ദുരന്തത്തിനിരയായ മനുഷ്യരെ കേന്ദ്രമന്ത്രി അപമാനിക്കുന്നു; മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ! കേന്ദ്രമന്ത്രി ഉന്നയിക്കുന്നത് ദുരാരോപണങ്ങളാണെന്നും ദുരന്തത്തിനിരയായ മനുഷ്യരെ മന്ത്രി അപമാനിക്കുകയാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  അനധികൃത ഖനനവും അനധികൃത മനുഷ്യവാസവുമാണ് വയനാട് ദുരന്തത്തിന് കാരണമെന്ന കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിൻ്റെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാദേശിക ഭരണസംവിധാനത്തിൻറെ ഒത്താശയോടെ നടക്കുന്ന അനധികൃത മനുഷ്യവാസവും ഭൂമി കയ്യേറ്റവും അനധികൃത ഖനനവും ഒക്കെയാണ് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൻറെ കാരണമെന്ന് അദ്ദേഹം പറയുകയുണ്ടായി.




 ഇത്തരം ഒരു ദുരാരോപണങ്ങളിലൂടെ ദുരന്തത്തിനിരയായ മനുഷ്യരെ മന്ത്രി അപമാനിക്കുകയാണ്. ആരാണിവിടുത്തെ അനധികൃത കുടിയേറ്റക്കാർ? ഈ ദുരന്തത്തിൽ മണ്ണടിഞ്ഞ എസ്റ്റേറ്റിലെ തൊഴിലാളികളോ? അതോ, തങ്ങളുടെ ചെറിയ തുണ്ടു ഭൂമിയിൽ ജീവിച്ച സാധാരണ മനുഷ്യരോ? കേരളത്തിലെ മലയോര മേഖലയെക്കുറിച്ച് ചെറിയ ധാരണയെങ്കിലും ഉള്ളവർക്ക് അവിടെ ജീവിക്കുന്ന മനുഷ്യരെ അനധികൃത കുടിയേറ്റക്കാരായി മുദ്ര കുത്താൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഴത്തിലുള്ള ചിന്തകൾക്കും കൂട്ടായ പരിശ്രമങ്ങൾക്കും മുൻപുള്ള ഘട്ടമാണിത്. ഈ സന്ദർഭത്തെ സങ്കുചിത താത്പര്യങ്ങൾക്കു വേണ്ടി ചിലരെങ്കിലും ഉപയോഗിക്കുന്നത് ദൗർഭാഗ്യകരമാണ്. അക്കൂട്ടത്തിൽ ജനങ്ങളെ യാഥാർഥ്യം ബോധ്യപ്പെടുത്താൻ ഉത്തരവാദിത്തമുള്ളവർ തന്നെ ഉൾപ്പെടുന്നത് അങ്ങേയറ്റം അപലപനീയമാണ്.





ബഹുമാനപ്പെട്ട കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവിൻറെ പ്രസ്താവന നിർഭാഗ്യവശാൽ അത്തരത്തിലുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.അനേകം മനുഷ്യരുടെ ജീവിതമെടുത്ത, അതിലുമേറേ പേരുടെ ജീവിതങ്ങളെ അസന്നിഗ്ധതയിലോട്ട് തള്ളിവിട്ട, ഒരു പ്രദേശത്തെ നാമാവശേഷമാക്കിയ പ്രകൃതി ദുരന്തമേൽപ്പിച്ച മാനസികാഘാതത്തിൽനിന്നു കേരളം ഇതുവരെ മോചിതരായിട്ടില്ല. ഇതുപോലൊരു ദുരന്തം ഇനിയും ആവർത്തിക്കാതിരിക്കാൻ കൂട്ടായ ആലോചനയിലൂടെ ശാസ്ത്രീയമായ സമീപനത്തിലൂടെ മെച്ചപ്പെട്ട സംവിധാനങ്ങൾ ഒരുക്കാൻ സാധിക്കണം. അതാണ് ഭൗമതാപനവും തത്ഫലമായുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനവും ഉൾപ്പെടെയുള്ള ആഗോള പ്രതിസന്ധികൾ രൂക്ഷമായിരിക്കുന്ന ഇക്കാലഘട്ടത്തിൻറെ ആവശ്യം.




 മനുഷ്യരാശിയുടെ ഏറ്റവും പ്രധാനപ്പെട്ട അതിജീവന പ്രശ്നമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. അനധികൃത ഖനനം നടന്നതിനാലാണ് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയതെന്നാണ് അദ്ദേഹത്തിൻറെ മറ്റൊരു വിചിത്രവാദം. എന്നാൽ, മുണ്ടക്കൈ ലാൻഡ്സ്ലൈഡ് ഏരിയയിൽനിന്ന് ഏറ്റവും അടുത്ത ക്വാറിയിലേക്കുള്ള ദൂരം 10.2 കിലോമീറ്റർ ആണ്. ഇതാണ് സത്യമെന്നിരിക്കെ എന്തിനാണ് കേന്ദ്രമന്ത്രി തെറ്റായ കാര്യങ്ങൾ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  ദുഷ്കരമായ സാഹചര്യങ്ങളോട് മല്ലിട്ട് അവർ പടുത്തുയർത്തിയ ജീവിതത്തിനും സംസ്കാരത്തിനും സുദീർഘമായ ചരിത്രമുണ്ട്. അതിനെക്കുറിച്ചൊന്നും ഒരു ധാരണയുമില്ലാതെ മലയോര ജനതയെ കുടിയേറ്റക്കാരെന്ന ഒരൊറ്റ അച്ചിൽ ഒതുക്കുന്ന പ്രചരണങ്ങൾക്ക് ഉത്തരവാദപ്പെട്ട കേന്ദ്രമന്ത്രി തയറാകുന്നത് ഏറ്റവും ചുരുങ്ങിയ രീതിയിൽ പറഞ്ഞാൽ ഔചിത്യമല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Find out more: