ചതിച്ചിട്ട് രക്ഷാപ്പെടാമെന്ന് കരുതേണ്ടെ; ഏരിയ സെക്രട്ടറി അടക്കം 45 പേ‍ർ‍ക്കെതിരെ കേസ്! സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി, നഗരസഭ ചെയർപേഴ്സൺ, നഗരസഭ വൈസ് ചെയർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി തുടങ്ങിയവർക്കെതിരെ കലാ രാജുവിൻ്റെ മക്കൾ നൽകിയ പരാതിയിലാണ് പോലീസ് നടപടി. അതേസമയം കൗൺസിലർ കലാ രാജുവിനെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽനിന്ന് കണ്ടെത്തി. ഇവരെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം കൗൺസിലർ കലാ രാജുവിനെ കടത്തിക്കൊണ്ടുപോയെന്ന പരാതിയിൽ സിപിഎം ഏരിയ സെക്രട്ടറി അടക്കം 45 പേ‍ർ‍ക്കെതിരെ പോലീസ് കേസെടുത്തു. കലാ രാജുവിനെ കടത്തിക്കൊണ്ടുപോയത് നഗരസഭാ അധ്യക്ഷയുടെ കാറിലാണ്.





റോഡിലൂടെ വലിച്ചിഴച്ചു. എന്നിട്ടും പോലീസ് നോക്കിനിന്നു. ചെറുവിരൽ അനക്കാതെ സിപിഎം ഗുണ്ടാ സംഘത്തിന് പോലീസ് ഒത്താശ ചെയ്തു. പിണറായി വിജയനും ഉപജാപക സംഘത്തിനും വിടുപണി ചെയ്യുകയാണ് പോലീസ്. കാലം മാറുമെന്ന് പോലീസിലെ സിപിഎം അടിമകൾ ഓർക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അമ്മയെ കാണാനില്ലെന്ന് കാണിച്ച് കലാ രാജുവിൻ്റെ മക്കൾ പോലീസിൻ പരാതി നൽകിയിട്ടുണ്ട്. ഇതിൽ നീതിപൂർവകമായ അന്വേഷണം ഉറപ്പാക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഓർക്കണമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.






കൂത്താട്ടുകുളം നഗരസഭയിലെ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സിപിഎം നടപടി ജനാധിപത്യ വിരുദ്ധവും അപരിഷ്കൃതവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അവിശ്വാസ പ്രമേയം വിജയിക്കുമെന്ന് വന്നപ്പോഴാണ് സ്വന്തം കൗൺസിലറായ കലാ രാജുവിനെ സിപിഎം തന്നെ തട്ടിക്കൊണ്ടുപോയത്. ജനാധിപത്യ സമീപനത്തിന് പകരം കാടത്തമാണ് സിപിഎം നടപ്പാക്കിയതെന്നും വിഡി സതീശൻ പറഞ്ഞു.കൂത്താട്ടുകുളം നഗരസഭയിലെ എൽഡിഎഫ് ഭരണസമിതിക്കെതിരെ ശനിയാഴ്ച അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനാരിക്കെയാണ് കൗൺസിലർ കലാ രാജുവിനെ കടത്തിക്കൊണ്ടുപോയെന്ന പരാതി ഉയർന്നത്.





 സിപിഎം കൗൺസിലറായ കലാ രാജു യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാനാരിക്കെയായിരുന്നു സംഭവം. യുഡിഎഫിൻ്റെ 11 കൗൺസിലർമാരും ഒരു സ്വതന്ത്രനും കലാ രാജുവും നഗരസഭയ്ക്ക് മുന്നിൽ വന്നിറങ്ങുമ്പോൾ ചെയ‍ർപേഴ്സൻ്റെ വാഹനത്തിൽ ഇവരെ കടത്തിക്കൊണ്ട് പോയെന്നായിരുന്നു പരാതി.ചതിച്ചിട്ട് രക്ഷാപ്പെടാമെന്ന് കരുതേണ്ടെന്ന് ആക്രോശിച്ചാണ് തന്നെ കടത്തിക്കൊണ്ടുപോയതെന്ന് കൗൺസിലർ കലാ രാജു മാധ്യമങ്ങളോട് പറഞ്ഞു. ഏരിയ കമ്മിറ്റി ഓഫീസിലേക്കാണ് തന്നെ കൊണ്ടുപോയത്. ഡിവൈഎഫ്ഐ നേതാവ് അടക്കം ഉണ്ടായിരുന്നു. തൻ്റെ കാൽ വാഹനത്തിൻ്റെ വാതിലിൽ കുടുങ്ങിയപ്പോൾ അവിടെ ചെന്നിട്ട് വെട്ടിത്തരാമെന്ന് തൻ്റെ മോനെക്കാളും പ്രായം കുറഞ്ഞ ഒരു പയ്യൻ പറഞ്ഞു. പാ‍ർട്ടിയെ ചതിച്ചിട്ട് മുന്നോട്ടുപോകാനല്ല ശ്രമിച്ചതെന്നും തൻ്റെ വ്യക്തിപരമായ കാര്യങ്ങളിൽ പരിരക്ഷ കിട്ടാത്തതിനാലാണ് പ്രതികരിക്കാൻ തീരുമാനിച്ചതെന്നും കലാ രാജു പറഞ്ഞു.


Find out more: