പിണറായി വിജയൻ്റെെ നാവിലൂടെ പുറത്തു വന്നത് ദേശീയ തലത്തിൽ സംഘ്പരിവാർ പ്രചരിപ്പിക്കുന്ന പൊളിറ്റിക്കൽ നറേറ്റീവ്; വിഡി സതീശൻ! മുഖ്യമന്ത്രി പറയാത്ത കാര്യമാണ് എഴുതിക്കൊടുത്തതെങ്കിൽ പിആർ ഏജൻസിക്കെതിരെ കേസെടുക്കാൻ തയാറുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെെ നാവിലൂടെ പുറത്തു വന്നത് ദേശീയ തലത്തിൽ സംഘ്പരിവാർ പ്രചരിപ്പിക്കുന്ന പൊളിറ്റിക്കൽ നറേറ്റീവാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഡൽഹിയിലെ മാധ്യമങ്ങളുമായി ബന്ധപ്പെട്ടാൽ ഏത് പാർട്ടിക്ക് വേണ്ടിയും ഏത് വിഭാഗത്തിലുള്ള നേതാക്കൾക്കു വേണ്ടിയും പ്രവർത്തിക്കുന്ന പിആർ ഏജൻസിയാണ് കെയ്‌സണെന്നു ബോധ്യമാകും. ഇതേ ഏജൻസി തന്നയാണ് ഹിന്ദുവിനും ഖലീജ് ടൈംസിനും മുഖ്യമന്ത്രിയുടെ അഭിമുഖം സംഘടിപ്പിച്ചു നൽകിയത്.
മന്ത്രിമാർ ചോദിച്ചതു പോലെ മുഖ്യമന്ത്രിക്ക് ഒരു അഭിമുഖം നൽകണമെങ്കിൽ എന്തിനാണ് പിആർ ഏജൻസി? വഴിയിലൂടെ പോയ ആരെങ്കിലും ഹിന്ദുവിന് ഒരു അഭിമുഖം നൽകാൻ ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി നൽകുമോ? മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഭിമുഖം നൽകിയത്. എന്നിട്ടാണ് അദ്ദേഹം അഭിമുഖത്തിൽ പറയാത്ത കാര്യം ബുദ്ധിപൂർവം എഴുതി ചേർത്തത്. പിആർ ഏജൻസി ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഹിന്ദു ദിനപത്രം മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് തയാറായത്. അഭിമുഖം നടക്കുമ്പോൾ പിആർ ഏജൻസിയുടെ പ്രതിനിധികൾ ഉൾപ്പെടെ അവിടെ ഉണ്ടായിരുന്നെന്ന് ഹിന്ദു വിശദീകരിച്ചിട്ടുണ്ട്. പിആർ ഏജൻസിയെ ഏറ്റവും പ്രധാനപ്പെട്ട ആളായ വിനീത് ഹണ്ടയുടെ സന്നിധ്യം അവിടെയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് പിആർ പ്രതിനിധികൾ പത്രത്തിന് കുറിപ്പ് നൽകിയത്. ഈ പിആർ ഏജൻസി ആരുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നതെന്നു കൂടി അന്വേഷിക്കണം.
ഹിന്ദു പുറത്തിറക്കിയ വിശദീകരണക്കുറിപ്പ് പൂർണമായും നൽകാത്ത പത്രം ദേശാഭിമാനിയാണ്. ഹിന്ദുവിൻറെ വിശദീകരണ കുറിപ്പ് വായിച്ചാൽ എന്തിനു വേണ്ടിയാണ് ഇതു ചെയ്തതെന്നു മനസിലാകും. മറ്റു ചില രാഷ്ട്രീയ ബന്ധങ്ങളുള്ള പിആർ ഏജൻസിയാണ് മുഖ്യമന്ത്രിയെ കൊണ്ട് ഈ വാചകം പറയിച്ചത്. ദേശീയ തലത്തിൽ സംഘ്പരിവാർ പ്രചരിപ്പിക്കുന്ന പൊളിറ്റിക്കൽ നറേറ്റീവാണ് മുഖ്യമന്ത്രിയുടെ നാവിലൂടെ പുറത്തു വന്നത്. സ്വർണക്കള്ളക്കടത്തിനെ കുറിച്ച് ആദ്യമായി പറഞ്ഞത് കേരളത്തിലെ പ്രതിപക്ഷമാണ്.
ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത് ഞാനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി സ്വർണക്കള്ളക്കടത്തിനെ കുറിച്ച് പറഞ്ഞത്. അന്ന് മുഖ്യമന്ത്രി ഇതൊന്നും പറഞ്ഞില്ലല്ലോ? സ്വർണക്കള്ളക്കടത്തിന് രാഷ്ട്രീയ രക്ഷാകർതൃത്വം നൽകുന്നത് സർക്കാരാണെന്നാണ് അന്ന് ഞങ്ങൾ പറഞ്ഞത്. ബിജെപി ചെയ്യുന്നതു പോലെ ഭിന്നിപ്പുണ്ടാക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി ഇപ്പോൾ സ്വർണക്കള്ളക്കടത്തിന് ഉപയോഗിച്ചത്. എന്നാൽ ഇപ്പോൾ വീണു പോയി. വിവാദമുണ്ടായപ്പോൾ വീണിടത്തു കിടന്ന് ഉരുളുകയാണ്.
Find out more: