നവീൻ ബാബുവിൻ്റെ യാത്രയയപ്പ്; മുൻകൂർ ജാമ്യഹർജിയുമായി പിപി ദിവ്യ! തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പിപി ദിവ്യ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്. കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ ക്ഷണിച്ചതുപ്രകാരമാണ് നവീൻ ബാബുവിൻ്റെ യാത്രയയപ്പ് പരിപാടിയിൽ എത്തിയതെന്നും ഡെപ്യൂട്ടി കളക്ടർ ആവശ്യപ്പെട്ടതുപ്രകാരമാണ് പരിപാടിയിൽ സംസാരിച്ചതെന്നും പിപി ദിവ്യ മുൻകൂർ ജാമ്യഹർജിയിൽ പറയുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കണ്ണൂർ എഡിഎം കെ നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പിപി ദിവ്യ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പിപി ദിവ്യക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. നവീൻ ബാബുവിൻ്റെ സഹോദരൻ നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പോലീസിൻ്റേതാണ് നടപടി. 




10 വ‍ർഷം വരെ തടവും പിഴവും ലഭിക്കാവുന്ന കുറ്റമാണിത്. കേസെടുക്കുന്നതിന് മുന്നോടിയായി കണ്ണൂ‍രിൽ നിന്നുള്ള പോലീസ് സംഘം നവീൻ ബാബുവിൻ്റെ പത്തനംതിട്ടയിലെ മലയാലപ്പുഴയിലുള്ള വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.ഉദ്യോഗസ്ഥർ ഫയലുകൾ വെച്ചു താമസിപ്പിക്കുന്നതിനെതിരെ സദുദ്ദേശ്യപരമായാണ് കാര്യങ്ങൾ പറഞ്ഞതെന്നും പ്രസംഗം ആത്മഹത്യയിലേക്ക് തള്ളിവിടാൻ ഉദ്ദേശിച്ചല്ലെന്നും മുൻകൂർ ജാമ്യഹർജിയിൽ പറയുന്നതായാണ് റിപ്പോർട്ട്. അതേസമയം പ്രശാന്തനു പുറമേ ഗംഗാധരൻ എന്നയാളും സമാനമായ പരാതി നവീൻ ബാബുവിനെതിരെ തന്നോട് പറഞ്ഞിരുന്നതായും ദിവ്യ ഹർജിയിൽ ആരോപിക്കുന്നുണ്ട്. അന്വേഷണത്തിൽനിന്ന് ഒളിച്ചോടില്ലെന്നും അറസ്റ്റ് തടഞ്ഞ് മുൻകൂർ ജാമ്യം അനുവദിക്കണമെന്നും പിപി ദിവ്യ ഹർജിയിൽ അഭ്യർഥിച്ചു.





പ്രസംഗത്തിൻ്റെ പൂ‍ർണഭാഗവും തെളിവായി ജാമ്യഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദിവ്യയുടെ ജാമ്യഹ‍ർജി ശനിയാഴ്ചയാകും കോടതി പരിഗണിക്കുക. നവീൻ ബാബുവിൻ്റെ മരണത്തിനു ശേഷമുള്ള ദിവ്യയുടെ ആദ്യ പ്രതികരണമാണിത്. തൻ്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ശരിവെക്കുന്നുവെന്നും ദിവ്യയുടെ വാ‍ർത്താക്കുറിപ്പിലുണ്ട്.
കേസെടുത്തതിന് പിന്നാലെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പിപി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കി.





 ജില്ലാ സെക്രട്ടറിയേറ്റിൻ്റെ ആവശ്യം ദിവ്യ അംഗീകരിച്ചതോടെ അഡ്വ. കെകെ രത്‌നകുമാരിയെ പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കാൻ സിപിഎം തീരുമാനിച്ചു. ഇതിന് പിന്നാലെ വാ‍‍ർത്താക്കുറിപ്പിലൂടെ രംഗത്തെത്തിയ പിപി ദിവ്യ നവീൻ ബാബുവിൻ്റെ വേ‍ർപാടിൽ അങ്ങേയറ്റം വേദനയുണ്ടെന്നും ദുഖമനുഭവിക്കുന്ന കുടുംബത്തിൻ്റെ സങ്കടത്തിൽ പങ്കുചേരുന്നതായും പ്രതികരിച്ചു.

Find out more: