തെരഞ്ഞെടുപ്പ് ഫലം; ബിജെപിയുടെ തിരിച്ചുവരവോ?  ശനിയാഴ്ച രാവിലെ എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ മണിക്കൂറുകളിൽ തന്നെ ഫലസൂചനകൾ പുറത്തുവരുന്നതോടെ ഡൽഹിയിൽ ആം ആദ്മി പാർട്ടി (എഎപി) ക്ക് മൂന്നാമൂഴം ലഭിക്കുമോ എന്നും 27 വർഷത്തിന് ശേഷം ഭരണം ബിജെപി പിടിക്കുമോ എന്നും വ്യക്തമാകും. ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ 60.54 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കുന്നതോടെ പാർട്ടികൾക്ക് നെഞ്ചിടിപ്പേറി.വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, അരവിന്ദ് കെജ്രിവാൾ മുഴുവൻ എഎപി സ്ഥാനാർഥികളുടെയും യോഗം വിളിച്ചുചേർത്തു. എഎപി സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് കെജ്രിവാൾ സ്ഥാനാർഥികൾക്ക് ആത്മവിശ്വാസം പക‍ർന്നു. ബിജെപി എക്സിറ്റ് പോളിലൂടെ മാനസിക സമ്മർദത്തിനും ഓപ്പറേഷൻ കമലയ്ക്കും ശ്രമം നടത്തുന്നതായും കെജ്രിവാൾ ആരോപിച്ചു.





   ബിജെപി തങ്ങളുടെ സ്ഥാനാ‍ർഥിളെ 15 കോടി രൂപ വാഗ്ദാനം ചെയ്ത് ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുന്നുവെന്ന എഎപി നേതാക്കളുടെ ആരോപണത്തിൽ ലഫ്. ഗവ‍ർണർ വികെ സക്സേന ആൻ്റി കറപ്ഷൻ ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ബിജെപി നേതാവ് വിഷ്ണു മിത്തലിൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ലഫ്. ഗവ‍ർണർ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥ‍ർ കെജ്രിവാളിനെ സന്ദർശിച്ച് ആരോപണം സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞു. അതേസമയം ആരോപണം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ എഎപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി മുന്നറിയിപ്പ് നൽകി. 27 വർഷം മുൻപ് ഡൽഹിയിൽ ഭരണത്തിലേറിയ ബിജെപിക്കും ഇത്തവണത്തെ ഫലം നിർണായകമാണ്. ഒരു പതിറ്റാണ്ട് നീണ്ട എഎപി ഭരണം അവസാനിപ്പിക്കാൻ സാധിച്ചാൽ തങ്ങളുടെ ആരോപണം ജനം വിശ്വസിച്ചുവെന്ന് ബിജെപിക്ക് അടിവരയിടാം.





  2015ൽ മൂന്നും 2020ൽ എട്ടും സീറ്റുകളാണ് പാർട്ടിക്ക് നേടാനായിരുന്നത്. അതേസമയം 15 വർഷക്കാലം ഭരണത്തിലിരുന്നെങ്കിലും കഴിഞ്ഞ രണ്ട് തവണയും ഡൽഹിയിൽ അക്കൗണ്ട് തുറക്കാൻ സാധിക്കാത്ത കോൺഗ്രസ് ഇത്തവണ മുന്നേറ്റം പ്രതീക്ഷിക്കുന്നു. ഡൽഹിയിലെ 70 അംഗ നിയമസഭയിൽ 2015ൽ 67 ഉം 2020ൽ 62 സീറ്റുകൾ നേടിയായിരുന്നു അരവിന്ദ് കെജ്രിവാളിൻ്റെ നേതൃത്വത്തിൽ എഎപി സർക്കാർ രൂപീകരിച്ചത്. അഴിമതിക്കേസുകളിൽ അരവിന്ദ് കെജ്രിവാളും മറ്റ് മന്ത്രിമാരും തടവിൽകഴിഞ്ഞതിന് ശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം എഎപി ഏറെ നിർണായകമാണ്. മദ്യനയ അഴിമതിക്കേസിൽ കുടുങ്ങിയ കെജ്രിവാളിന് ആരോപണങ്ങൾ കാറ്റിൽപറത്തി മുഖ്യമന്ത്രിസ്ഥാനത്തേക്ക് മടങ്ങിയെത്താനുള്ള അവസരമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. 




ജനവിധി ബിജെപിക്ക് അനുകൂലമായാൽ കനത്ത തിരിച്ചടിയാകും അരവിന്ദ് കെജ്രിവാളും എഎപിയും നേരിടുക. പാർട്ടിയുടെ ഭരണം പഞ്ചാബിൽ മാത്രമായി ചുരുങ്ങുകയും ചെയ്യും. പാർട്ടിക്ക് 50ന് അടുത്ത് സീറ്റുകൾ ലഭിക്കുമെന്നാണ് ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവയുടെ അവകാശവാദം. അതേസമയം എക്സിറ്റ് പോൾ ഫലങ്ങൾ തള്ളിയ എഎപി, പാർട്ടി വീണ്ടും ഭരണത്തിലേറുമെന്നും അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്നും പ്രതീക്ഷവെക്കുന്നു. 50ലധികം സീറ്റുകൾ നേടി വിജയിക്കുമെന്ന് മുതിർന്ന എഎപി നേതാവ് ഗോപാൽ റായ് പറഞ്ഞു. എട്ടോളം സീറ്റുകളിൽ ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Find out more: