രണ്ടാം പിണറായി സർക്കാർ; സിപിഎം പ്രവർത്തകർക്കെതിരെയുള്ള മോശം അഭിപ്രായം ഇപി ജയരാജൻ്റെ വാക്കുകളിലൂടെ പുറത്തുവന്നു; വിടി സതീശൻ! പാർട്ടിയിലെ എതിർപ്പ് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്തും കണ്ടതാണെന്ന് അദ്ദേഹം വിമർശിച്ചു. രണ്ടാം പിണറായി സർക്കാരിനെ കുറിച്ച് സിപിഎം പ്രവർത്തകർക്കും നേതാക്കൾക്കും ഇടയിലുള്ള മോശമായ അഭിപ്രായമാണ് ഇപി ജയരാജന്റെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മിലെ വലിയൊരു വിഭാഗം സഖാക്കൾ ഈ സർക്കാരിനെതിരെ ശക്തമായ നിലപാടാണ് എടുത്തുകൊണ്ടിരിക്കുന്നത്. ഇരുട്ടി വെളുക്കുന്നതിന് മുൻപ് മറുകണ്ടം ചാടിയ ആളെ പാലക്കാട് മാത്രമല്ല, ചേലക്കരയിലെ വിജയ സാധ്യതയെയും ബാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
ഇരുണ്ട് വെളുക്കുന്നതിന് മുൻപ് മറുകണ്ടം ചാടിയ അവസരവാദിയെയാണ് സിപിഎം സ്ഥാനാർഥിയാക്കിയതെന്ന് സിപിഎമ്മിന്റെ ഉന്നതരായ നേതാക്കൾ പോലും പരാതിപ്പെടുകയാണ്. സിപിഎമ്മിലെ ഒരു സംഘമാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ബിജെപിയിൽ സ്ഥാനാർത്ഥിത്വം ചോദിച്ചു പോയ ആളെ പാലക്കാട് സ്ഥാനാർഥിയാക്കിയതിൽ സിപിഎമ്മിൽ കലാപമാണെന്ന് പ്രതിപക്ഷം പറഞ്ഞത് അടിവരയിടുന്നതാണ് ഇപി ജയരാജൻ ആത്മകഥയിലൂടെ പറഞ്ഞിരിക്കുന്നത്. ഡിസി ബുക്‌സ് പോലെ വിശ്വാസ്യതയുള്ള ഒരു പ്രസാധക സ്ഥാപനത്തിന് ആകാശത്ത് നിന്നും ഒരാളുടെ ആത്മകഥ എഴുതാൻ സാധിക്കുമോ? ഇപി ജയരാജന്റെ അനുമതി ഇല്ലാതെ കവർ പേജ് പ്രസിദ്ധീകരിച്ച് പുസ്തകം ഇന്ന് എല്ലാ സ്റ്റോറുകളിലും എത്തുമെന്ന അറിയിപ്പ് നൽകാൻ ഡിസി ബുക്‌സിന് സാധിക്കുമോ?
ആത്മകഥ പുറത്തു പോയത് എങ്ങനെയാണെന്ന് ഇപി ജയരാജനാണ് അന്വേഷിക്കേണ്ടത്. ഇപിയുടെ പാർട്ടിയിലെ മിത്രങ്ങളാണോ അതോ ശത്രുക്കളാണോ അത് പുറത്തു കൊടുത്തതെന്നു മാത്രം ഇപി അന്വേഷിച്ചാൽ മതി. ബാക്കിയെല്ലാം പ്രിന്റ് ചെയ്തിട്ടുണ്ട്. അതിൽ അവസരവാദ രാഷ്ട്രീയത്തെ കുറിച്ചും പാലക്കാട്ടെ സ്ഥാനാർഥി നിർണയത്തെ കുറിച്ചും രണ്ടാം പിണറായി സർക്കാരിനെ കുറിച്ചുമുള്ള രൂക്ഷമായ വിമർശനങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഇപി ജയരാജനും സിപിഎമ്മും ഇപ്പോൾ ആത്മകഥ നിഷേധിക്കുകയാണ്. ജയരാജൻ നേരത്തെയും ഇങ്ങനെയൊക്കെ പറയുന്ന ആളാണ്. ജാവദേക്കറെ കണ്ടോയെന്ന് ചോദിച്ചപ്പോൾ ആദ്യം കണ്ടില്ലെന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞ് കണ്ടെന്നു പറഞ്ഞു. ബിജെപി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമായി ഇപി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന് ഞാൻ ആരോപിച്ചപ്പോഴും രണ്ടുപേരും നിഷേധിച്ചു.
അദ്ദേഹം സത്യസന്ധനായതു കൊണ്ടു തന്നെ ആദ്യം അങ്ങനെ പറഞ്ഞെങ്കിലും പിന്നീട് ഭാര്യയ്ക്ക് ഷെയർ ഉണ്ടെന്ന് പറഞ്ഞു. ഇപ്പോൾ അദ്ദേഹത്തെക്കൊണ്ട് തൽക്കാലത്തേക്ക് പാർട്ടി നിഷേധിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അദ്ദേഹം പറയും. സിപിഎമ്മിന് രണ്ടാം സ്ഥാനത്ത് എത്താനുള്ള സാധ്യത ബിജെപിയിലേക്ക് സീറ്റ് ചോദിച്ച് പോയ ആൾക്ക് സീറ്റ് നൽകിയതിലൂടെ അവർ തന്നെ തല്ലിക്കെടുത്തി. അവരുടേതായ സ്ഥാനാർഥിയെ നിർത്തിയിരുന്നെങ്കിൽ രണ്ടാം സ്ഥാനത്തേക്ക് കയറി വരാമായിരുന്ന സാധ്യത സിപിഎം തന്നെയാണ് നശിപ്പിച്ചത്. ഇരുട്ടി വെളുക്കുന്നതിന് മുൻപ് മറുകണ്ടം ചാടുന്ന ആൾ എന്നാണ് ഇപി ജയരാജൻ പറഞ്ഞത്. അതിനേക്കാൾ വലിയ സർട്ടിഫിക്കറ്റ് ഈ സ്ഥാനാർത്ഥിക്ക് നൽകാനില്ല. പാലക്കാട് സിപിഎമ്മും ബിജെപിയും തമ്മിലാണ് രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം നടക്കുന്നത്.
Find out more: