വിനേഷ് ഫോഗട്ടും ബജ്‍രംഗ് പുനിയയും ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർഥികൾ!  ഇരുവരും ബുധനാഴ്ച ഉച്ചകഴിഞ്ഞ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇതിന് മുന്നോടിയായി ഇരുവരും കോൺഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ ചിത്രം കോൺഗ്രസ് ഔദ്യോഗിക പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്. ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‍രംഗ് പുനിയയും ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചേക്കാനുള്ള സാധ്യതയേറുന്നു. ബിജെപി ഭരിക്കുന്ന ഹരിയാനയിൽ ഭരണം പിടിച്ചെടുക്കാൻ അരയും തലയും മുറുക്കിയുള്ള പ്രവർത്തനങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. കർഷക സംഘടനകളുടെ അടക്കം അകമഴിഞ്ഞ പിന്തുണയുള്ള വിനേഷ് ഫോഗട്ട് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചാൽ അനുകൂല തരംഗമുണ്ടാകുമെന്ന വിലയിരുത്തൽ പാർട്ടിക്കുണ്ട്. 





  കഴിഞ്ഞ ദിവസം ഹരിയാന - ഡൽഹി അതിർത്തിയായ ശംഭുവിൽ പ്രതിഷേധിക്കുന്ന കർഷകരുടെ ക്യാമ്പിലേക്ക് എത്തിയ വിനേഷ് ഫോഗട്ടിന് ഊഷ്മളമായ വരവേൽപ്പ് ലഭിച്ചിരുന്നു. ഹരിയാനയിലെ 90 മണ്ഡലങ്ങൾ ഒക്ടോബർ അഞ്ചിനാണ് പോളിങ് ബൂത്തിലെത്തുക. ഒക്ടോബർ എട്ടിനാണ് ഫലപ്രഖ്യാപനം. പാരീസ് ഒളിമ്പിക്സിൽ 50 കിലോ ഗുസ്തി ഫൈനൽ മത്സരത്തിന് മുന്നോടിയായി ശരീര ഭാരം കൂടിയതിൻ്റെ പേരിൽ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയിരുന്നു. വെള്ളി മെഡൽ നൽകണമെന്ന ആവശ്യവുമായി വിനേഷ് രാജ്യാന്തര കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. മത്സരത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിനേഷിന് വൻ വരവേൽപ്പാണ് ലഭിച്ചത്. 




 ജെജെപിയുടെ അമർജീത് ദണ്ഡ പ്രതിനിധീകരിക്കുന്ന ജുലാന സീറ്റിൽ വിനേഷ് ഫോഗട്ട് മത്സരിച്ചേക്കുമെന്ന് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്തു. ബജ്‍രംഗ് പുനിയയുടെ സീറ്റ് സംബന്ധിച്ചു വ്യക്തതയില്ല. കോൺഗ്രസിൻ്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി തിങ്കളാഴ്ച യോഗം ചേർന്ന് 34 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ അന്തിമ പട്ടിക തയ്യാറാക്കിയിരുന്നു. ബുധനാഴ്ച സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ഹരിയാനയുടെ ചുമതലയുള്ള ദീപക് ബാബറിയ അറിയിച്ചിട്ടുണ്ട്. വിനേഷ് ഫോഗട്ട്, ബജ്‍രംഗ് പുനിയ എന്നിവരുടെ സ്ഥാനാർഥിത്വം സംബന്ധിച്ചു നിലവിൽ ഉയരുന്ന അഭ്യൂഹങ്ങളിൽ പാർട്ടിയുടെ പ്രതികരണം ഇന്നുണ്ടാകുമെന്നും ബാബറിയ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹരിയാന - ഡൽഹി അതിർത്തിയായ ശംഭുവിൽ പ്രതിഷേധിക്കുന്ന കർഷകരുടെ ക്യാമ്പിലേക്ക് എത്തിയ വിനേഷ് ഫോഗട്ടിന് ഊഷ്മളമായ വരവേൽപ്പ് ലഭിച്ചിരുന്നു. ഹരിയാനയിലെ 90 മണ്ഡലങ്ങൾ ഒക്ടോബർ അഞ്ചിനാണ് പോളിങ് ബൂത്തിലെത്തുക. ഒക്ടോബർ എട്ടിനാണ് ഫലപ്രഖ്യാപനം.

Find out more: