എംഎം ലോറൻസിൻ്റെ അന്ത്യയാത്രക്കിടെ ഹൈക്കോടതിയുടെ ഉത്തരവുമായി മകൾ! മൃതദേഹം വിട്ടുനൽകുന്നതിനെതിരെ മകൾ ആശ ലോറൻസ് ഹർജിയുമായി സമീപിച്ചതോടെ വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടു. മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുന്ന കാര്യത്തിൽ മക്കളുടെ താൽപര്യങ്ങൾ പരിശോധിച്ച ശേഷം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അതുവരെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കണം. മൃതദേഹം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട കേരള അനാട്ടമി നിയമത്തിലെ വകുപ്പുകൾ പ്രകാരം ജസ്റ്റിസ് വി ജി അരുണിൻ്റേതാണ് ഉത്തരവ്. അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിൻ്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിന് പഠനാവശ്യത്തിന് കൈമാറുന്ന കാര്യത്തിൽ നാടകീയ സംഭവവികാസങ്ങൾ. മൃതദേഹം നാലു മണിക്ക് മെഡിക്കൽ കോളേജിന് കൈമാറും. മരണം സംഭവിച്ച ശേഷം മകനോടാണ് സംസ്കാരം എങ്ങനെ വേണമെന്ന് പാർട്ടി ആരാഞ്ഞത്. മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറണമെന്നാണ് അച്ഛൻ പറഞ്ഞതെന്ന് മകൻ പാർട്ടിയെ അറിയിച്ചു.





അതനുസരിച്ചാണ് പാർട്ടി നടപടികളാരംഭിച്ചതെന്നും സിഎൻ മോഹനൻ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാമെന്നും പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പരിശോധിക്കണമെന്നും ആണ് ഹൈക്കോടതിയുടെ നിർദേശമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ പറഞ്ഞു. "അച്ഛൻ കത്രിക്കടവ് സെൻ്റ് ഫ്രാൻസിസ് ചർച്ച് ഇടവകാംഗമാണ്. അച്ഛന് താൻ അന്ത്യകൂദാശ നൽകിയതാണ്. അച്ഛൻ ഈശ്വരവിശ്വാസി അല്ലെങ്കിലും ഇടവകയിൽനിന്ന് വിടുതൽ ചെയ്യണമെന്ന് സഭാ അധികൃതരോട് പറഞ്ഞിട്ടില്ല. മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകുന്നത് കുടുംബത്തിൻ്റെ തീരുമാനമാണെന്നാണ് മന്ത്രി പി രാജീവ് പറഞ്ഞത്. കുടുംബത്തിൽ താനും ഉൾപ്പെട്ടതാണ്. മകൾ എന്ന നിലയിൽ തൻ്റെ ആഗ്രഹം അച്ഛൻ്റെ മൃതദേഹം പള്ളിയിൽ സംസ്കരിക്കണമെന്നാണ്.





വിശ്വാസിയായിരുന്ന അമ്മയ്ക്കൊപ്പമാണ് അച്ഛൻ്റെയും മൃതദേഹം ഖബറടക്കേണ്ടത്" - ആശ പറഞ്ഞു. അതേസമയം മൃതദേഹം ആശുപത്രിക്ക് കൈമാറണമെന്നായിരുന്നു അച്ഛൻ്റെ ആഗ്രഹമെന്ന് മറ്റ് രണ്ട് മക്കൾ പറഞ്ഞു. അച്ഛൻ തന്നോട് പറഞ്ഞ കാര്യമാണ് പാർട്ടിയെ അറിയിച്ചതെന്ന് മകൻ സജീവൻ പ്രതികരിച്ചു.എറണാകുളം ടൗൺഹാളിൽ നാടകീയരംഗങ്ങൾക്കൊടുവിൽ എംഎം ലോറൻസിൻ്റെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൊതുദർശനത്തിന് ശേഷം എറണാകുളം ടൗൺ ഹാളിൽനിന്ന് മൃതദേഹം എടുക്കാൻ ശ്രമിച്ചതോടെ അച്ഛനെ വിട്ടുനൽകില്ലെന്ന് പറഞ്ഞ് ആശ ലോറൻസ് ഭൗതികപേടകത്തിൽ പിടിച്ച് കരഞ്ഞു.




ഇതോടെ സിപിഎം വനിതാ പ്രവ‍ർത്തകർ സമീപമെത്തി മുദ്രാവാക്യം മുഴക്കി.'സിപിഎം സിന്ദാബാദ്' എന്ന് പ്രവ‍ർത്തകർ വിളിച്ചപ്പോൾ, ആശയും മകൻ മിഥുൻ ഇമ്മാനുവൽ ജോസഫും ചേർന്ന് 'സിപിഎം മൂർദാബാദ്' എന്ന് വിളിച്ചു. തുടർന്ന് സിപിഎം റെഡ് വളണ്ടിയർമാരും വനിതാ പ്രവർത്തകരും എത്തി ഇരുവരെയും മാറ്റാൻ ശ്രമിച്ചതോടെ ആശ നിലത്തുവീണു. തുടർന്ന് പോലീസ് ഇടപെട്ട് ആശയെയും മകനെയും ബലംപ്രയോഗിച്ചു മാറ്റി മൃതദേഹം ആംബുലൻസിൽ കയറ്റുകയായിരുന്നു.

Find out more: