മദ്യനിർമാണ ശാല അനുമതി; മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും അറിഞ്ഞുള്ള അഴിമതിഎന്ന് വിഡി സതീശൻ.നാല് ഗുരുതര ആരോപണങ്ങൾക്ക് മറുപടിയില്ല രണ്ടു വർഷം മുൻപേ സർക്കാരും കമ്പനിയും ഗൂഡാലോചന തുടങ്ങി. മദ്യനിർമ്മാണ പ്ലാൻ്റ് തുടങ്ങുന്നത് കോളജ് നിർമിക്കാൻ വാങ്ങിയ സ്ഥലത്താണ്. എന്തു കിട്ടിയെന്നു മാത്രം മന്ത്രി പറഞ്ഞാൽ മതിയെന്നും വിഡി സതീശൻ കൊച്ചി എയർപോർട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു.മദ്യനിർമാണ ശാലയ്ക്കുള്ള അനുമതി മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും അറിഞ്ഞുള്ള അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.പോയിൻ്റ് 24 പറഞ്ഞിരിക്കുന്നതിനല്ല അനുമതി നൽകിയത്. മന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. എന്തിനാണ് ടെൻഡർ, കൊടുത്താൽ പോരെ എന്നതാണ് മന്ത്രിയുടെ മറ്റൊരു ചോദ്യം.
എല്ലാവർക്കും അനുമതി നൽകുമെങ്കിൽ അത് ശരിയാണ്. മദ്യനയം മാറ്റി, ഇത്തരത്തിൽ അനുമതി നൽകുന്നുണ്ടെന്ന കാര്യം സമാനമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും കമ്പനി അറിഞ്ഞിട്ടുണ്ടോ?മന്ത്രിയും ചില ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയും മാത്രം അറിഞ്ഞുള്ള ഇടപാടാണ്. ഒരു സുതാര്യതയുമില്ല. അതുകൊണ്ടാണ് ഇത് അഴിമതിയാണെന്നു പറയുന്നത്. എലപ്പുള്ളി പഞ്ചായത്തിൽ ഈ മദ്യനിർമാണ കമ്പനി 26 ഏക്കർ സ്ഥലം മതിൽകെട്ടി എടുത്തിട്ടുണ്ട്. ചോദ്യങ്ങൾക്കാണ് മന്ത്രി ആദ്യം മറുപടി പറയേണ്ടത്. ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായതിനു പുറമെ പഞ്ചാബിൽ ഭൂഗർഭ ജലവും ഉപരിതല ജലവും മലിനപ്പെടുത്തിയ കമ്പനിയെ എന്തിനാണ് തെരഞ്ഞെടുത്തത്? ജലമലിനീകരണത്തിന് കൊക്കക്കോള പ്ലാൻ്റ് അടച്ചുപൂട്ടിയ ജില്ലയിൽ തന്നെ ദശലക്ഷക്കണക്കിന് ലിറ്റർ ആവശ്യമുള്ള ഈ പ്ലാൻ്റ് എന്തിന് അനുവദിച്ചു? മദ്യ നയത്തിലെ 24 നോക്കൂ എന്ന് മന്ത്രി പറഞ്ഞു.
ഞങ്ങൾ നോക്കി. ഈ കമ്പനിക്ക് നൽകിയതും 24 ൽ പറയുന്നതും തമ്മിൽ ഒരു ബന്ധവുമില്ല. എന്തുകൊണ്ടാണ് രഹസ്യമായി ഈ കമ്പനിയുമായി മാത്രം ചർച്ച നടത്തി അവർക്കു തന്നെ കൊടുത്തത്? ഇഷ്ടക്കാർക്ക് പട്ടുംവളയും നൽകാൻ ഇത് രാജഭരണമല്ല, ജനാധിപത്യ ഭരണമാണ്. നടപടിക്രമങ്ങളുള്ള നാടാണ്. മന്ത്രി മറുപടി പറഞ്ഞേ മതിയാകൂ.ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പറയാൻ സാധിക്കാതെ വരുമ്പോൾ കൊഞ്ഞനം കുത്തിക്കാണിക്കുന്നതു പോലെയാണ് വിഷയദാരിദ്ര്യമെന്നും രമേശ് ചെന്നിത്തല, കോൺഗ്രസിലെ തർക്കം എന്നൊക്കെ മന്ത്രി പറയുന്നത്. അതൊക്കെ മാറ്റി വച്ച് ചോദിച്ചതിന് മറുപടി പറയുകയാണ് വേണ്ടത്.
എന്തു കിട്ടിയെന്ന ചോദ്യത്തിന് മറുപടിയില്ല. എന്നിട്ടാണ് നിങ്ങൾ മദ്യനയത്തിൻ്റെ പോയിൻ്റ് 24 നോക്കൂവെന്ന് മന്ത്രി പറയുന്നത്.എക്‌സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ ഉണ്ടാക്കാൻ അനുമതി നൽകുമെന്നാണ് പോയിൻ്റ് 24-ൽ പറയുന്നത്. ഇവിടെ എക്‌സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ ഉണ്ടാക്കാനുള്ള അനുമതി മാത്രമാണോ നൽകിയിരിക്കുന്നത്? എഥനോൾ പ്ലാൻ്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാൾട്ട് സ്പിരിറ്റ് പ്ലാൻ്റ്, ബ്രാണ്ടി പ്ലാൻ്റ്, വൈനറി പ്ലാൻ്റ് എന്നിവയ്‌ക്കൊക്കെ അനുമതി നൽകിയിരിക്കുകയാണ്.
Find out more: