ഡൽഹി മുഖ്യമന്ത്രി ആര്? തീരുമാനം ഉടനെന്ന് നേതാക്കൾ! പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ സന്ദർശനത്തിനായി പോകും മുൻപ് മുഖ്യമന്ത്രിയെ തീരുമാനിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വം ശ്രമം നടത്തുന്നത്. ഡൽഹി മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ താമസ്സം ഉണ്ടാകാതിരിക്കാൻ സംസ്ഥാന നേതൃത്വവുമായി ദേശീയ നേതൃത്വം ഇന്നും ചർച്ച നടത്തും.ആം ആദ്മി പാർട്ടിയിൽ നിന്നും രാജ്യതലസ്ഥാനം പിടിച്ചെടുത്ത ബിജെപി മുഖ്യമന്ത്രി ചർച്ചകൾ വേഗത്തിലാക്കി. 1993നും 1998നും ഇടയിലാണ് ഡൽഹിയിൽ ബിജെപി അവസാനമായി അധികാരത്തിലിരുന്നത്. ഈ അഞ്ച് വർഷത്തെ കാലയളവിൽ പാർട്ടിക്ക് മൂന്ന് മുഖ്യമന്ത്രിമാരുണ്ടായിരുന്നു.




  മദൻ ലാൽ ഖുറാന, സാഹിബ് സിങ് വർമ്മ, സുഷമ സ്വരാജ് എന്നിവർ മുഖ്യമന്ത്രി പദവി കൈകാര്യം ചെയ്തു. വിജേന്ദർ ഗുപ്തയുടെ പേരും ചർച്ചകളിൽ മുൻപന്തിയിലുണ്ട്. ഡൽഹി ബിജെപിയുടെ പ്രസിഡന്റായിരുന്നു ഗുപ്ത രോഹിണി നിയമസഭാ സീറ്റിൽ നിന്ന് മൂന്ന് തവണ എംഎൽഎയായി. രണ്ടുതവണ പ്രതിപക്ഷ നേതാവ് പദവിയും വിജേന്ദർ ഗുപ്ത കൈകാര്യം ചെയ്തു. മുൻ എബിവിപി നേതാവും എൻ‌ഡി‌എം‌സി വൈസ് ചെയർമാനുമായ സതീഷ് ഉപാധ്യായ, ആർ‌എസ്‌എസ് പ്രവർത്തകൻ അജയ് മഹാവർ, അഭയ് വർമ്മ, പങ്കജ് സിങ്, ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവയ എന്നിവരുടെ പേരുകളും ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നുണ്ട്. എല്ലാം കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന നിലപാടിലാണ് വീരേന്ദ്ര സച്ച്‌ദേവയുള്ളത്. 




  കേന്ദ്രത്തിൽ അധികാരത്തിലുള്ള പാർട്ടിയുമായി ചേർന്ന് 'ഇരട്ട എഞ്ചിൻ' ഭരണം ഡൽഹിയിൽ നടപ്പാക്കുമെന്ന് പർവേഷ് വർമ എൻ‌ഡി‌ടി‌വിയോട് വ്യക്തമാക്കിയതോടെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പർവേഷ് വർമ എത്തുമെന്ന അഭ്യൂഹങ്ങൾക്ക് കരുത്ത് വർധിപ്പിച്ചു.
പുതിയ ഡൽഹി സർക്കാർ രാജ്യതലസ്ഥാനത്തിൻ്റെ വികസനത്തിനായി പ്രവർത്തിക്കും. ഡൽഹിയിലെ ജനങ്ങൾ ഞങ്ങൾക്ക് അനുകൂലമായ വിധി നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര സർക്കാരുമായും ചേർന്ന് പ്രവർത്തിക്കുന്ന ഒരു സർക്കാർ രൂപീകരിക്കുമെന്ന് ഞാൻ അവർക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.





  ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയമാണ് ബിജെപി നടത്തിയത്. ഇതോടെയാണ് മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ചർച്ചകൾ ആരംഭിച്ചത്. ആം ആദ്മി പാർട്ടിയുടെ നട്ടെല്ലും മുൻ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാളിനെ ന്യൂ ദില്ലി മണ്ഡലത്തിൽ പരാജയപ്പെടുത്തിയ പർവേഷ് വർമ, ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്ത, വനിതാ നേതാവ് ശിഖ റോയ് എന്നിവരുടെ പേരുകളാണ് അവസാനഘട്ടത്തിൽ ചർച്ചയാകുന്നത്.

Find out more: