ബ്രേക്-അപ് നിയമം കോടതികളിൽ പരാതി പ്രളയമുണ്ടാകുമെന്ന് നിയമവിദഗ്ധർ; സെക്ഷൻ 69 പുരുഷന്മാർക്കുള്ള കെണിയോ?  വിവാഹമോ തൊഴിലോ മറ്റെന്തെങ്കിലുമോ വാഗ്ദാനം നൽകിയുള്ള ലൈംഗികബന്ധം ഉൾപ്പെട്ട ബന്ധങ്ങൾ വേർപിരിയുമ്പോൾ അത് പുരുഷ പങ്കാളിക്ക് 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി വ്യാഖ്യാനിക്കാം എന്നതാണ് ഈ വകുപ്പിന്റെ പ്രത്യേകത. ഈ നിയമം പുരുഷന്മാർക്കെതിരെ തെറ്റായ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു ആയുധമായി മാറുമെന്നു തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. രാജ്യത്തെ നിരവധി നിയമവിദഗ്ധർ ഈ നിയമത്തിനെതിരെ ശക്തമായി രംഗത്തുണ്ട്. പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായ സംഹിതയുടെ 69ാം വകുപ്പ് സംബന്ധിച്ചുള്ള ചർച്ചകൾ മുറുകുകയാണ്. ഒരു ബന്ധം ശരിയായി പ്രവർത്തിക്കുന്നില്ല എന്ന് തെളിയിക്കേണ്ടതും ഇത്തരം കേസുകളിൽ ആവശ്യമാണ്. ഇത് എങ്ങനെ സാധിക്കുമെന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്. അഡ്വ. മഹാലക്ഷ്മി പാവനി പറയുന്നത് പ്രകാരം ഭാരതീയ ന്യായ സംഹിതയിൽ ഇത്തരം കാര്യങ്ങൾ വിശദീകരിക്കുന്നതിന് ആവശ്യമായ ശരിയായ നിർവ്വചനങ്ങളില്ല.




കോളുകളുടെ റെക്കോർഡിങ്ങുകൾ ഉപയോഗിച്ച് തെളിയിക്കാമെന്നു വെച്ചാൽ ബന്ധം നല്ല നിലയിലുള്ളവർ പരസ്പരം കോൾ റെക്കോർഡിങ് ചെയ്യാൻ സാധ്യത നന്നേ കുറവാണ്. എല്ലാ മെസ്സേജുകളും അവരുടെ കൈയിൽ ഉണ്ടാകണമെന്നില്ല. ഒരു ഫോൺവിളി പോലും പുരുഷനെ പത്ത് വർഷം ജയിലിലടയ്ക്കാൻ പര്യാപ്തമാണ് സെക്ഷൻ 69ലെ വ്യവസ്ഥകൾ. തെറ്റ് ചെയ്തയാൾ അത് തെളിയിക്കപ്പെടുന്നതു വരെ കുറ്റവാളിയല്ല എന്നതാണ് രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാന മൂല്യങ്ങളിലൊന്ന്. ഈ മൂല്യം പാലിക്കാത്ത വ്യവസ്ഥയാണ് സെക്ഷൻ 69 എന്നും അഡ്വ. മഹാലക്ഷ്മി പാവനി ചൂണ്ടിക്കാട്ടുന്നു. കുറ്റാരോപിതൻ തെറ്റ് ചെയ്തെന്ന് ആദ്യമേ തീർപ്പ് കൽപ്പിക്കപ്പെടുന്നു എന്ന പ്രശ്നം ഈ നിയമവ്യവസ്ഥയ്ക്കുണ്ട്. പുതിയ നിയമസംഹിതയിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലെന്നും പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ അടച്ച് കോർക്ക് മാത്രം മാറ്റി അവതരിപ്പിച്ചിരിക്കുകയാണെന്നും ഗോവയിലെ വിഎം സാൽഗാവോകർ കോളേജ് ഓഫ് ലോയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. സന്ധ്യാ റാം അഭിപ്രായപ്പെടുന്നു. ചില മാറ്റങ്ങൾ മാത്രമാണ് നിയമസംഹിതയിലുള്ളത്. അവയിലൊന്നാണ് സെക്ഷൻ 69. തികച്ചും പിന്തിരിപ്പനായ ഒരു നിയമമാണിതെന്ന് ഡോ. സന്ധ്യാറാം പറയുന്നു.





ചാരിത്ര്യത്തെ സദാചാരമൂല്യമായി ഈ നിയമവ്യവസ്ഥ അംഗീകരിക്കുകയാണ്. സ്ത്രീവിരുദ്ധമായ സംരക്ഷണമനോഭാവമാണ് ഈ നിയമത്തിനു പിന്നിലുള്ളത്. വിവാഹത്തിൽ എത്തിച്ചേർന്നില്ലെങ്കിൽ അതുവരെ പരസ്പര സമ്മതത്തോടെ നടന്ന ലൈംഗിക ബന്ധങ്ങളെല്ലാം ബലാൽസംഗമായി മാറുന്നു. വിവാഹവാഗ്ദാനമാണ് ഒരു സ്ത്രീക്ക് ലൈംഗികമായി ബന്ധപ്പെടാനുള്ള ഒരേയൊരു പോംവഴി എന്നതിലേക്കാണ് നിയമം എത്തിച്ചേർന്നിരിക്കുന്നതെന്ന് സന്ധ്യാറാം ചൂണ്ടിക്കാട്ടി. സ്ത്രീകൾ വിവാഹ വാഗ്ദാനത്തിൽ വീണും, തൊഴിൽ വാഗ്ദാനത്തിൽ ആകൃഷ്ടയായും, പ്രമോഷനിൽ മോഹിതയായും കിടക്കയിലെത്തുന്നവരാണ് സ്ത്രീകൾ എന്ന മനോഭാവവും നിയമനിർമ്മാണം നടത്തിയവരിലുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ഈ നിയമവ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടാൻ വലിയ സാധ്യതയാണുള്ളതെന്ന് പ്രമുഖ അഭിഭാഷകനും രാജ്യസഭാ എംപിയുമായ വിവേക് തംഘ പറയുന്നു. ഈ നിയമത്തിന്റെ ദുരുപയോഗ സാധ്യത മുന്നിൽക്കണ്ട് കോടതികളിൽ ഇത്തരം കേസുകളുടെ പ്രളയം തന്നെ നടക്കാൻ പോകുകയാണ്.




ഓരോ ബ്രേക്കപ്പിനും സ്ത്രീ പങ്കാളി കേസിനു പോകും എന്ന സ്ഥിതിയാണ് വരാൻ പോകുന്നത്. ലോകത്തൊരു രാജ്യത്തും ഇത്തരമൊരു വ്യവസ്ഥ നിയമസംവിധാനങ്ങളിൽ നിലനിൽക്കുന്നതായി തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ അനുഭവത്തിൽ ഇത്തരം നിയമങ്ങൾ വ്യക്തിവൈരാഗ്യം തീർക്കാൻ ദുരുപയോഗം ചെയ്യപ്പെടുമെന്നതാണ്.ഈ നിയമം കോടതികളിൽ കേസുകളുടെ ബാഹുല്യം വർദ്ധിപ്പിക്കാനും കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. "പാലിക്കാൻ ഉദ്ദേശ്യമില്ലാതെ ഒരു സ്ത്രീക്ക് വഞ്ചനാപരമായ വിവാഹവാഗ്ദാനം ചെയ്യുകയും അവളുമായി ബലാൽസംഗത്തോളം വരാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നയാൾക്ക് പത്ത് വർഷം വരെ നീളാവുന്ന തടവുശിക്ഷയും പിഴയും ലഭിക്കു"മെന്ന് വകുപ്പ് 69 പറയുന്നു. വഞ്ചനാപരമായത് എന്ന വാക്കിന് ഈ വകുപ്പിൽ കുറെക്കൂടി വിശാലമായ അർത്ഥമുണ്ട്. ജോലി നൽകുമെന്ന് വാഗ്ദാനം ചെയ്തോ, പ്രമോഷൻ നൽകുമെന്ന് മോഹിപ്പിച്ചോ ഒക്കെ സ്ത്രീയെ ദുരുപയോഗം ചെയ്യുന്നവരെല്ലാം ഈ വകുപ്പിൽ കുടുങ്ങും.


Find out more: