വിദ്യാർഥികൾക്ക് 3,000, പെൻഷൻ കൂട്ടും; സൗജന്യ വൈദ്യുതി, വെള്ളം; ജമ്മു കശ്മീരിൽ ബിജെപിയുടെ വാഗ്ദാനങ്ങൾ! ബിജെപി അധികാത്തിലെത്തിയാൽ വയോജനങ്ങളായ വനിതകൾക്ക് പ്രതിവർഷം 18,000 രൂപ, സൗജന്യ ഗ്യാസ് സിലിണ്ടറുകൾ, കോളേജ് വിദ്യാർഥികൾക്ക് 3,000 രൂപ യാത്രാ ബത്ത, കിസാൻ സമ്മാൻ നിധി 4,000 രൂപയാക്കും, സ്പെഷ്യൽ എക്കണോമിക് സോൺ, അമ്യൂസ്മെൻ്റ് പാർക്ക് എന്നിങ്ങനെ നീളുന്നു പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ. ആർട്ടിക്കിൾ 370 ചരിത്രമായെന്നും ഇനി അത് തിരിച്ചുവരില്ലെന്നും അതിന് അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് പത്രിക പ്രകാശനം ചെയ്തത്.'മാ സമ്മാൻ യോജന' പ്രകാരം ഓരോ കുടുംബത്തിലെയും വയോജനങ്ങളായ വനിതകൾക്ക് പ്രതിവർഷം 18,000 രൂപ.
ഉജ്വല പദ്ധതി പ്രകാരം, പ്രതിവർഷം, രണ്ട് ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി നൽകും.
പ്രഗതി ശിക്ഷ യോജന പ്രകാരം, കോളേജ് വിദ്യാർഥികൾക്ക് പ്രതിവർഷം 3,000 രൂപ യാത്രാ ബത്തയായി നൽകും.
തീവ്രവാദം തുടച്ചുനീക്കും.
വിദൂരമേഖലയിലെ വിദ്യാർഥികൾക്ക് സൗജന്യമായി ടാബും ലാപ് ടോപ്പും നൽകും.
ശ്രീനഗറിൽ അമ്യൂസ്മെൻ്റ് പാർക്ക്.
ജമ്മു സിറ്റിയിൽ ഐടിക്കായി സ്പെഷ്യൽ എക്കണോമിക് സോൺ.
ഗുൽമാർഗ്, പഹൽഗാം ടൂറിസം കേന്ദ്രങ്ങളുടെ വികസനം.
ശ്രീനഗറിലെ ദാൽ തടാകത്തിലെ ജലഗതാഗതവും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കാൻ പദ്ധതി.
അഹമ്മദാബാദിലെ സബർമതി റിവർഫ്രണ്ട് മാതൃകയിൽ ജമ്മു തവി റിവർഫ്രണ്ടിൻ്റെ വികസനം.
ചെറുകിട കച്ചവടക്കാരും എംഎസ്എംഇകളും നേരിടുന്ന ഭൂമി, പാട്ട രേഖാ പ്രശ്നങ്ങൾ പരിഹരിക്കും.
പിഎം സൂര്യ ഘർ മുഫ്തി ബിജ്ലി യോജന പ്രകാരം സൗജന്യ വൈദ്യുതി.
'ഹർ ഘർ നൽ സേ ജൽ' പ്രകാരം സൗജന്യ കുടിവെള്ളം.
വയോധികർ, വിധവകൾ, ഭിന്നശേഷിക്കാർ എന്നിവരുടെ പെൻഷൻ തുക 1000 രൂപയിൽനിന്ന് 3000 രൂപയായി ഉയർത്തും.
ആയുഷ്മാൻ ഭാരത് സേഹത് പദ്ധതിയുടെ കവറേജ് 2 ലക്ഷം രൂപ കൂടി വർധിപ്പിക്കും.
സർക്കാർ മെഡിക്കൽ കോളേജുകളിൽ 1,000 അധിക സീറ്റുകൾ കൂടി അനുവദിക്കും.
പിഎം കിസാൻ സമ്മാൻ നിധി വിഹിതം 4,000 രൂപയായി ഉയർത്തും.
കൃഷി ആവശ്യങ്ങൾക്കുള്ള വൈദ്യുതി നിരക്കിൽ 50 ശതമാനം ഇളവ്.
ഹർ ടണൽ സേ പഹൽ പ്രകാരം, ഗ്രാമീണമേഖലകളിലേക്ക് 10,000 കിലോമീറ്റർ റോഡ് നിർമിക്കും
കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് പദ്ധതി. ജമ്മു കശ്മീരിലെ സാഹചര്യം കൈകാര്യം ചെയ്യാനായി മറ്റെല്ലാ സർക്കാരുകളും പ്രീണന രാഷ്ട്രീയമാണ് സ്വീകരിച്ചത്.
ഇന്ത്യയുടെയും ജമ്മു കശ്മീരിൻ്റെയും ചരിത്രം എഴുതുമ്പോൾ 2014നും 2024നും ഇടയിലുള്ള കാലഘട്ടം സ്വർണ ലിപികളിൽ എഴുതപ്പെടും. യുവാക്കൾക്ക് ആയുധവും കല്ലും നൽകിയ വ്യവസ്ഥയാണ് ആർട്ടിക്കിൾ 370 എന്നും അമിത് ഷാ വിമർശിച്ചു. മൂന്ന് ഘട്ടമായാണ് ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാംഘട്ടം സെപ്റ്റംബർ 18നും രണ്ടാംഘട്ടം 25നും മൂന്നാംഘട്ടം ഒക്ടോബർ ഒന്നിനും നടക്കും. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ. രാജ്യം സ്വാതന്ത്ര്യം നേടിയതുമുതൽ ജമ്മു കശ്മീർ വിഷയം ബിജെപിക്ക് പ്രധാനപ്പെട്ടതാണെന്ന് അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീർ ഇന്ത്യയ്‌ക്കൊപ്പം നിലനിർത്താൻ പാർട്ടി എപ്പോഴും ശ്രമിച്ചു. ജമ്മു കശ്മീർ എക്കാലവും ഇന്ത്യയുടെ ഭാഗമാണെന്ന് വിശ്വസിച്ചാണ് ഈ സമരം ആദ്യം ജനസംഘവും പിന്നീട് ബിജെപിയും മുന്നോട്ടുകൊണ്ടുപോയത്. അങ്ങനെ തന്നെ തുടരുമെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
Find out more: