ത്രേസ്യാമ്മയുടെ ആ ആഗ്രഹം സഫലം; പ്രിയങ്കയെ സ്വീകരിച്ചത് കൊന്തയും മധുരവും നൽകി! പ്രിയങ്ക താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിന് സമീപത്ത് കരുമാങ്കുളത്ത് ത്രേസ്യാമ്മയുടെ വീട്ടിലാണ് പ്രിയങ്ക ഗാന്ധി അപ്രതീക്ഷിത അതിഥിയായത്. ഇതോടെ പ്രിയങ്കയെ കാണുകയെന്ന വർഷങ്ങളായുള്ള ഈ 73കാരിയുടെ ആഗ്രഹം പൂവണിഞ്ഞു. നാമനിർദേശ പത്രികാ സമർപ്പണത്തിനായി വയനാട്ടിൽ എത്തിയ പ്രിയങ്ക ഗാന്ധി സുൽത്താൻ ബത്തേരിയിലെ വീട്ടിൽ സർപ്രൈസ് വിസിറ്റ് നടത്തി വീട്ടുകാരെ ഞെട്ടിച്ചു. വീട്ടിലേക്കെത്തിയ പ്രിയങ്ക ത്രേസ്യാമ്മയെ ആലിംഗനം ചെയ്തും ഉമ്മ വെച്ചും സ്നേഹം പങ്കുവെച്ചു. കുടുംബാംഗങ്ങളോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞ പ്രിയങ്ക ഗാന്ധിയെ അവർ അകത്തേക്ക് ക്ഷണിച്ചു. പിന്നെ കൊന്തയും മധുരവും നൽകി.
ത്രേസ്യാമ്മ നൽകിയ കൊന്ത പോലെ ഒന്ന് മുൻപ് മദർ തെരേസയും തനിക്ക് നൽകിയിട്ടുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. തുടർന്ന് എല്ലാവരുടെയും കൂടെ നിന്ന് ഫോട്ടോ എടുത്തു. 20 മിനിറ്റോളം ത്രേസ്യാമ്മയ്ക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ചെലവഴിച്ചാണ് പ്രിയങ്ക ഗാന്ധി മടങ്ങിയത്. ഹോട്ടലിനോട് ചേർന്ന് പലചരക്ക് കട നടത്തുന്ന ത്രേസ്യാമ്മയുടെ മകൻ എബിയുടെ അടുത്തും സ്ഥാനാർഥി എത്തി. ഇദ്ദേഹത്തിന്റെ സഹോദരൻ ബിനോയിയും അവിടെ ഉണ്ടായിരുന്നു. എക്സ് മിലിട്ടറി ഉദ്യോഗസ്ഥനായ ബിനോയി പ്രിയങ്ക ഗാന്ധിയുമായി ഹിന്ദിയിൽ സംസാരിച്ചു. തങ്ങളുടെ അമ്മ ത്രേസ്യാമ്മയ്ക്ക് പ്രിയങ്കയെ കാണണമെന്ന ദീർഘനാളായുള്ള ആഗ്രഹം ഉണ്ടെന്ന് ബിനോയ് അറിയിച്ചു.
പ്രായാധിക്യത്തെയും അപകടത്തെയും തുടർന്ന് അമ്മയ്ക്ക് നടക്കാൻ കഴിയാത്ത സാഹചര്യമാണെന്നും മകൻ ബിനോയ് പറഞ്ഞു. ഇതോടെയാണ് 250 മീറ്റർ അകലെയുള്ള ത്രേസ്യാമ്മയുടെ വീട്ടിലേക്ക് കാൽനടയായി പ്രിയങ്ക ഗാന്ധി എത്തിയത്.ആ കഥയിങ്ങനെയാണ്: മൈസൂരിൽനിന്ന് റോഡ് മാർഗമാണ് പ്രിയങ്കയും ഭർത്താവ് റോബർട്ട് വദ്രയും സോണിയ ഗാന്ധിയും ബത്തേരിയിലെ ഹോട്ടലിലേക്ക് പുറപ്പെട്ടത്. ഹോട്ടലിലേക്ക് എത്താൻ കുറച്ചു ദൂരം മാത്രമേ ബാക്കിയുള്ളു. ഈ സമയമാണ് വഴിമധ്യേ അഭിവാദ്യം ചെയ്യാൻ നിൽക്കുന്ന ആൾക്കൂട്ടത്തെ കണ്ട് പ്രിയങ്ക അവിടെ ഇറങ്ങിയത്.
സ്ഥലത്ത് കൂടിനിന്ന കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം പ്രിയങ്ക ഹസ്തദാനം നൽകി.യാത്ര പറയാൻ നേരം ഇവരുടെ ഫോൺ നമ്പർ വാങ്ങി ഹോട്ടലിൽ എത്തിയതിന് ശേഷം ത്രേസ്യാമ്മയെ വിളിക്കാനും പ്രിയങ്ക മറന്നില്ല. ഇനിയും താൻ വരുമെന്ന് ത്രേസ്യാമ്മയ്ക്ക് ഉറപ്പ് നൽകിയാണ് മടങ്ങിയതെന്ന് മകൻ ബിനോയ് പറഞ്ഞു. ത്രേസ്യാമ്മയുടെ വീട്ടിൽനിന്ന് തിരികെ വരും വഴിയിൽ കണ്ട ആളുകൾക്കെല്ലാം ഹസ്തദാനം നൽകിയാണ് പ്രിയങ്ക ഗാന്ധി ഹോട്ടലിലേക്ക് പോയത്.
Find out more: