വീണ്ടും കേരളം ആസ്വദിച്ച് ഹേമന്ത് സോറനും ഭാര്യയും! കാസർകോട് ബേക്കലിൻ്റെ സൗന്ദര്യം നുകർന്ന ഹേമന്ത് സോറനും ഭാര്യ കൽപന സോറനും നാല് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി അവിസ്മരണീയമായ അനുഭവങ്ങളുമായി നാട്ടിലേക്ക് മടങ്ങി. ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസുമായി ഹേമന്ത് സോറൻ സംസാരിച്ചു. മുഹമ്മദ് റിയാസിനെ ജാർഖണ്ഡിലേക്ക് ക്ഷണിച്ച ശേഷമായിരുന്നു ഹേമന്ത് സോറൻ്റെ മടക്കം. നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് ശേഷം അവധിക്കാലം കേരളത്തിൽ ആഘോഷിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും കുടുംബവും. ബേക്കൽ റിസോർട്ട്‌സ് ഡെവലപ്‌മെന്റ് കോർപറേഷന്റെ ബിആർഡിസി മാനേജിങ് ഡയറക്ടർ പി ഷിജിൻ കേരളത്തിന്റെ പരമ്പരാഗത രീതിയിലുള്ള ഉപഹാരം ജാർഖണ്ഡ് മുഖ്യമന്ത്രിക്ക് നൽകി.





കഴിഞ്ഞ വ‍ർഷവും ഹേമന്ത് സോറനും കുടുംബവും കേരളത്തിൽ അവധിക്കാലം ആഘോഷിച്ചിരുന്നു. തിരുവനന്തപുരത്തുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മടങ്ങിയിരുന്നത്. വലിയപറമ്പ് കായലിൽ ഹൗസ് ബോട്ടിൽ സഞ്ചരിച്ച ഹേമന്ത് സോറൻ കേരളത്തിന്റെ മനോഹാരിതയും ഇവിടുത്തെ ജനങ്ങളുടെ ശാന്തമായ പെരുമാറ്റത്തെപ്പറ്റിയും പ്രത്യേകം എടുത്തു പറഞ്ഞു. പുത്തരിച്ചോറും കേരള ഭക്ഷണവുമാണ് നാലു ദിവസവും സോറൻ കഴിച്ചത്. കൂടാതെ, നീലേശ്വരം കോട്ടപ്പുറത്ത് തേജസ്വിനിപ്പുഴയിലൂടെ നടത്തിയ ഹൗസ്ബോട്ട് സഫാരിക്കിടെ ഉള്ളിവടയും ഉരുളക്കിഴങ്ങ് ബജിയും ആസ്വദിച്ചു.





കൂടാതെ, സിനിമാ താരങ്ങൾ, ബിസിനസുകാർ തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ളവരും നിരവധി. ബേക്കൽ കോട്ടയും പ്രകൃതിരമണീയമായ ബീച്ചും സഞ്ചാരികൾക്ക് നവ്യാനുഭവം പകരുന്നതിനാൽ അറിഞ്ഞും പറഞ്ഞുകേട്ടും നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ സാന്നിധ്യമുള്ളതിനാൽ വിദേശ സഞ്ചാരികളടക്കം ബേക്കൽ തിരഞ്ഞെടുക്കുന്നുണ്ട്. അതേസമയം കാസ‍ർകോട്ടെ ബേക്കൽ പ്രമുഖരുടെ ഇഷ്ടകേന്ദ്രമാകുന്നത് ഇതാദ്യമല്ല. മുൻ രാഷ്ട്രപതി പ്രണബ് മുഖ‍ർജി മുതൽ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ വരെ ബേക്കലിൻ്റെ സൗന്ദര്യം ആസ്വദിച്ചിട്ടുണ്ട്. 



മൂന്നു ദിവസത്തെ അവധിക്കാല വിശ്രമത്തിനായി ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ഹേമന്ത് സോറനും ഭാര്യയും ബേക്കലിൽ എത്തിയത്. മംഗളൂരുവിൽ വിമാനമിറങ്ങിയ ഇരുവരും കാർ മാർഗം ബേക്കലിലേക്ക് എത്തുകയായിരുന്നു. ബിആർ ഡിസി പദ്ധതിയുടെ ഭാഗമായ ബേക്കലിലെ താജ് ഹോട്ടലിലായിരുന്നു താമസം. മൂന്ന് ദിവസത്തേക്കാണ് എത്തിയതെങ്കിലും പിന്നീട് ഒരു ദിവസത്തേക്ക് കൂടി സന്ദർശനം നീട്ടി.

Find out more: