ഇത്തരമൊരു ബജറ്റ് ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ധനമന്ത്രി!  കേരളത്തിന്റെ ന്യായമായ ഒരാവശ്യം പോലും ബജറ്റിൽ പരിഗണിച്ചിട്ടില്ല. ഇത് തികച്ചും പ്രതിഷേധാർഹമായ സമീപനമാണ്. രാജ്യത്തിന്റെ ഭാവിയും വികസനവും ജനപുരോഗതിയും ലക്ഷ്യമിടേണ്ട ബജറ്റ് മോദി സർക്കാരിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി മാത്രമുള്ള രാഷ്ട്രീയ ഗിമ്മിക്കാക്കി മാറ്റുകയായിരുന്നുവെന്ന് ധനമന്ത്രി പറഞ്ഞു.  മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അങ്ങേയറ്റം നിരാശാജനകവും കേരളവിരുദ്ധവുമാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കോ-ഓപ്പറേറ്റീവ് ഫെഡറിലസം എന്നോ ഫെഡറലിസം എന്നോ അവകാശപ്പെടാനുള്ള ഒരു വകയുമില്ലാത്തതാണ് ബജറ്റിനകത്തെ സമീപനം. രാജ്യത്താകെയുള്ള വിഭവങ്ങളാണ് കേന്ദ്രസർക്കാർ വിനിയോഗിക്കുന്നത്. എന്നാൽ ഈ രാജ്യത്തുള്ള സംസ്ഥാനങ്ങളെയൊന്നും പരിഗണിക്കാൻ തയ്യാറാകുന്നുമില്ല. പകരം സ്വന്തം മുന്നണിയുടെ താൽപര്യം സംരക്ഷിക്കാനായി ചില സംസ്ഥാനങ്ങളുടെ മാത്രം താൽപര്യങ്ങൾ സംരക്ഷിക്കുന്ന പദ്ധതികൾ നടപ്പിലാക്കാൻ രാജ്യത്തിന്റെയാകെ വിഭവങ്ങളെ ഉപയോഗിക്കുകയാണ്. ഇത്തരത്തിലൊരു ബജറ്റ് സമീപനം രാജ്യത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര ബജറ്റിൽ രാജ്യത്തിന്റെ പൊതുവായതും, സംസ്ഥാനങ്ങളെയാകെ സംരക്ഷിക്കുന്നതുമായ പദ്ധതികളാണ് ഉണ്ടാകേണ്ടത്. എന്നാൽ ഇത്തവണ ബജറ്റിൽ രാജ്യത്തിന്റെ ബഹു ഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുകയാണ്. എൻഡിഎ സഖ്യത്തിന്റെ ജീവൻരക്ഷാ ബജറ്റെന്നുവേണം കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബജറ്റിനെ വിളിക്കേണ്ടതെന്ന് ധനമന്ത്രി വ്യക്തമാക്കി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും വലിയ വെട്ടിക്കുറവുണ്ടായി. പിഎം തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ പദ്ധതിയിൽ 2022 -23 ൽ 2733 കോടി രൂപ വകയിരുത്തിയിരുന്നുവെങ്കിൽ ഇപ്പോഴത് 2300 കോടിയായി കുറച്ചു. ബജറ്റിൽ പുതിയ തൊഴിലവസരങ്ങളുടെ സൃഷ്ടിയാണ് എടുത്തുപറയുന്നതെങ്കിലും ഇതിനായുള്ള വിവിധ പദ്ധതികളിലെല്ലാം തന്നെ വൻതോതിൽ തുക വെട്ടിക്കുറവ് വരുത്തുകയാണ് ചെയ്തിട്ടുള്ളത്. എല്ലാ മേഖലകളിലും ഇത്തരത്തിലുള്ള വെട്ടിക്കുറവുകൾ പ്രകടമാണ്. പത്ത് ലക്ഷത്തിലധികം ഒഴിവുകളാണ് കേന്ദ്ര സർക്കാർ സർവ്വീസിൽ നികത്താതെ ഇട്ടിരിക്കുന്നത്. കേന്ദ്രസർക്കാർ സർവ്വീസിലെ ശമ്പളപരിഷ്കരണം ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്ന നിലപാട് കഴിഞ്ഞ ദിവസം സർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. ജനവിരുദ്ധവും നിരാശാജനകവും രാജ്യത്തിന്റെ പുരോഗതിയ്ക്ക് സഹായകരമല്ലാത്തതുമായ പ്രഖ്യാപനങ്ങളാണ് ബജറ്റിലുടനീളമുള്ളത്.




അത് കേരളത്തെ വലിയ തോതിലാണ് ബാധിക്കുക. പ്രീ-ബജറ്റ് ചർച്ചയിൽ സംസ്ഥാനം 24,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വെറുതെ ഒരു തുക ആവശ്യപ്പെടുകയായിരുന്നില്ല. ധന ഉത്തരവാദിത്ത നിയമ പ്രകാരം സംസ്ഥാനത്തിന് അർഹതപ്പെട്ടതും എന്നാൽ കേന്ദ്രസർക്കാർ എടുക്കാൻ അനുവദിക്കാതിരുന്നതുമായ തുകകളാണ് പ്രത്യേക സാമ്പത്തിക പാക്കേജായി കേരളം ആവശ്യപ്പെട്ടത്. ഒപ്പം ബിഹാറും ആന്ധ്രയും പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ സംസ്ഥാനങ്ങൾ അവരുടെ വികസന ആവശ്യങ്ങളുടെ പേരിലാണ് അധിക സാമ്പത്തിക സഹായം തേടിയത്. കേരളമാകട്ടെ തങ്ങൾക്ക് അർഹതപ്പെട്ട വായ്പ എടുക്കുന്നത് നിഷേധിക്കപ്പെട്ടതുമൂലം വന്ന നഷ്ടം നികത്തുന്നതിനുള്ള സഹായമാണ് ആവശ്യപ്പെട്ടത്. അത് ചെവിക്കൊള്ളാൻ പോലും കേന്ദ്ര സർക്കാർ തയ്യാറായില്ല.





രാജ്യത്തിന് നിർണ്ണായകമായ വികസന പദ്ധതികളിലൊന്നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. ഇതിന്റെ തുടർവികസന പ്രവർത്തനങ്ങൾക്കായി 5000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യത്തിൽ ഒരു രൂപ പോലും നീക്കിവെക്കാൻ തയ്യാറായില്ല. ആവശ്യത്തിന് സ്ഥലമടക്കം നീക്കിവെച്ചുകൊണ്ട് കേരളം കാലാകാലമായി ആവശ്യപ്പെടുന്ന എയിംസ് എന്ന സ്വപ്ന പദ്ധതി ഇത്തവണയും പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. ഫെഡറലിസത്തെക്കുറിച്ച് പറയാൻ കേന്ദ്ര സർക്കാരിന് ഒരർഹതയും ഇല്ലെന്ന് തെളിയിക്കുന്നതാണ് പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റ്. തൊഴിലവസരങ്ങളെക്കുറിച്ചാണ് കേന്ദ്ര ധനമന്ത്രി വാചാലനാവുന്നത്.




എന്നാൽ ബജറ്റ് വകയിരുത്തലിന്റെ കണക്കുകൾ നോക്കുമ്പോൾ കഴിഞ്ഞ വർഷത്തെ ബജറ്റിനെ അപേക്ഷിക്ക് ഇത്തവണ കാര്യമായ വർദ്ധനവൊന്നും വകയിരുത്തിയിട്ടില്ലെന്നാണ് മനസ്സിലാക്കാനാവുന്നത്. ദാരിദ്ര്യസൂചികയിൽ 125 രാജ്യങ്ങളിൽ 111-ാം സ്ഥാനത്താണ് ഇന്ത്യ എന്നാൽ ഭക്ഷ്യസബ്സിഡിയ്ക്കായി 2022-23 ൽ 2,70,000 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ഈ വർഷം അത് 2,05,000 കോടിയായി വെട്ടിക്കുറച്ചു. വളം സബ്സിഡിയ്ക്കായി 2,51,000 കോടി രൂപ 2022-23 ൽ നീക്കിവെച്ചിരുന്നു. ഇപ്പോഴത് 1,64,000 കോടിയായി വെട്ടിച്ചുരുക്കി. ആരോഗ്യമേഖലയിലെ വിവിധ പദ്ധതികൾക്കും വൻതോതിൽ വിഹിതം വെട്ടിക്കുറച്ചിരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു.

Find out more: