ജയ ഷെട്ടി കൊലപാതകം: കുറ്റവാളി ഛോട്ടാ രാജന് ജാമ്യം! കേസിൽ മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് കോടതി രാജനെതിരെ വിധിച്ച ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചു അപ്പീൽ നൽകാനും സമയം അനുവദിച്ചു. അധോലോക കുറ്റവാളി ഛോട്ടാ രാജന് (രാജേന്ദ്ര സദാശിവ് നിഖൽജെ) ജാമ്യം അനുവദിച്ചു ബോംബെ ഹൈക്കോടതി. ഹോട്ടലുടമ ജയ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് ജാമ്യം. സെൻട്രൽ മുംബൈയിലെ ഗാംദേവിയിലുള്ള ഗോൾഡൻ ക്രൗൺ ഹോട്ടലിൻ്റെ ഉടമയായിരുന്ന ജയ ഷെട്ടി 2001 മെയ് നാലിനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഛോട്ടാ രാജന്റെ സംഘാംഗങ്ങളായ രണ്ടുപേർ ജയ ഷെട്ടിയെ വെടിവെച്ചു കൊന്നുവെന്നാണ് കേസ്. ഹോട്ടലിൻ്റെ ഒന്നാം നിലയിൽ വെച്ച് അക്രമി സംഘം ഷെട്ടിക്ക് നേരെ വെടിയുതി‍ർക്കുകയായിരുന്നു. ഇതിന് പിന്നാലെ ഛോട്ടാ രാജൻ്റെ സംഘാംഗമായ ഹേമന്ത് പൂജാരിയിൽനിന്ന് ഷെട്ടിയുടെ കുടംബാംഗങ്ങൾക്ക് വധഭീഷണി സന്ദേശം ലഭിച്ചിരുന്നു.





ഈ വർഷം മെയിലാണ് ജയ ഷെട്ടി കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഛോട്ടാ രാജനടക്കുള്ള പ്രതികൾക്ക് മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇതിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച ഛോട്ടാ രാജൻ, ശിക്ഷാ വിധി മരവിപ്പിച്ച് ഇടക്കാലത്തേക്ക് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 2015 ഒക്ടോബർ 25ന് ഇന്തോനേഷ്യയിലെ ബാലി വിമാനത്താവളത്തിൽനിന്ന് ഇന്തോനേഷ്യൻ പോലീസ് അറസ്റ്റു ചെയ്ത രാജനെ പിന്നീട് ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു. 2011ലെ ജ്യോതിർമയി ഡേ കൊലക്കേസിൽ 2018 മെയ് മാസമാണ് ഛോട്ടാ രാജനുൾപ്പെടെ എട്ടുപേർക്കെതിരെ ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജയ ഷെട്ടിക്ക് രാജനിൽനിന്ന് തട്ടിക്കൊണ്ടുപോകൽ ഭീഷണി ഉണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.




പണം നൽകിയില്ലെങ്കിൽ ഷെട്ടിയേയും കുടുംബത്തേയും കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ജയ ഷെട്ടിയെ കൊലപ്പെടുത്താനായി ഗുഢാലോചന നടത്തിയെന്നാണ് ഛോട്ടാ രാജനെതിരായ കുറ്റം. ഛോട്ടാ രാജന് പുറമേ അജയ് മോഹിതെ, പ്രമോദ് ദോണ്ഡെ, രാഹുൽ എന്നിവരെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കേസിലെ പ്രതിയായ ഹേമന്ത് പൂജാരി ഇപ്പോഴും ഒളിവിലാണ്. 



ജസ്റ്റിസുമാരായ ദേവതി മോഹിതെ ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്. ജാമ്യം അനുവദിക്കുന്നതിനായി ഒരു ലക്ഷം രൂപയുടെ ബോണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം മറ്റ് ക്രിമിനൽ കേസുകളിലും പ്രതിയായതിനാൽ ഛോട്ടാ രാജൻ ജയിൽ മോചിതനാകില്ല. മാധ്യമപ്രവ‍ത്തകൻ ജ്യോതിർമയി ഡേ കൊലക്കേസിൽ നിലവിൽ തിഹാ‍ർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ഛോട്ടാ രാജൻ.

Find out more: