ഹരിയാനയിൽ കോൺഗ്രസിന് സംഭവിച്ചതെന്ത്? ഭരണകക്ഷിയായ ബിജെപിയാകട്ടെ ഒരുഘട്ടത്തിൽ ലീഡ് ചെയ്തത് ഒൻപത് സീറ്റിൽ മാത്രം. ഡൽഹിയിലെ എഐസിസി ആസ്ഥാനവും ഹരിയാനയിലെ പാർട്ടി ഓഫീസുകളും ആവേശഭരിതമായ മണിക്കൂർ. 10 വർഷത്തിന് ശേഷം കുരുക്ഷേത്ര ഭൂമി തിരിച്ചുപിടിക്കാമെന്ന കോൺഗ്രസിൻ്റെ മോഹത്തിന് മണിക്കൂറിനകം തിരിച്ചടി. കിതച്ചു നിന്ന ബിജെപി കുതിച്ചതോടെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പൻ ട്വിസ്റ്റ്. വോട്ടെണ്ണൽ തുടങ്ങിയ രാവിലെ എട്ടു മണിമുതൽ കോൺഗ്രസിന് ലീഡ്. സമയം ഒൻപതായപ്പോഴേക്കും കേവലഭൂരിപക്ഷവും കടന്ന് 70ലധികം സീറ്റുകളിൽ വരെ ലീഡ് നേടി കോൺഗ്രസ് മുന്നേറ്റം. മുഖ്യമന്ത്രിയെ മാറ്റി മുഖം മിനുക്കി മൂന്നാമൂഴം തേടിയ ബിജെപിയുടെ തന്ത്രം വിജയിച്ചുവെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ ജെജെപി പിന്തുണ പിൻവലിച്ചതിന് പിന്നാലെ മനോഹർ ലാൽ ഖട്ടറിനെ നീക്കി ഒബിസി വിഭാഗത്തിൽപെട്ട നായബ് സിങ് സൈനിയെ ബിജെപി മുഖ്യമന്ത്രിയാക്കുകയായിരുന്നു.





കർഷക, അഗ്നിപഥ് പ്രതിഷേധങ്ങൾ ഉൾപ്പെടെ ആഞ്ഞടിച്ചെങ്കിലും അവയെ പ്രതിരോധിക്കാൻ ബിജെപിക്ക് ആയെന്ന് തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു. മുഖ്യമന്ത്രിസ്ഥാനത്തിനായി കോൺഗ്രസിനുള്ളിൽ നടക്കുന്ന മുതിർന്ന നേതാക്കളുടെ വടംവലി അടക്കം ബിജെപിക്ക് നേട്ടമാക്കാനായി.
 ഉദ്വേഗം നിറഞ്ഞ വോട്ടെണ്ണലിനൊടുവിൽ ഹരിയാനയിൽ തുടർഭരണം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി. 90 അംഗ നിയമസഭയിൽ കഴിഞ്ഞ തവണ 40 സീറ്റുകളിൽ വിജയിച്ച ബിജെപി ഇക്കുറി 50 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 2019ൽ 31 സീറ്റുകൾ ലഭിച്ച കോൺഗ്രസ് സീറ്റ് നില മെച്ചപ്പെടുത്തിയെങ്കിലും സർക്കാർ രൂപീകരണത്തിനുള്ള കേവലഭൂരിപക്ഷമായ 46 സീറ്റിൽനിന്ന് ഏറെ അകലയായി.






നിലവിൽ 35 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. 10 സീറ്റ് ഉണ്ടായിരുന്ന ജനനായക് ജനതാ പാർട്ടി (ജെജെപി) ക്ക് വട്ടപൂജ്യമാണ് ലീഡ്. ഐഎൻഎൽഡി രണ്ട് സീറ്റിൽ ലീഡ് ചെയ്യുമ്പോൾ മൂന്നു സീറ്റുകളിൽ സ്വതന്ത്രർക്കാണ് മുന്നേറ്റം. മുതിർന്ന കോൺഗ്രസ് നേതാക്കളായ ഭുപിന്ദർ സിങ് ഹൂഡയും കുമാരി സെൽജയും തമ്മിൽ നടന്ന അധികാര വടംവലി പാർട്ടി പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നാണ് വിലയിരുത്തൽ. പാർട്ടിക്കുള്ളിൽ ഹൂഡയും സെൽജയും രണ്ട് ചേരിയായി തിരിഞ്ഞതും തിരിച്ചടിക്ക് കാരണമായി. വോട്ട് ഷെയറിൽ ബിജെപിയേക്കാൾ മുന്നിലാണെങ്കിലും ഇത് സീറ്റായി മാറ്റാൻ കോൺഗ്രസിന് സാധിച്ചില്ല. ഭരണവിരുദ്ധവികാരം വോട്ടായി മാറുമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നെങ്കിലും പല മണ്ഡലങ്ങളിലും പ്രാദേശിക കക്ഷികളും സ്വതന്ത്രരും പിടിച്ച വോട്ടുകൾ പാർട്ടിയുടെ പതനത്തിനിടയാക്കി. ഇതുവഴി ജയിച്ചുകയറാൻ ബിജെപിക്ക് കഴിഞ്ഞു.

Find out more: