കേരള വാണിങ്സ് ക്രൈസിസ് ആൻഡ് ഹസാർഡ്‌സ് മാനേജ്‌മെന്റ് സിസ്റ്റം; കേരളത്തിലെ ദുരന്തസാധ്യതയുള്ളപ്രദേശങ്ങളെ ഉറ്റു നോക്കി സർക്കാർ! കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ കവചത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കേരളത്തിലെ ദുരന്തസാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളെയും കവചത്തിന്റെ (കേരള വാണിങ്സ് ക്രൈസിസ് ആൻഡ് ഹസാർഡ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) കീഴിൽ കൊണ്ടുവരാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ സ്ഥലങ്ങളിലും സൈറൺ വഴി മുന്നറിയിപ്പ് ലഭിക്കുബോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ കഴിയും. സൈറണുകൾ വഴി തത്സമയം മുന്നറിയിപ്പുകൾ അനൗൺസ് ചെയ്യാൻ സാധിക്കും. അതിനോടൊപ്പം നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. സൈറൺ വഴി വരുന്ന മുന്നറിയിപ്പുകളെ കുറിച്ചും അത്തരം ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യേണ്ടത് ഏറെ പ്രധാനമാണ്.
ഇതെല്ലാം ആദ്യ ഘട്ട പ്രവർത്തനങ്ങളാണ്.കേരളത്തിലെ ദുരന്ത സാധ്യതാ പ്രദേശങ്ങൾ, അവിടങ്ങളിലെ ജലാശയങ്ങൾ, റോഡുകൾ, പാലങ്ങൾ, സ്‌കൂളുകൾ, ആശുപത്രികൾ, ദുരിതാശ്വാസ കേന്ദ്രങ്ങൾ ഫയർ സ്റ്റേഷനുകൾ മറ്റ് പൊതുകെട്ടിടങ്ങൾ തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളുടെയും വിവരങ്ങൾ കവചത്തിലുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളാണുള്ളത്. ഈ കൺട്രോൾ റൂമുകളെ പരസ്പരം വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് വഴി ബന്ധിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മുഴുവൻ പ്രദേശങ്ങളിലെയും ദുരന്ത സാധ്യതകളെ യഥാസമയം നിരീക്ഷിക്കുകയും ഏതെങ്കിലും തരത്തിലുള്ള അപകട സാധ്യത മുന്നിൽ കണ്ടാൽ ദ്രുതഗതിയിൽ ഇടപെടുകയും ചെയ്യലാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിൽ ദുരന്തനിവാരണ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
അതിന്റെയെല്ലാം തുടർച്ചയെന്ന നിലയ്ക്കാണ് കവചം എന്ന സംവിധാനത്തെ കാണേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുജനങ്ങൾക്കും രക്ഷാസേനകൾക്കും കൃത്യമായ മുന്നറിയിപ്പ് നൽകാനും ആവശ്യമെങ്കിൽ ആളുകളെ മാറ്റി താമസിപ്പിക്കാനും ഇതുവഴി കഴിയും.മൊബൈൽ സന്ദേശങ്ങൾ മുഖേന കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്ന സംവിധാനം ഇതിനകം തന്നെ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇതിന് പുറമേ സാമൂഹ്യ മാധ്യമങ്ങൾ വഴി വിവരങ്ങൾ എത്തിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം സുരക്ഷാ സംവിധാനങ്ങളുടെ തുടർച്ചയായാണ് കവചത്തെയും കാണേണ്ടത്. ഇതിന്റെ ഗുണഫലങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാനുതകും വിധം ഇതിനെപ്പറ്റി വ്യക്തമായ ബോധവൽക്കരണം നൽകാൻ ഇനിയും നടപടികൾ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കവചത്തിന്റെ ഭാഗമായി ഒരു സിറ്റിസൺ പോർട്ടലും 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി കാൾ സെന്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. അതുവഴി ഏതെങ്കിലും അപകട സാധ്യത മുന്നിൽ കാണുകയോ അപകടങ്ങളിൽ പെടുകയോ ചെയ്യുന്ന പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിലേക്ക് ബന്ധപ്പെടാനും സഹായമാവശ്യപ്പെടാനുമാകും.
പഞ്ചായത്തുതല ദുരന്തനിവാരണ സമിതികളുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്നും കഴിഞ്ഞ എട്ടരവർഷക്കാലത്തിനിടയിൽ നിരവധി ദുരന്തങ്ങളുടെ നടുവിലൂടെ കേരളത്തിന് പോകേണ്ടി വന്നപ്പോഴും ദുരന്തഘട്ടങ്ങളിലും ദുരന്തത്തിന് ശേഷമുള്ള ദുരന്തനിവാരണ പ്രക്രിയയിലും ലോകത്തിനു മാതൃകയായി മുന്നോട്ട് പോകാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന് കേരളത്തിൽ കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമാണെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു.
അവസാനത്തെ ദുരന്തഭൂമിയായിട്ടുള്ള ചൂരൽമലയിലും അവസാനത്തെ ദുരന്തബാധിതനെ കൂടി പുനരധിവസിപ്പിക്കാതെ നമ്മൾ ചുരമിറങ്ങില്ല എന്ന് അഭിമാനത്തോടെ കേരളം പ്രഖ്യാപിച്ച ഒരു പ്രത്യേകമായ ഘട്ടമാണിതെന്നും മന്ത്രി പറഞ്ഞു.സഹായമഭ്യർത്ഥിക്കുന്ന ആളിന്റെ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ഞൊടിയിടയിൽ ആ പ്രദേശത്തെ രക്ഷാപ്രവർത്തകർക്ക് കൈമാറും, സ്വീകരിച്ച നടപടികൾ കണ്ട്രോൾ റൂം വഴി ട്രാക്ക് ചെയ്യുകയും ചെയ്യും. പോലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും കൺട്രോൾ റൂമുകൾ എമർജൻസി ഓപ്പറേഷൻ സെന്ററുകളുമായി കണ്ണിചേർത്തിട്ടുമുണ്ട്. അത്യാധുനികമായ ഒരു ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനമാണ് കവചമെന്നും രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനമാണിതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോൾ 126 സ്ഥലങ്ങളിൽ സൈറണുകൾ സ്ഥാപിക്കും. രണ്ടുഘട്ട പ്രവർത്തന പരീക്ഷണമുൾപ്പെടെ 91 സൈറണുകൾ സജ്ജീകരിച്ചു കഴിഞ്ഞു. താലുക്ക് തലത്തിലും ജില്ലാതലത്തിലും എമർജൻസി ഓപ്പറേഷൻ സെന്ററുകൾക്ക് ഇവ പ്രവർത്തിപ്പിക്കാൻ സാധിക്കും.
Find out more: