ഹേമ കമ്മിറ്റി റിപ്പോർട്ട് ; നിയമസഭ ചർച്ച ചെയ്യാൻ തയാറാകാത്തത് കേരളത്തിന് അപമാനമെന്ന് വിഡി സതീശൻ! സർക്കാർ പ്രതിക്കൂട്ടിലായതിനാലാണ് ചർച്ചയ്ക്ക് തയാറാകാതിരുന്നത്. റിപ്പോർട്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടെന്ന് പറയുന്ന മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും നിയമസഭയെ പോലും തെറ്റിദ്ധരിപ്പിച്ചെന്നും പ്രതിപക്ഷ നേതാവ് നിയമസഭ മീഡിയ റൂമിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് നിയമസഭ ചർച്ച ചെയ്യാൻ തയാറാകാത്തത് കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് നിയമസഭയിൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ വേറെ ഏതെങ്കിലും രീതിയിൽ കൊണ്ടുവരണമെന്ന് സ്പീക്കർ തന്നെയാണ് നിർദ്ദേശിച്ചത്. അപ്പോൾ ചോദ്യം ചോദിക്കാനും സമ്മതിക്കില്ല അടിയന്തിര പ്രമേയവും അനുവദിക്കില്ല.
സർക്കാരല്ല സ്പീക്കറാണ് തീരുമാനം എടുത്തതെന്നാണ് സ്പീക്കർ പറഞ്ഞത്. അതു പുതിയ അറിവാണ്. സ്പീക്കർ തന്നെയാണ് തീരുമാനം എടുക്കേണ്ടത്. സ്പീക്കറുടെ തീരുമാനം കീഴ്വഴക്കത്തിന് വിരുദ്ധമാണ്. സ്ത്രീകളെ ഗൗരവതരമായി ബാധിക്കുന്ന വിഷയം നിയമസഭയിൽ അല്ലാതെ എവിടെയാണ് ചർച്ച ചെയ്യേണ്ടതെന്നു മുഖ്യമന്ത്രിയോട് ചോദിച്ചതാണ്. നിയമസഭ കൗരവ സഭയായി മാറുകയാണോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. നാലര വർഷമാണ് റിപ്പോർട്ട് സർക്കാരിൻറെ കയ്യിൽ ഇരുന്നത്. ഗുരുതര കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാണ്. പോക്‌സോ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ഇക്കൂട്ടത്തിലുണ്ട്.
ലൈംഗിക കുറ്റകൃത്യം നടന്നെന്ന് അറിഞ്ഞിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയില്ലെങ്കിൽ പോക്‌സോ നിയമത്തിലെ സെക്ഷൻ 21, ബിഎൻഎസ്എസിൻറെ 199 (സി) അനുസരിച്ചും അത് ഒളിച്ചു വച്ചവർക്ക് ആറു മാസത്തെ തടവു ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. റിപ്പോർട്ട് ഒളിച്ചു വച്ചതിലൂടെ മന്ത്രിമാരും ഉദ്യോഗസ്ഥരും ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നത്. റിപ്പോർട്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടുണ്ടെന്നാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. അങ്ങനെയൊരു അഭിപ്രായ പ്രകടനം ജസ്റ്റിസ് ഹേമ നടത്തിയിട്ടില്ല. റിപ്പോർട്ട് പുറത്തു വിടുമ്പോൾ സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നാണ് ജസ്റ്റിസ് ഹേമ കത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടത്. അതിനെയാണ് മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും റിപ്പോർട്ട് പുറത്തു കൊടുക്കരുതെന്ന തരത്തിൽ ദുർവ്യാഖ്യാനം ചെയ്ത് നിയമസഭയെ പോലും തെറ്റിദ്ധരിപ്പിക്കുന്നത്.
റിപ്പോർട്ട് കൊടുക്കാൻ പാടില്ലെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രിയാണ് വാർത്താസമ്മേളനത്തിൽ ആദ്യമായി പറഞ്ഞത്.ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചു കൂടി അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യം ഹൈക്കോടതിയും ആവർത്തിച്ചു. എന്നിട്ടും സർക്കാർ അന്വേഷണത്തിന് തയാറല്ല. ആരും മൊഴി നൽകാൻ എത്തുന്നില്ലെന്നാണ് സർക്കാർ പറയുന്നത്. ഈ സർക്കാരിന് മുന്നിൽ എത്തി സ്ത്രീകൾ എങ്ങനെ മൊഴി നൽകും? സർക്കാരിനെ ആര് വിശ്വസിക്കും? തുടക്കം മുതൽക്കെ സർക്കാർ സ്ത്രീവിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്നും വിഡി സതീശൻ ചോദിച്ചു. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ റിപ്പോർട്ട് പുറത്തു വന്നതിനു ശേഷമുള്ള വെളിപ്പെടുത്തലുകളെ കുറിച്ചു മാത്രമാണ് അന്വേഷണ സംഘം അന്വേഷിക്കുന്നത്.
Find out more: