സിപിഎം ജില്ലാ സെക്രട്ടറിയെ ജയിലിൽ അടയ്ക്കണം": പ്രതിപക്ഷ നേതാവ് വിഡി സതീശൻ! പൊലീസ് അയാൾക്കെതിരെ കേസെടുക്കണം. എല്ലാവരും വോട്ട് ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അഭ്യർത്ഥിക്കുമ്പോഴാണ് വോട്ട് ചെയ്യാൻ വരരുതെന്ന ഭീഷണി. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് യു.ഡി.എഫ് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് വ്യാപകമായി കോൺഗ്രസും ബി.ജെ.പിയും കള്ളവോട്ട് ചേർത്തെന്ന ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു നേരത്തെ രംഗത്ത് വന്നിരുന്നു. പാലക്കാട്ടെ കള്ളപ്പണം കോൺഗ്രസ് ചേലക്കരയിലും എത്തിച്ചു. പരിശോധിക്കാൻ കമ്മിഷന് പരാതി നൽകി. ബൂത്ത് നമ്പർ 177ൽ 37 പുതിയ വോട്ടർമാർ അവിടത്തുകാരല്ല. മലമ്പുഴ മണ്ഡലത്തിലെ വോട്ടർക്ക് പാലക്കാട്ടെ കണ്ണാടിയിലും വോട്ടുണ്ടെന്നു പാലക്കാട് സിപിഎം ജില്ലാസെക്രട്ടറി ആരോപിക്കുകയുണ്ടായി. തിരഞ്ഞെടുപ്പ് തുടങ്ങിയ അന്നു മുതൽ ഒരു സി പി എം ജില്ലാ സെക്രട്ടറി എല്ലാവരെയും ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
പുതുതായി വോട്ട് ചേർത്തിരിക്കുന്ന വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നാണ് അയാൾ പറയുന്നത്. ബി ജെ പിയിൽ സ്ഥാനാർത്ഥിത്വം ചോദിച്ചു പോയ ആളെ പാലക്കാട് സ്ഥാനാർത്ഥിയാക്കിയതിൽ സി പി എമ്മിൽ കലാപമാണെന്ന് പ്രതിപക്ഷം പറഞ്ഞത് അടിവരയിടുന്നതാണ് ഇ പി ജയരാജൻ ആത്മകഥയിലൂടെ പറഞ്ഞിരിക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. ഇരുട്ടി വെളുക്കുന്നതിന് മുൻപ് മറുകണ്ടം ചാടിയ ആളെ പാലക്കാട് മാത്രമല്ല, ചേലക്കരയിലെ വിജയ സാധ്യതയെയും ബാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇരുണ്ട് വെളുക്കുന്നതിന് മുൻപ് മറുകണ്ടം ചാടിയ അവസരവാദിയെയാണ് സി.പി.എം സ്ഥാനാർത്ഥിയാക്കിയതെന്ന് സി.പി.എമ്മിന്റെ ഉന്നതരായ നേതാക്കൾ പോലും പരാതിപ്പെടുകയാണ്. സി.പി.എമ്മിലെ ഒരു സംഘമാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. പാലക്കാട് സി.പി.എമ്മും ബി.ജെ.പിയും തമ്മിലാണ് രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം നടക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. സി.പി.എമ്മിന് രണ്ടാം സ്ഥാനത്ത് എത്താനുള്ള സാധ്യത ബി.ജെ.പിയിലേക്ക് സീറ്റ് ചോദിച്ച് പോയ ആൾക്ക് സീറ്റ് നൽകിയതിലൂടെ അവർ തന്നെ തല്ലിക്കെടുത്തി.
അവരുടേതായ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നെങ്കിൽ രണ്ടാം സ്ഥാനത്തേക്ക് കയറി വരാമായിരുന്ന സാധ്യത സി.പി.എം തന്നെയാണ് നശിപ്പിച്ചത്. ഇരുട്ടി വെളുക്കുന്നതിന് മുൻപ് മറുകണ്ടം ചാടുന്ന ആൾ എന്നാണ് ഇ.പി ജയരാജൻ പറഞ്ഞത്. അതിനേക്കാൾ വലിയ സർട്ടിഫിക്കറ്റ് ഈ സ്ഥാനാർത്ഥിക്ക് നൽകാനില്ല.വോട്ടർമാരെ തടയുമെന്ന് ഒരു പാർട്ടി ജില്ലാ സെക്രട്ടറി പറഞ്ഞാൽ ജാമ്യമില്ലാത്ത കേസെടുത്ത് അയാളെ ജയിലിൽ അടയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. "ഓലപ്പാമ്പ് കാട്ടി വിരട്ടാനൊന്നും വരേണ്ട. ആരു വിചാരിച്ചാലും പുതുതായി വോട്ട് ചേർത്തിരിക്കുന്നവർ വോട്ടു ചെയ്യും. പാർട്ടിയിലെ അന്തച്ഛിദ്രത്തെ തുടർന്ന് സി.പി.എമ്മിന് പുതുതായി വോട്ട് ചേർക്കാൻ പറ്റിയിട്ടില്ല. ബി.ജെ.പിക്കും സാധിച്ചില്ല. യു.ഡി.എഫ് ഒറ്റക്കെട്ടായി പുതിയ വോട്ടർമാരെ ചേർത്തതിലുള്ള അസ്വസ്ഥതയാണ് ഭീഷണിക്ക് കാരണം. ആര് വോട്ട് ചേർത്താലും എല്ലാവരും വോട്ട് ചെയ്യും.
ഒരാളെ പോലും ആർക്കും തടയാനാകില്ല. വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചതിന് ജാമ്യമില്ലാ കേസെടുത്ത് സി.പി.എം ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുപ്പിന് മുൻപ് അറസ്റ്റു ചെയ്ത് ജയിലിലാക്കണം. എല്ലാ രേഖകളും ഇലക്ഷൻ ഉദ്യോഗസ്ഥർ പരിശോധിച്ച് ബി.എൽ.ഒമാർ വീടുകളിലും പരിശോധന നടത്തി റിപ്പോർട്ട് നൽകിയ ശേഷമാണ് വോട്ട് ചേർക്കുന്നത്. ആറായിരം പേരുടെ വോട്ട് ചേർത്തതിലെ അസ്വസ്ഥതയാണ് പ്രകടിപ്പിക്കുന്നത്. വോട്ട് ചേർക്കൽ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമാണ്. ഒരു കാലത്തും നടത്താത്ത മുന്നൊരുക്കം നടത്തിയതു കൊണ്ട് സി.പി.എം സിറ്റിംഗ് സീറ്റായിരുന്ന ചേലക്കര തിരിച്ചു പിടിക്കുമെന്ന് ഞങ്ങൾ പറഞ്ഞത്. പാലക്കാട് ഷാഫി പറമ്പിലിനും പാർലമെന്റിൽ വി.കെ ശ്രീകണ്ഠനും കിട്ടിയതിനേക്കാൾ വലിയ ഭൂരിപക്ഷത്തിന് രാഹുൽ മാങ്കൂട്ടത്തിലും വിജയിക്കും," അദ്ദേഹം പറഞ്ഞു.
Find out more: