മഹാവികാസ് അഘാഡിക്ക് നെഞ്ചിടിപ്പേറ്റുന്ന സർവേ ഫലം; മഹാരാഷ്ട്രയിൽ മഹായുതി സഖ്യം! നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി, ശിവസേന (ഏക്നാഥ് ഷിൻഡെ), എൻസിപി (അജിത് പവാർ) കക്ഷികളുടെ മഹായുതി സഖ്യം ഭരണം നിലനിർത്തുമെന്ന് സർവേ ഏജൻസിയായ മെട്രിസ് പ്രവചിക്കുന്നു. മഹായുതി സഖ്യം കേവലഭൂരിപക്ഷമായ 145 സീറ്റുകൾക്ക് മുകളിൽ നേടുമെന്നാണ് പ്രവചനം. കോൺഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ), എൻസിപി (ശരദ് പവാർ) കക്ഷികളുടെ മഹാവികാസ് അഘാഡി സഖ്യത്തിന് പ്രതിപക്ഷത്ത് തുടരേണ്ടുവരുമെന്നാണ് അഭിപ്രായ സർവേ പ്രവചിക്കുന്നത്. മഹാരാഷ്ട്രയിൽ ബിജെപി സഖ്യത്തിന് പ്രതീക്ഷ നൽകി അഭിപ്രായ സർവേ ഫലം.മഹാവികാസ് അഘാഡിക്ക് കനത്ത തിരിച്ചടിയേൽക്കുമെന്ന സ‍ർവേ ഫലം കോൺഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ), എൻസിപി (ശരദ് പവാർ) കക്ഷികൾക്ക് നെഞ്ചിടിപ്പേറ്റുന്നതാണ്.




ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ച മഹാവികാസ് അഘാഡി സഖ്യം, നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ആവ‍ർത്തിക്കാമെന്ന് കണക്കുകൂട്ടിയിരുന്നു. സംസ്ഥാനത്തെ 48 ലോക്സഭാ സീറ്റുകളിൽ 31 ഇടത്തും വിജയിച്ചാണ് മഹാവികാസ് അഘാഡി മുന്നേറ്റം നടത്തിയത്. ഭരണകക്ഷിയായ മഹായുതി സഖ്യത്തിന് 17 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനി‍ർത്തിയതോടെ, മഹാരാഷ്ട്രയിലും ബിജെപിക്ക് അനുകൂലമായ കാറ്റ് വീശിയേക്കാമെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. ഈ മാസം 20നാണ് മഹാരാഷ്ട്ര വിധിയെഴുതുക. ആര് വാഴും, ആര് വീഴും എന്ന് 23ന് അറിയാം. പശ്ചിമ മഹാരാഷ്ട്ര, വിദർഭ, താനെ - കൊങ്കൺ മേഖലകളിൽനിന്ന് ബിജെപിക്ക് മികച്ച പിന്തുണ ലഭിക്കുമെന്നും സർവേ ഫലത്തിൽ പറയുന്നു.




പശ്ചിമ മഹാരാഷ്ട്ര മേഖലയിൽ 48 ശതമാനം വോട്ടുകൾ ബിജെപി പെട്ടിയിലാക്കുമെന്നാണ് പ്രവചനം. വിദർഭ മേഖലയിൽനിന്ന് 48 ശതമാനവും താനെ - കൊങ്കൺ മേഖലയിൽനിന്ന് 52 ശതമാനവും വോട്ടുകൾ ബിജെപി നേടുമെന്നാണ് സർവേ അവകാശപ്പെടുന്നത്. വടക്കൻ മഹാരാഷ്ട്ര (47 ശതമാനം), മറാത്ത്‍വാഡ (44 ശതമാനം) മേഖലകൾ മഹാവികാസ് അഘാഡിക്കൊപ്പം നിൽക്കുമെന്നാണ് പ്രവചനം. ഒക്ടോബർ 10 മുതൽ നവംബർ ഒൻപതുവരെ നടന്ന സർവേയിൽ 1,09,628 പേർ പങ്കെടുത്തുവെന്നാണ് മെട്രിസ് വ്യക്തമാക്കുന്നത്.




 മഹാരാഷ്ട്രയിലെ 288 അംഗ നിയമസഭയിൽ മഹായുതി സഖ്യം 145 മുതൽ 165 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. അതേസമയം മഹാവികാസ് അഘാഡി സഖ്യം 106 മുതൽ 126 വരെ സീറ്റുകളിൽ ഒതുങ്ങുമെന്നും സർവേ പ്രവചിക്കുന്നു. വോട്ട് ഷെയറിലും മഹായുതി സഖ്യത്തിന് മേൽക്കൈ ലഭിക്കുമെന്നും പ്രവചനമുണ്ട്. മഹായുതി സഖ്യം 47 ശതമാനം വോട്ടുകൾ നേടുമ്പോൾ മഹാവികാസ് അഘാഡി സഖ്യത്തിന് 41 ശതമാനം വോട്ടുകൾ മാത്രമേ ലഭിക്കൂ എന്നാണ് മെട്രിസിൻ്റെ പ്രവചനം. മറ്റുള്ളവർ 12 ശതമാനം വോട്ടുകൾ പിടിക്കുമെന്നും സർവേ പ്രവചിക്കുന്നു.

Find out more: