ഹേമ കമ്മിറ്റി; റിപ്പോർട്ടു പുറത്തു വിടാൻ വൈകിയ കാര്യം വ്യക്തമാക്കി മുഖ്യ മന്ത്രി പിണറായി വിജയൻ! റിപ്പോർട്ടിൽ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങൾ ഉള്ളതിനാൽ പുറത്തുവിടാൻ പാടില്ലെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഹേമ തന്നെ സർക്കാരിന് 2020 ഫെബ്രുവരി 19ന് കത്ത് നൽകിയിരുന്നു. അന്നത്തെ സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറിക്കാണ് ജസ്റ്റിസ് ഹേമ ഇത്തരത്തിൽ ഒരു കത്ത് നൽകിയത്. തങ്ങളുടെ കമ്മറ്റി മുൻപാകെ സിനിമാ മേഖലയിലെ ചില വനിതകൾ നടത്തിയത് തികച്ചും രഹസ്യാത്മകമായ വെളിപ്പെടുത്തലുകളാണ്.
അചതിനാൽ യാതൊരു കാരണവശാലും താൻ അടങ്ങുന്ന കമ്മറ്റി തയ്യാറാക്കിയ റിപ്പോർട്ട് പുറത്തുവിടാൻ പാടില്ലെന്ന് ജസ്റ്റിസ് ഹേമ കത്തിൽ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കമ്മിറ്റിയുടെ നിർദേശങ്ങളും പരിഹാര നടപടികളും പ്രത്യേക ഭാഗത്തായി നൽകിയിരുന്നില്ല.
സാക്ഷിമൊഴികളും പരിശോധനാ വിധേയമാക്കിയതിൻറെ ഭാഗമായിട്ടാണ് റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്നതിനാൽ വെളിപ്പെടുത്തേണ്ടവ ഏതെന്ന് വിഭജിച്ച് എടുത്ത് ചൂണ്ടിക്കാട്ടുക അസാധ്യമാണെന്നു നിരീക്ഷിക്കുക കൂടി ചെയ്തു കൊണ്ടാണ് റിപ്പോർട്ട് വെളിപ്പെടുത്താൻ നിർവാഹമില്ലെന്ന് വിവരാവകാശ കമ്മീഷൻ വ്യക്തമാക്കിയത്. 2020ൽ പുറപ്പെടുവിച്ച ആ ഉത്തരവിനെ ഓവർ റൂൾ ചെയ്താണ് വിവരാവകാശ കമ്മീഷൻ റിപ്പോർട്ട് പരസ്യപ്പെടുത്താൻ 2024 ജൂലൈ ഏഴിന് സർക്കാരിന് നിർദേശം നൽകിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന വിവരങ്ങൾ പങ്കിടാൻ കഴിയാത്ത സാഹചര്യത്തിൽ വിവരാവകാശ നിയമ പ്രകാരം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പകർപ്പ് ആവശ്യപ്പെട്ട് വന്ന അപേക്ഷകൾ സാസ്കാരിക വകുപ്പിൻറെ മുഖ്യവിവരാവകാശ ഓഫീസർ നിരസിച്ചു. അതിനെതിരെ റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഒരു മാധ്യമപ്രവർത്തകൻ 2020ൽ തന്നെ വിവരാവകാശ കമ്മീഷനെ സമീപ്പിച്ചിരുന്നു.
റിപ്പോർട്ടിൽ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങൾ ഉള്ളതിനാൽ വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് പുറത്തുവിടാൻ കഴിയില്ലെന്ന് 2020 ഒക്ടോബർ 22ന് കമ്മീഷൻ ചെയർമാൻ വിൻസൺ എം പോൾ ഉത്തരവിട്ടതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. "കംപ്യൂട്ടർ പരിജ്ഞാനമുള്ള ഒരു സ്റ്റെനോഗ്രാഫറുടെ സഹായം പോലും ഇല്ലാതെയാണ് ഹേമ കമ്മിറ്റി ഈ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. സാക്ഷികൾ കമ്മറ്റിക്ക് മുമ്പാകെ പറഞ്ഞ പല കാര്യങ്ങളും അതീവ രഹസ്യസ്വഭാവമുള്ളവയാണ്. ആ വിശദാംശങ്ങൾ കമ്മിറ്റിയുമായി പങ്കുവെച്ചത് സാക്ഷികൾ തങ്ങളിൽ അർപ്പിച്ച വിശ്വാസംകൊണ്ടാണെന്നും കമ്മിറ്റി വ്യക്തമാക്കുന്നു. ആ വിശ്വാസം കാത്തുസൂക്ഷിക്കാനാണ് പ്രൊഫഷണൽ ടൈപ്പിങ് അറിയാഞ്ഞിട്ടും കമ്മിറ്റി അംഗങ്ങൾ സ്വന്തമായി തന്നെ ടൈപ്പ് ചെയ്തതെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
വ്യക്തികൾ കമ്മിറ്റിക്ക് മുൻപാകെ വെളിപ്പെടുത്തിയ ഏതെങ്കിലും വിവരങ്ങൾ ചോർന്ന് വിവാദമാകുന്നത് തടയേണ്ടതിൻറെ അനിവാര്യത റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നർഥം". വിവരാവകാശ നിയമപ്രകാരം സ്വകാര്യതാ ലംഘനമുള്ള ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പരസ്യപ്പെടുത്താനായിരുന്നു കമ്മീഷൻ നിർദേശം. അവ ഏതെല്ലാം എന്ന് പരിശോധിച്ച് റിപ്പോർട്ട് പരസ്യപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്ന ഘട്ടത്തിലാണ് തടസ്സഹർജിയുമായി ഒരു നിർമാതാവ് ഹൈക്കോടതിയെ സമീപിക്കുന്നത്. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ ഹൈക്കോടതി ആദ്യം സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചു. പിന്നീട് ആ സ്റ്റേ വെക്കേറ്റ് ചെയ്യപ്പെട്ടു. ഇതോടെ വീണ്ടും റിപ്പോർട്ട് പുറത്ത് വിടാൻ തയ്യാറെടുക്കുന്നതിനിടെയാണ് മറ്റൊരു തടസ്സഹർജിയുമായി പ്രമുഖ നടി ഹൈക്കോടതിയെ സമീപിച്ചത്. അതിൻമേലുളള നിയമതടസ്സങ്ങൾ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. അതിന് പിന്നാലെ റിപ്പോർട്ട് പുറത്തുവന്നു.
സർക്കാരിന് ഇതിൽ ഒരൊറ്റ നയമേ ഉളളു. അത് ബന്ധപ്പെട്ട മന്ത്രിയടക്കമുളളവർ പലതവണ വ്യക്തമാക്കിയതാണ്. റിപ്പോർട്ട് പുറത്തുവരുന്നത് ഒരു തരത്തിലും സർക്കാരിന് എതിർപ്പുളള കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമയിൽ നിന്നുള്ള നിരവധി വ്യക്തികൾ കമ്മിറ്റിക്ക് മുൻപാകെ ഉന്നയിച്ച വിവിധ ആരോപണങ്ങളുടെ സെൻസിറ്റീവ് സ്വഭാവവും അവ പരസ്യമായാൽ അവർ അഭിമുഖീകരിക്കേണ്ടി വന്നേക്കാവുന്ന പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് സാക്ഷികളുടെ മൊഴികൾക്ക് പരിപൂർണമായും രഹസ്യാത്മകത ഉറപ്പുവരുത്താൻ കമ്മിറ്റി ശ്രമിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതൊക്കെ വസ്തുതയായിരിക്കെ, സർക്കാർ പൂഴ്ത്തിവെച്ചു എന്ന് പറയുന്നതിൽ എന്താണർഥമെന്നും മുഖ്യമന്ത്രി ചോദിച്ചു.
Find out more: