എംപോക്സിൻ്റെ പുതിയ വകഭേദം മലപ്പുറത്ത് സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 'ക്ലേഡ് 1' ആണ് മലപ്പുറത്ത് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് ക്ലേഡ് 1 കേസ് സ്ഥിരീകരിക്കുന്നത്. മലപ്പുറത്ത് സ്ഥിരീകരിച്ചത് മങ്കിപോക്സി (എംപോക്സ്) ൻ്റെ പുതിയ വകഭദം. ആഫ്രിക്കൻ രാജ്യങ്ങളിൽ എംപോക്സ് ക്ലേഡ് 1 കേസുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 14നാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൂടുതൽ ലൈംഗികബന്ധം വഴിയാണ് ക്ലേഡ് 1 കേസുകൾ കൂടുതലായും വ്യാപിക്കുന്നത്. മധ്യ ആഫ്രിക്കയിലെ കോംഗോ ബേസിനിൽ ആദ്യമായി കണ്ടെത്തിയ ക്ലേഡ് 1 കേസുകൾ കൂടുതൽ ഗുരുതരമാണ്. മസ്തിഷ്കവീക്കം, ന്യുമോണിയ, ശ്വാസതടസ്സം എന്നീ രോഗങ്ങൾ ഗുരുതരമാകാൻ സാധ്യതയുണ്ട്.





 ഇന്ത്യയിൽ ഇക്കഴിഞ്ഞ 11ന് ഹരിയാന ഹിസർ സ്വദേശിയായ 26കാരന് എംപോക്സ് സ്ഥിരീകരിച്ചെങ്കിലും ഇത് പഴയ വകഭേദമായ 'ക്ലേഡ് 2' ആയിരുന്നു. വിദേശത്തുനിന്ന് എത്തിയ യുവാവിന് രോഗബാധ സ്ഥിരീകരിച്ചതോടെ ഡൽഹി സർക്കാരിൻ്റെ കീഴിലുള്ള എൽഎൻജെപി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രാജ്യത്ത് 2022 മുതൽ ഇതുവരെ 31 എംപോക്സ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം പശ്ചിമ ആഫ്രിക്കൻ ക്ലേഡ് 2 വകഭേദം ആയിരുന്നു.കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവിന് എംപോക്സ് സ്ഥിരീകരിച്ചത്. എംപോക്സ് ലക്ഷണങ്ങളെ തുടർന്ന് യുവാവിനെ നിരീക്ഷണത്തിലാക്കിയിരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. കൊവിഡോ എച്ച്1 എൻ1 ഇൻഫ്ളുവൻസയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എംപോക്സ്.






രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പർശിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്. അസുഖബാധിതരായ ആൾക്കാരുമായി നിഷ്‌കർഷിച്ചിട്ടുള്ള സുരക്ഷാ മാർഗങ്ങൾ അവലംബിക്കാതെ അടുത്തിടപഴകുന്ന ആൾക്കാർക്കാണ് എംപോക്സ് ഉണ്ടാകുക. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുൻകരുതലുകൾ സ്വീകരിക്കണം.




പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

Find out more: