പെരിയ ഇരട്ട കൊലപാതകം; അഭിനന്ദനങ്ങൾ നേർന്ന് കെ സുധാകരൻ! കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇതുപോലൊരു വിധി ആദ്യമാണെന്ന് കെ സുധാകരൻ പറഞ്ഞപ്പോൾ, സിബിഐ കോടതിയുടെ വിധി ആശ്വാസം പകരുന്നതും നീതിന്യായ വ്യവസ്ഥയിൽ ആളുകൾക്കുള്ള വിശ്വാസം വർധിപ്പിക്കുന്നതുമാണെന്ന് വിഡി സതീശൻ വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാണെന്നും പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചത് മുഖ്യമന്ത്രിയും സർക്കാരുമാണെന്നും വിഡി സതീശൻ ആരോപിച്ചു. പെരിയ ഇരട്ടക്കൊലക്കേസ് വിധി സ്വാഗതം ചെയ്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും.കൊലപാതകത്തിൽ സിപിഎം കുറ്റകരമായ ഗൂഢാലോചന നടത്തിയിട്ടുണ്ട്. കൊല്ലപ്പെടേണ്ടവരെയും കൊലയാളികളെയും തീരുമാനിച്ചത് സിപിഎമ്മാണ്. എങ്ങനെ കൊല്ലണമെന്ന് തീരുമാനിച്ചതും സിപിഎമ്മാണ്.
പ്രതികളെ ഒളിപ്പിച്ചതും തെളിവുകൾ നശിപ്പിച്ചതും സിപിഎമ്മാണ്. പ്രതികളെ രക്ഷപ്പെടുത്താൻ പോലീസിനെ ദുരുപയോഗം ചെയ്തത് കേരളത്തിലെ സർക്കാരാണ്. സിബിഐ അന്വേഷണം വരാതിരിക്കാനായി നികുതിപ്പണത്തിൽനിന്ന് ഒരു കോടി രൂപയോളമാണ് ചെലവാക്കിയത്. കൊലപാതകത്തിനും കൊലയാളികളെ രക്ഷപ്പെടുത്താനും നേതൃത്വം നൽകിയ പാർട്ടിയാണ് കേരളം ഭരിക്കുന്നതെന്നതിൽ കേരളം ലജ്ജിച്ചു തലതാഴ്ത്തുമെന്നും വിഡി സതീശൻ അഭിപ്രായപ്പെട്ടു. പെരിയ ഇരട്ടക്കൊലക്കേസിൽ ഉദുമ മുൻ എംഎൽഎയും സിപിഎം നേതാവുമായ കെവി കുഞ്ഞിരാമൻ, പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവർ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരാണെന്നാണ് എറണാകുളം സിബിഐ കോടതിയുടെ വിധി.
ഒന്നുമുതൽ 10 വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ വെറുതെവിട്ടു. കുറ്റക്കാർക്കുള്ള ശിക്ഷാവിധി ജനുവരി മൂന്നിന് പ്രസ്താവിക്കും. 2019 ഫെബ്രുവരി 17നായിരുന്നു പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‍ലാൽ (23), കൃപേഷ് (19) എന്നിവർ കൊല്ലപ്പെട്ടത്. രണ്ട് ചെറുപ്പക്കാരെയാണ് ഒരു കാരണവുമില്ലാതെ ക്രൂരമായി കൊല ചെയ്തതെന്ന് വിഡി സതീശൻ പറഞ്ഞു. രണ്ട് കുടുംബങ്ങളെയാണ് ക്രിമിനലുകൾ അനാഥമാക്കിയത്. കൊലപാതകം ചെയ്തതും ചെയ്യിച്ചതും സിപിഎമ്മാണ്. പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചത് സിപിഎമ്മും മുഖ്യമന്ത്രിയും സർക്കാരും ചേർന്നാണ്.
പൊതുജനങ്ങളുടെ നികുതിപ്പണം ഇതിനുവേണ്ടി ചെലവാക്കിയെന്നും വിഡി സതീശൻ വിമർശിച്ചു.ഇത്രയും പ്രതികളെ ശിക്ഷിച്ചുകൊണ്ടുള്ള വിധി ലഭിക്കാനിടയായത് സന്ദർഭോചിതമായി, സമയോചിതമായി, നിയമപരമായി, കോടതിക്ക് തോന്നിയ നല്ല ബുദ്ധിയെ തുടർന്നാണെന്ന് കെ സുധാകരൻ പറഞ്ഞു. പോലീസിൽനിന്ന് സിബിഐയ്ക്ക് കേസ് കൈമാറാൻ തൻ്റേടം കാണിച്ച ഉദ്യോഗസ്ഥവൃന്ദം തന്നെയാണ് പെരിയ കേസിലെ വിജയശിൽപികൾ. കേരളത്തിൽ ഇത്രയേറെ ആളുകളെ കുറ്റക്കാരെന്ന് കണ്ടെത്തിയ കേസ് വേറെ ഉണ്ടോയെന്ന് തനിക്കറിയില്ലെന്നും കെ സുധാകരൻ പറഞ്ഞു.
Find out more: