ റെയിൽ പദ്ധതിക്ക്‌ (സിൽവർലൈൻ) എത്രയും പെട്ടെന്ന്‌ എല്ലാ അനുമതികളും ലഭ്യമാക്കണം.പത്താം ധനകാര്യ കമീഷൻ ശുപാർശ ചെയ്‌ത 3.875 ശതമാനം കേന്ദ്ര നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമീഷൻ 1.92 ശതമാനമായി വെട്ടിച്ചുരുക്കിയതിലൂടെ സംസ്ഥാനത്തിന്റെ വരുമാനത്തിൽ വലിയ കുറവുണ്ടായി. ജിഎസ്‌ടി നഷ്ടപരിഹാരം വെട്ടിക്കുറച്ചതും, റവന്യു കമ്മി ഗ്രാന്റ്‌ അവസാനിക്കുന്നതും കടം എടുക്കുന്നത്‌ വലിയതോതിൽ വെട്ടിക്കുറച്ചതും സംസ്ഥാനത്തിന്‌ വലിയ സാമ്പത്തിക പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. പ്രത്യേക പാക്കേജ്‌ തീരുമാനത്തിനായി ഇവയെല്ലാം പരിഗണിക്കണം.





കൊവിഡ്‌ ആഘാതത്തിൽനിന്ന്‌ കരകയറാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക്‌ കേന്ദ്ര സർക്കാരിന്റെ പല നയങ്ങളും നടപടികളും തടസ്സമാകുന്നു. കേരളത്തിന്‌ നിയമപ്രകാരം അർഹതപ്പെട്ട പരിധയിലുള്ള വായ്‌പ പോലും എടുക്കാൻ അനുവാദം ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്ന്‌ ധനമന്ത്രി വ്യക്തമാക്കി. പബ്ലിക്‌ അക്കൗണ്ടിലെ തുകയും, സർക്കാർ സ്ഥാപനങ്ങൾ എടുക്കുന്ന വായ്‌പയും സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ പരിധിയിൽപ്പെടുത്തി, വായ്‌പാനുവാദത്തിൽ വെട്ടിക്കുറവ്‌ വരുത്തുന്നു. ഇതുമൂലം ഈവർഷവും അടുത്തവർഷവും 5710 കോടി രൂപ വീതമാണ്‌ വായ്‌പയിൽ കുറയുന്നത്‌. കിഫ്‌ബിയുടെയും പെൻഷൻ കമ്പനിയുടെയും മുൻകാല കടങ്ങളെ ഈവർഷത്തെയും അടുത്തവർഷത്തെയും വായ്‌പാനുവാദത്തിൽനിന്ന്‌ കുറയ്‌ക്കുകയെന്ന നിലപാടാണ്‌ കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളത്‌. 





എന്നാൽ, ദേശീയപാതാ വികസനത്തിന്‌ ആവശ്യമായ ഭൂമി ഏറ്റെടുക്കലിന്റെ ചെലവിന്റെ 25 ശതമാനമായ ഏതാണ്ട്‌ 6000 കോടി രൂപ നൽകേണ്ടിവന്ന ഏക സംസ്ഥാനവും കേരളമാണെന്നും ചൂണ്ടിക്കാട്ടി. ഇതിന്‌ തുല്യമായ തുക ഈവർഷം ഉപാധിരഹിതമായി കടം എടുക്കാൻ അനുവദിക്കണം. ഒപ്പം, ഈവർഷത്തെ കടമെടുപ്പ്‌ പരിധി ജിഎസ്‌ഡിപിയുടെ മൂന്നര ശതമാനമായി ഉയർത്തണം. ഉപാധിരഹിത കടമെടുപ്പ്‌ അനുവാദവും ഉറപ്പാക്കണം. കിഫ്‌ബി, പെൻഷൻ കമ്പനി എന്നിവ മുൻവർഷങ്ങളിൽ എടുത്ത വായ്‌പ ഈവർഷത്തെയും അടുത്തവർഷത്തെയും കടപരിധിയിൽ കുറയ്‌ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം. ജിഎസ്‌ടിയിലെ കേന്ദ്ര – സംസ്ഥാന നികുതി പങ്ക്‌ വയ്‌ക്കൽ അനുപാതം നിലവിലെ 60:40 എന്നത്‌ 50:50 ആയി പുനർനിർണയിക്കണം.

Find out more: