ഇന്ത്യ - കാനഡ ബന്ധം: ഇന്ത്യൻ ഹൈക്കമ്മീഷണറെയും ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കും! ഇന്ത്യയ്ക്കെതിരായ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഗുരുതര ആരോപണത്തെ തുടർന്ന് ഇന്ത്യയിലെ കനേഡിയൻ പ്രതിനിധി സ്റ്റുവർട്ട് വീലറിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ സുപ്രധാന തീരുമാനം. ഇന്ത്യൻ ഹൈക്കമ്മീഷണറെയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരെയും അടിസ്ഥാനമില്ലാതെ ലക്ഷ്യംവെക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കനേഡിയൻ പ്രതിനിധിയെ അറിയിച്ചെന്ന് വിദേശകാര്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെയും വിവിധ നയതന്ത്ര ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കാൻ ഇന്ത്യയുടെ തീരുമാനം. ഖലിസ്ഥാൻ ഭീകരനും കനേഡിയൻ പൗരനുമായ ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണറുടെയും മറ്റ് നയതന്ത്രജ്ഞരുടെയും പങ്ക് അന്വേഷിക്കാനുള്ള കാനഡയുടെ തീരുമാനത്തിനെതിരെയാണ് ഇന്ത്യയുടെ ഇടപെടൽ.





  നിജ്ജാ‍ർ വധത്തിൽ ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ച ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. 2023 ജൂൺ 18നാണ് ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ വെടിയേറ്റ് മരിച്ചത്. ബെെക്കിലെത്തിയ അജ്ഞാതരാണ് നിജ്ജാറിനുനേരെ വെടിയുതി‍ർത്തത്. അതേസമയം ലാവോസിൽ നടന്ന 21-ാമത് ആസിയാൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജസ്റ്റിൻ ട്രൂഡോയും ഹ്രസ്വ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ ഇപ്പോഴത്തെ സംഭവവികാസങ്ങൾ. ഞായറാഴ്ചയാണ് ഇന്ത്യൻ ഹൈക്കമ്മീഷണ‍ർക്കും നയതന്ത്രജ്ഞ‍ർക്കുമെതിരായ അന്വേഷണം സംബന്ധിച്ച വിവരം കാനഡ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചത്. ഇതിന് പിന്നാലെ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണ‍ർ സഞ്ജയ് കുമാർ വർമയുടെ 36 വർഷം നീണ്ട പ്രവർത്തിപരിചയം അടക്കം ചൂണ്ടിക്കാട്ടി ഇന്ത്യ രംഗത്തെത്തിയിരുന്നു.






രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള തന്ത്രമാണ് കാനഡയുടെ ആരോപണമെന്നും ഇന്ത്യ വിമർശിച്ചിരുന്നു. ഖലിസ്ഥാൻ ഭീകരനും കനേഡിയൻ പൗരനുമായ ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണറുടെയും മറ്റ് നയതന്ത്രജ്ഞരുടെയും പങ്ക് അന്വേഷിക്കാനുള്ള കാനഡയുടെ തീരുമാനത്തിനെതിരെയാണ് ഇന്ത്യയുടെ ഇടപെടൽ. ഇന്ത്യൻ നയതന്ത്രജ്ഞ‌‍ർക്കെതിരായ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം തള്ളിയ ഇന്ത്യ, ആരോപണം അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയപ്രേരിതമാണെന്നും തുറന്നടിച്ചിരുന്നു. ആഭ്യന്തര രാഷ്ട്രീയ നേട്ടത്തിനായി ട്രൂഡോ ഇന്ത്യ വിരുദ്ധത പ്രയോഗിക്കുകയാണെന്നും ഖലിസ്ഥാൻ വിഘടനവാദികളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഇന്ത്യ മറുപടി നൽകി. 




വോട്ട് ബാങ്ക് രാഷ്ട്രീയം കേന്ദ്രീകരിച്ചുള്ള ട്രൂഡോ സർക്കാരിൻ്റെ രാഷ്ട്രീയ അജണ്ടയാണിതെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.തീവ്രവാദത്തിൻ്റെയും അക്രമത്തിൻ്റെയും അന്തരീക്ഷത്തിൽ ട്രൂഡോ സർക്കാരിൻ്റെ പ്രവർത്തനങ്ങൾ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സുരക്ഷയെ അപകടത്തിലാക്കുന്നു. അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള കനേഡിയൻ സർക്കാരിൻ്റെ പ്രതിബദ്ധതയിൽ ഇന്ത്യയ്ക്ക് വിശ്വാസമില്ല. അതിനാൽ, ഹൈക്കമ്മീഷണറെ പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇന്ത്യയ്‌ക്കെതിരായ തീവ്രവാദത്തിനും അക്രമത്തിനും വിഘടനവാദത്തിനും ട്രൂഡോ സർക്കാരിൻ്റെ പിന്തുണയ്‌ക്ക് മറുപടിയായി തുടർനടപടികൾ സ്വീകരിക്കാൻ ഇന്ത്യയ്‌ക്ക് അവകാശമുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം ഇന്ത്യയ്ക്കെതിരെ തെളിവുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയത്തിലെ ചർച്ചയ്ക്ക് ശേഷമുള്ള കനേഡിയൻ പ്രതിനിധിയുടെ പ്രതികരണം.

Find out more: