കോൺഗ്രസിലെ വലിയൊരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്യും; പ്രതിപക്ഷ നേതാവിന് അഹങ്കാരമെന്ന് പിവി അൻവർ! പ്രിയങ്ക ഗാന്ധിക്ക് തങ്ങൾ പിന്തുണ നൽകിയതിനെ സ്വാഗതം ചെയ്ത അദ്ദേഹം ഇപ്പോൾ ആറുതവണ കരണംമറിച്ചിൽ നടത്തിയാണ് സംസാരിച്ചിരിക്കുന്നത്. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കില്ലെന്ന് പ്രതിപക്ഷ നേതാവിന് ബോധ്യമായെന്നും പിവി അൻവർ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പിവി അൻവർ എംഎൽഎ. പ്രതിപക്ഷ നേതാവിന് ഈ രീതിയിൽ അഹങ്കാരം ശരിയല്ല.പ്രതിപക്ഷ നേതാവുമായി ചർച്ച നടത്തിയ കാര്യം പുറത്തുപറയാതിരുന്നത് വിഷയത്തിലെ തൻ്റെ തറവാടിത്തം കൊണ്ടാണ്. പക്ഷേ കെപിസിസി പ്രസിഡൻ്റ് ഇന്ന് ഇക്കാര്യം വെളിപ്പെടുത്തിയപ്പോൾ തനിക്കും പറയാമല്ലോ. പ്രതിപക്ഷ നേതാവുമായി രണ്ടു ദിവസം മുൻപ് കണ്ടിരുന്നു. വളരെ വിശദമായി സംസാരിച്ചിരുന്നു.
തൻ്റെ രാഷ്ട്രീയം പറഞ്ഞു. അതിൽ അവർ പ്രയാസം പറഞ്ഞു. ചേലക്കരയിൽ സ്ഥാനാർഥിയെ പിൻവലിക്കുകയാണെങ്കിൽ പാലക്കാട് പിന്തുണയ്ക്കാമെന്ന തൻ്റെ നിലപാട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയാണെങ്കിൽ പിന്തുണയ്ക്കാമെന്നും അറിയിച്ചു. പക്ഷേ ചേലക്കരയിൽ തങ്ങളെ പിന്തുണയ്ക്കണം. അത് വലിയ പ്രയാസമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കൂടിയാലോചന നടത്തിയ ശേഷം പറയാമെന്ന് പറഞ്ഞാണ് പിരിഞ്ഞതെന്നും അൻവർ പറഞ്ഞു. പ്രതിപക്ഷ നേതാവിന് ഇന്ന് പ്രകോപനം ഉണ്ടാകാൻ താൻ എന്തെങ്കിലും അദ്ദേഹത്തെക്കുറിച്ചു പറഞ്ഞോ. ഇന്നലെ രാത്രി നടന്ന യുഡിഎഫിൻ്റെ അവലോകന യോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പരാജയപ്പെടുമെന്ന് അവർക്ക് ബോധ്യമായി. തന്നെ പരമാവധി പ്രകോപിച്ചു. എടാ, പോടാ എന്ന് മാത്രമാണ് വിളിക്കാത്തത്. പ്രിയങ്ക ഗാന്ധിക്ക് പിന്തുണ നൽകിയതിനെ സ്വാഗതം ചെയ്ത അദ്ദേഹം ഇപ്പോൾ ആറുതവണ കരണംമറിച്ചിൽ നടത്തിയാണ് സംസാരിച്ചിരിക്കുന്നത്.
ബിജെപി ജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ ബിജെപിയുടെ ഭാണ്ഡമെടുത്ത് ഡിഎംകെയുടെയും പിവി അൻവറിൻ്റെ തലയിൽവെച്ചു രക്ഷപ്പെടാമെന്ന് പ്രതിപക്ഷ നേതാവ് വിചാരിക്കേണ്ട. പ്രതിപക്ഷ നേതാവിന് ഈ രീതിയിൽ അഹങ്കാരം ശരിയല്ല. അതിന് പാലക്കാടും ചേലക്കരയിലും വിലകൊടുക്കേണ്ടിവരും. ബിജെപിയെയും പിണറായിസത്തെയും ഒരേപോലെ തെരഞ്ഞെടുപ്പിൽ എതിർക്കണമെന്നും പിവി അൻവർ പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ഒരുനിലയ്ക്കും ജയിച്ചു കയറില്ലെന്ന് പരിശോധനയിൽ മനസ്സിലായി. കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന് രാഹുലിനോട് എതിർപ്പുണ്ട്. ഇവർ ബിജെപിക്ക് വോട്ട് ചെയ്യും.
കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തുക എന്നതാണ് എൽഡിഎഫ് സ്ഥാനാർഥി പി സരിൻ്റെയും അദ്ദേഹത്തോട് ഒപ്പം നിൽക്കുന്നവരുടെയും ഉദ്ദേശ്യം. കോൺഗ്രസിനെ പരാജയപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ചേലക്കരയിലെ ധാരണയുടെ അടിസ്ഥാനത്തിൽ സിപിഎമ്മിൽനിന്ന് വലിയൊരു വോട്ട് ബിജെപിയിലേക്ക് പോകും. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് ജയിപ്പിച്ചെടുക്കുക നടക്കാത്ത കാര്യമാണെന്ന് പ്രതിപക്ഷ നേതാവിന് ഇന്നലെ രാത്രി ബോധ്യപ്പെട്ടുവെന്നും അൻവർ അഭിപ്രായപ്പെട്ടു.പാലക്കാട് കോൺഗ്രസ് നിർത്തിയത് ആരുടെ സ്ഥാനാർഥിയെയാണ്. കെപിസിസി ഏകകണ്ഠമായി എടുത്ത തീരുമാനമാണിതെന്ന് അഭിപ്രായമുണ്ടോ.
പാലക്കാട്, തൃശൂർ ഡിസിസികൾ നൽകിയ ശുപാർശകളാണ് കെപിസിസി ശുപാർശ ചെയ്തത്. പാലക്കാട് ഡിസിസി ശുപാർശ ചെയ്തത് പി സരിൻ്റെ പേര് ആയിരുന്നു. ഷാഫി പറമ്പിൽ വടകരയ്ക്ക് പോയ സമയം മുതൽ സരിനോട് മത്സരിക്കാൻ തയ്യാറെടുക്കാൻ പാർട്ടി പറഞ്ഞതായി സരിൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. പിന്നെ എങ്ങനെയാണ് സരിൻ മാറിയതും രാഹുൽ മാങ്കൂട്ടത്തിൽ വന്നതും. അത് പ്രതിപക്ഷ നേതാവും ഒരു വിഭാഗം നേതാക്കളും നടത്തിയ ഇടപെടലിൻ്റെ ഭാഗമായാണെന്ന് പിവി അൻവർ ആരോപിച്ചു.
Find out more: