അൻവറിന്റെ 'പതിനഞ്ചാം ജില്ല'; പുതിയ ജില്ല' എന്ന ആവശ്യം വരുംദിവസങ്ങളിൽ ചർച്ചയാകും! മലബാർ മേഖലയുടെയും, പ്രത്യേകിച്ച് മലപ്പുറം ജില്ലയുടെയും വികസന മുരടിപ്പ് സംബന്ധിച്ച് ദീർഘകാലമായി നിലനില്ക്കുന്ന ചർച്ചകളെയാണ് അൻവർ മികച്ച നിലയിൽ രാഷ്ട്രീയവൽക്കരിക്കുന്നത്. മുമ്പ് എസ്ഡിപിഐ പോലുള്ള സംഘടനകളാണ് ഈ ആവശ്യം കാര്യമായി ഉന്നയിച്ചിരുന്നത് എന്നതിനാൽ തന്നെ കാര്യമായ പിന്തുണ എവിടെ നിന്നും ലഭിച്ചിരുന്നില്ല. ഈ സ്ഥിതിയിൽ മാറ്റം വരുത്താൻ അൻവറിന് സാധിച്ചേക്കും. 'മലബാറിനോടുള്ള അവഗണന' എന്ന പ്രത്യേക തലക്കെട്ടിലാണ് മലപ്പുറം-കോഴിക്കോട് ജില്ലകളെ വിഭജിക്കേണ്ടുന്നതിന്റെ ആവശ്യകത പിവി അൻവറിന്റെ പാർട്ടിയുടെ നയപ്രഖ്യാപനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഐക്യകേരളം രൂപം കൊള്ളുമ്പോൾ തന്നെ ചരിത്രപരമായ കാരണങ്ങളാണ് മലബാർ മേഖല തിരുകൊച്ചിയെക്കാൾ പിറകിലായിരുന്നുവെന്ന് നയപ്രഖ്യാപനം ചൂണ്ടിക്കാട്ടുന്നു. ഇന്നും ഈ അവസ്ഥയിൽ മാറ്റം വരുത്താൻ ജനാധിപത്യ സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ലെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു. ഇതിന്റെ തുടർച്ചയായാണ് ജില്ലകളുടെ വിഭജനത്തെക്കുറിച്ച് പറയുന്നത്.





പിവി അൻവർ തന്റെ പുതിയ പാർട്ടിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ ഉന്നയിച്ച 'പുതിയ ജില്ല' എന്ന ആവശ്യം വരുംദിവസങ്ങളിൽ ചർച്ചയാകും. മലപ്പുറത്തിന്റെ വടക്കും, കോഴിക്കോടിന്റെ തെക്കും മേഖലകളെയാണ് അൻവർ പുതിയ ജില്ലയ്ക്കായി കണക്കിലെടുക്കുന്നത്. ഇത് ഏതെല്ലാം മേഖലകളാണെന്ന് അൻവർ പറയുന്നില്ല. എങ്കിലും ഊഹിക്കാവുന്ന ചില കാര്യങ്ങളുണ്ട്. അമരമ്പലത്തിന്റെ ചില ഭാഗങ്ങൾ, എടക്കര, നിലമ്പൂർ, മമ്പാട്, എടവണ്ണ, മഞ്ചേരി, കൊണ്ടോട്ടി, പരപ്പനങ്ങാടി എന്നിങ്ങനെ വരുന്ന മലപ്പുറത്തിന്റെ വടക്കൻ മേഖലയാണ് അൻവർ നിർദ്ദേശിക്കുന്ന പുതിയ ജില്ലയിലേക്ക് ഉൾപ്പെടാനിടയുള്ള സ്ഥലങ്ങൾ. ഇതിൽ അൻവർ മത്സരിച്ചിട്ടുള്ള ഏറനാട്, നിലമ്പൂർ അസംബ്ലി മണ്ഡലങ്ങൾ ഉൾപ്പെട്ടേക്കാം. കോഴിക്കോടിന്റെ തെക്കൻ പ്രദേശങ്ങളായ കൊടുവള്ളി, ചേളന്നൂർ, എലത്തൂർ, മുക്കം, പന്തീരങ്കാവ്, രാമനാട്ടുകര എന്നിവയും അൻവർ നിർദ്ദേശിക്കുന്ന പതിനഞ്ചാം ജില്ലയിൽ ഉൾപ്പെട്ടേക്കും.






പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ മൂന്ന് ജില്ലകളും ചേർന്നുള്ളതിനെക്കാൾ ജനസംഖ്യ മലപ്പുറത്തുണ്ടെന്നാണ് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ നയപ്രഖ്യാപനം പറയുന്നത്. മൂന്ന് കളക്ടർമാർക്ക് കൈകാര്യം ചെയ്യാനുള്ളത്ര ഫയലുകളാണ് മലപ്പുറം ജില്ലാ കളക്ടറുടെ മേശപ്പുറത്ത് വരുന്നത്. ത്രിപുര, മേഘാലയ, മണിപ്പൂർ തുടങ്ങിയ എട്ടോളം സംസ്ഥാനങ്ങളെക്കാൾ കുടിയ ജനസംഖ്യ മലപ്പുറത്തുണ്ട്. ഇക്കാരണത്താൽ സർക്കാർ പദ്ധതികളുടെ ഫലം താഴേത്തട്ടിലേക്ക് എത്തുന്നതിൽ കുറവ് വരുന്നു. വിദ്യാഭ്യാസ കാര്യത്തിലടക്കം ഈ പ്രശ്നം പ്രതിഫലിക്കുന്നു. സമാനമായ അവസ്ഥയാണ് കോഴിക്കോട് ജില്ലയിലുള്ളതെന്നും പിവി അൻവർ ചൂണ്ടിക്കാട്ടുന്നുണ്ട്. മലപ്പുറത്തെയും കോഴിക്കോട്ടെയും തെക്കും വടക്കും പ്രദേശങ്ങളെ സംയോജിപ്പിച്ച് പുതിയ ജില്ല രൂപീകരിക്കാൻ തക്കതായ കാരണങ്ങളാണ് ഈ പ്രശ്നങ്ങൾ. മലപ്പുറം ജില്ലയുടെ വിഭജനം പുതിയ ആവശ്യമല്ല.



 

നിലവിലുള്ള മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന ആവശ്യം എസ്ഡിപിഐ പോലുള്ള സംഘടനകൾക്കുണ്ട്. പക്ഷെ അൻവറിന്റെ പുതിയ നിർദ്ദേശത്തോട് ഇവരുടെ നിർദ്ദേശത്തിന് സാമ്യമില്ല. തിരൂരിനെ കേന്ദ്രമാക്കി പുതിയ ജില്ല ഉണ്ടാക്കണം എന്നതാണ് എസ്‍ഡിപിഐയുടെ ആവശ്യം. മുസ്ലീം ലീഗിലെ ചില നേതാക്കളും തിരൂർ ജില്ലാ രൂപീകരണം വേണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. എംഎസ്എഫ് ദേശീയ ഉപാധ്യക്ഷ ഫാത്തിമ തഹ്‌ലിയ ഈ ആവശ്യം ഉന്നയിച്ച് ഫേസ്ബുക്ക് കുറിപ്പ് പങ്കു വെച്ചിരുന്നു. കേന്ദ്ര - സംസ്ഥാന സർക്കാരിന്റെ പല പദ്ധതികളും ജില്ല അടിസ്ഥാനത്തിൽ നൽകപ്പെടുമ്പോൾ 8 ലക്ഷം ജനസംഖ്യയുള്ള വയനാടിനും 41 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്തിനും ഒരേ പരിഗണനയാണ് ലഭിക്കുന്നതെന്ന് ഫാത്തിമ തഹ്‌ലിയ ചൂണ്ടിക്കാട്ടുന്നു. 





തിരൂരിനോട് ചേർന്നു കിടക്കുന്ന പാലക്കാട്, തൃശൂർ ജില്ലകളിലെ പ്രദേശങ്ങളും പുതിയ ജില്ലയിൽ ചേർക്കുന്നത് ആലോചിക്കാവുന്നതാണെന്നും അവർ പറയുന്നുണ്ട്. അതെസമയം മലപ്പുറം ജില്ലാ രൂപീകരണ ആവശ്യം മാത്രമല്ല നിലവിലുള്ളത്. കേരളത്തിലെ മറ്റ് പല പ്രദേശങ്ങളിൽ നിന്നും പുതിയ ജില്ല വേണമെന്ന ആവശ്യം നേരത്തേ തന്നെ ഉയർന്നിട്ടുണ്ട്. മലപ്പുറത്തു നിന്നു തന്നെ തിരൂർ ആസ്ഥാനമാക്കി പുതിയ ജില്ല വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.തിരുവനന്തപുരം ജില്ല വിഭജിച്ച് നെയ്യാറ്റിൻകര കേന്ദ്രമായി പുതിയ ജില്ല രൂപീകരിക്കണം എന്ന ആവശ്യവും ദീർഘനാളായി ഉയരുന്നുണ്ട്. വികസന പ്രശ്നങ്ങൾ തന്നെയാണ് ഈ ആവശ്യത്തിനു പിന്നിലും.ഇടുക്കി, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങൾ ചേർത്ത് മൂവാറ്റുപുഴ കേന്ദ്രമായി ജില്ല രൂപീകരിക്കുക എന്നതാണ് ആവശ്യം. ഇനിയൊരു ജില്ല വരുന്നെങ്കിൽ അത് മൂവാറ്റുപുഴ കേന്ദ്രീകരിച്ചാകുമെന്ന് 1982ൽ പത്തനംതിട്ട ജില്ലാ രൂപീകരണ വേളയിൽ മുൻ മുഖ്യമന്ത്രി കെ കരുണാകരൻ പറഞ്ഞിരുന്നു.

Find out more: