ബിജെപിയിലെ വെറുപ്പ് അവരുടെ പ്രത്യയശാസ്ത്രത്തിന്റേത്; സന്ദീപ് വാര്യർ! കോൺഗ്രസ്സിന്റെ ആശയം ഇന്ത്യയിൽ ജനിച്ചു വീണ ഓരോ കുട്ടിയുടെയും ഡിഎൻഎയിൽ ഉള്ളതാണ്. അത് തനിക്ക് ഉൾക്കൊള്ളാൻ ഒരു പ്രയാസവും ഉണ്ടാകില്ലെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. സംഘപരിവാർ ആശയങ്ങളെ പൂർണമായും തള്ളിക്കളഞ്ഞു കൊണ്ടാണ് താൻ കോൺഗ്രസ്സിൽ അംഗത്വം നേടിയിരിക്കുന്നത്. നേതൃത്വത്തോടുള്ള അതൃപ്തി കൊണ്ട് ബിജെപിയിൽ നിന്ന് പുറത്തു വന്ന ഒരാൾക്ക് എങ്ങനെയാണ് പ്രത്യയശാസ്ത്രപരമായ മാറ്റം പെട്ടെന്ന് സാധ്യമാകുമോ എന്ന ചോദ്യത്തോട് സന്ദീപ് ഇങ്ങനെയാണ് പ്രതികരിച്ചത്: "നോക്കൂ, ഞാൻ കരുതിയത് എന്നോടുള്ള വെറുപ്പ് വ്യക്തിപരമാണ് എന്നാണ്. എന്നാൽ ആ വ്യക്തിപരമായ വിരോധത്തിനു പിന്നിൽ ഉറഞ്ഞു കൂടിയിട്ടുള്ള വെറുപ്പും വിദ്വേഷവും ഒരു പ്രത്യയശാസ്ത്രത്തിൽ നിന്ന് ഉണ്ടായതാണെന്ന് മനസ്സിലാക്കിയ നിമിഷമാണ് ഞാൻ മാറാൻ തീരുമാനിച്ചത്.
" 'സ്നേഹത്തിന്റെ കട'യിൽ അംഗത്വമെടുക്കുകയാണ് താനെന്ന് കോൺഗ്രസ്സിൽ ചേർന്ന ബിജെപി നേതാവ് സന്ദീപ് വാര്യർ. വെറുപ്പിന്റെ രാഷ്ട്രീയം വിട്ടതിന്റെ ആഹ്ലാദത്തിലാണ് താൻ. കോൺഗ്രസ്സിന്റെ ആശയം ഇന്ത്യയിൽ ജനിച്ചു വീണ ഓരോ കുട്ടിയുടെയും ഡിഎൻഎയിൽ ഉള്ളതാണ്. സന്ദീപ് വാര്യർ അപ്രസക്തനായ വ്യക്തിയാണെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേകർ പ്രതികരിച്ചു. അപ്രസക്തമായ പാർട്ടിയിലേക്കാണ് അദ്ദേഹം പോകുന്നത്. സ്നേഹത്തിന്റെ കടയിൽ സന്ദീപ് വാര്യർക്ക് മികച്ച പദവി ലഭിക്കട്ടേയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പരിഹസിച്ചു. ശ്രീനിവാസൻ ബലിദാനിയായ ദിവസം തന്നെയാണ് സന്ദീപ് വാര്യർ പാർട്ടി വിടുന്നത്. ഇത് പാലക്കാട്ടെ ജനങ്ങൾ കാണുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അതെസമയം ശ്രീനിവാസൻ വധക്കേസ് പ്രതികൾക്ക് എങ്ങനെയാണ് ജാമ്യം ലഭിച്ചത് എന്ന ചോദ്യം സന്ദീപ് വാര്യർ ഉന്നയിച്ചു.
സന്ദീപ് വാര്യർ സ്നേഹത്തിന്റെ രാഷ്ട്രീയത്തിലേക്കാണ് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സിപിഎം നേതാക്കൾ അദ്ദേഹത്തെ ഹൃദയപൂർവ്വം സ്വാഗതം ചെയ്തിരുന്ന കാര്യവും വിഡി സതീശൻ ചൂണ്ടിക്കാട്ടി. സിപിഎം -ബിജെപി ഡീലിനെ എതിർത്തതാണ് ഞാൻ ചെയ്ത തെറ്റ്. കരിവന്നൂരും കൊടകരയും പരസ്പരം വെച്ചുമാറുന്നതിനെ എതിർത്തുവെന്നതാണ് ഞാൻ ചെയ്ത തെറ്റ്. കൊടകര കുഴൽപ്പണ കേസ് പ്രതി ധർമ്മ രാജന്റെ കോൾ ലിസ്റ്റിൽ പേരില്ലാതെ പോയതാണ് ഞാൻ ചെയ്ത കുറ്റമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ ചർച്ചയ്ക്ക് പോകരുതെന്ന് പോലും തന്നോട് പറഞ്ഞു, വ്യക്തിപരമായി ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റിന്റെ പേരിൽ ഒരു വർഷക്കാലം നടപടി നേരിട്ടു. താനിന്ന് ഈ നിമിഷം കോൺഗ്രസിന്റെ ത്രിവർണ്ണ ഷാൾ അണിഞ്ഞ് ഇരിക്കുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം കെ സുരേന്ദ്രനും സംഘത്തിനുമാണ്. താൻ സിപിഎമ്മിലെ ഒരു നേതാവുമായും താൻ സംസാരിച്ചിട്ടില്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു. താൻ ധർമ്മരാജന്റെ കോൾ ലിസ്റ്റിൽ ഇല്ലാത്ത ആളാണെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി.
Find out more: