മുഖ്യമന്ത്രിക്കൊപ്പം റിയാസിനെയല്ലാതെ ആരെയും കാണാനില്ല': വിഡി സതീശൻ!ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കെതിരെ എന്ത് ആരോപണം ഉയർന്നാലും എല്ലാ മന്ത്രിമാരും ചാടി ഇറങ്ങുമായിരുന്നു. ഇപ്പോൾ മന്ത്രി റിയാസ് അല്ലാതെ മറ്റാരെയും കാണാനില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്തുണയുമായി മറ്റു ചില സിപിഎം നേതാക്കളും രംഗത്തെത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ പടയൊരുക്കം പാർട്ടിയിൽ നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം ഉയർന്നിട്ടും പ്രതിരോധിക്കാൻ പൊതുമരാമത്ത് മന്ത്രി മാത്രമാണ് രംഗത്തെത്തിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ മുഖ്യമന്ത്രിയുടെ ദൂതനായി ആർഎസ്എസ് നേതാക്കളെ കണ്ടെന്ന ആരോപണവും പ്രതിപക്ഷമാണ് ഉന്നയിച്ചത്.




സ്വർണക്കള്ളക്കടത്ത്, സ്വർണം പൊട്ടിക്കൽ സംഘങ്ങൾക്കും ലഹരി മാഫിയകൾക്കും രാഷ്ട്രീയ രക്ഷാകർതൃത്വം നൽകുന്നതും സിപിഎമ്മും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്നും പ്രതിപക്ഷം നിയമസഭയിൽ ഉൾപ്പെടെ പറഞ്ഞിരുന്നു. പ്രതിപക്ഷം പറഞ്ഞ കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായിരുന്ന എംഎൽഎയും ആവർത്തിച്ചിരിക്കുന്നത്. എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്തുണയുമായി മറ്റു ചില സിപിഎം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷം നിരന്തരമായി ഉന്നയിച്ചു കൊണ്ടിരുന്ന ആരോപണങ്ങൾ ശരിയാണെന്ന് ഇവർ അടിവരയിടുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിക്കുന്ന ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഭരണത്തിലിരിക്കുന്ന സിപിഎമ്മിനും മുഖ്യമന്ത്രിക്കും ബിജെപിയുമായി അവിശുദ്ധ ബാന്ധവമുണ്ടെന്നും പ്രതിപക്ഷേ ആരോപിച്ചു.




സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണങ്ങളൊക്കെ പ്രഹസനങ്ങളാണ്. എംഎൽഎ ഉന്നയിച്ചിരിക്കുന്ന പകുതി കാര്യങ്ങൾ മാത്രം അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. അജിത് കുമാറിനെതിരെ അന്വേഷിക്കുമെന്നും ശശിക്കെതിരെ അന്വേഷിക്കില്ലെന്നും പറയുന്നതു തന്നെ ഇരട്ടത്താപ്പാണ്. പൂരം കലക്കാൻ ബ്ലൂപ്രിന്റ് തയാറാക്കിയ ആളെയാണ് പൂരം കലക്കിയതിന്റെ അന്വേഷണം ഏൽപ്പിച്ചത്. പൂരം കലക്കിയതിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം.മുഖ്യന്ത്രി കഴിഞ്ഞ ദിവസം ഒരു മണിക്കൂർ 40 മിനിട്ട് നടത്തിയ വാർത്താസമ്മേളനം പ്രതിപക്ഷത്തിന് എതിരെ ആയിരുന്നില്ല. അൻവറിനെ മുൻനിർത്തി മുഖ്യമന്ത്രിക്കെതിരെ പാർട്ടിയിൽ പടയൊരുക്കം നടക്കുന്നു എന്ന രീതിയിലാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം ഉയർന്നിട്ടും പ്രതിരോധിക്കാൻ പൊതുമരാമത്ത് മന്ത്രി മാത്രമാണ് രംഗത്തെത്തിയത്.





പൂരം കലക്കിയത് ബിജെപിയെ ജയിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് ആദ്യമായി ആരോപണം ഉന്നയിച്ചതും പ്രതിപക്ഷമായിരുന്നു. പൂരം കലക്കുന്നതിന് വേണ്ടി എഡിജിപിയെ അയച്ചത് മുഖ്യമന്ത്രിയാണ്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഗൂഢാലോചനയെ തുടർന്നാണ് പൂരം കലക്കിയത്. വിവാദങ്ങളുടെ മറവിൽ ഭരണപരാജയം കൂടി മറച്ചു വയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ചെക്ക് പോലും മാറാനാകാത്ത രൂക്ഷമായ ധന പ്രതിസന്ധിയിലൂടെയാണ് സർക്കാർ കടന്നു പോകുന്നത്. സംസ്ഥാനത്ത് ഭരണം നടക്കുന്നില്ല. തികഞ്ഞ ഭരണപരാജത്തിനെതിരെയും മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ ഗുരുതര ആരോപണങ്ങൾ വന്നിരിക്കുന്ന സാഹചര്യത്തിലും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് തെരുവിലിറങ്ങും. 





ഇതിന്റെ ഭാഗമായി നാളെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ഒക്ടോബർ എട്ടിന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും യു.ഡി.എഫ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. 'സർക്കാർ അല്ലിത് കൊള്ളക്കാർ' എന്ന യു.ഡി.എഫ് മുദ്രാവാക്യം ശരിവയ്ക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ അരങ്ങേറുന്നത്. മാഫിയാ സംഘങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് കയ്യടിക്കിയിരിക്കുകയാണ്. അവരാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെയും പൊലീസ് സേനയെയും നിയന്ത്രിക്കുന്നത്. പ്രതിപക്ഷം പറഞ്ഞതൊക്കെ സത്യമാണെന്നാണ് ഭരണകക്ഷി എംഎൽഎയുടെ ആരോപണങ്ങളിലൂടെ വ്യക്തമായിരിക്കുന്നത്.

Find out more: