പോരാട്ടം അവകാശങ്ങൾക്കാണ്; തമിഴ്നാട് രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്രം! ദേശീയ വിദ്യാഭ്യാസ നയം പൂർണ്ണമായി നടപ്പാക്കിയില്ലെങ്കിൽ സമഗ്ര ശിക്ഷ പദ്ധതി പ്രകാരമുള്ള ഫണ്ട് നൽകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. ഇതാണ് സംസ്ഥാന കേന്ദ്ര സർക്കാരുകൾ തമ്മിലുള്ള തർക്കത്തിന് ആക്കം കൂട്ടിയത്. ത്രിഭാഷാ നയം ഉൾപ്പെടെയുള്ള ദേശീയ വിദ്യാഭ്യാസ നയത്തിന്റെ എല്ലാ വശങ്ങളും നടപ്പാക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. തമിഴ്‌നാട്ടിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള വാഗ്വാദം രൂക്ഷമാകുന്നു. ഫണ്ട് തടഞ്ഞുവയ്ക്കുന്നത് ഒരു "ഭാഷാ യുദ്ധത്തിന്" ആക്കം കൂട്ടുകയും സ്‌കൂൾ വിദ്യാർത്ഥിനികൾക്കുള്ള ആത്മരക്ഷ പരിശീലനം പോലുള്ള പ്രധാന പദ്ധതികൾ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് അൻപിൽ മഹേഷ് പൊയ്യാമൊഴി പറയുന്നു.
'നമ്മൾ അവകാശങ്ങൾക്കാണ് പോരാടുന്നത്, ഔദാര്യത്തിനല്ല. കേന്ദ്രത്തിന് തമിഴ്‌നാടിന്റെ ആവശ്യങ്ങളെ അടിച്ചമർത്താൻ കഴിയില്ലെന്ന് ഡിഎംകെ സ്ഥാപകൻ അണ്ണാദുരൈയെ ഉദ്ധരിച്ച് വിദ്യാഭ്യാസ മന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഫണ്ട് വിട്ടുകിട്ടാൻ കോടതിയെ സമീപിക്കണമോ എന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാന്റെ പരാമർശങ്ങൾ രാഷ്ട്രീയ ബ്ലാക്ക്‌മെയിലാണെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. ഭരണഘടനയുടെ ഏത് ഭാഗമാണ് ത്രിഭാഷാ നയം നിർബന്ധമാക്കുന്നത്? വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലാണ്, കേന്ദ്രത്തിന്റെ കീഴിൽ മാത്രമല്ല. തമിഴർ ഈ ഭീഷണിക്ക് വഴങ്ങില്ല. ഇത്തരം അഹങ്കാരം തിരിച്ചടി നൽകുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും പ്രധാന്റെ പ്രസ്താവനയെ അപലപിച്ചു, സംസ്ഥാനം തങ്ങളുടെ ഭാഷാ നയത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
'40 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി കൊണ്ടാണ് കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കുന്നത്. സംസ്ഥാനത്തിന് വിദ്യാഭ്യാസ ഫണ്ട് ലഭിക്കാറായപ്പോൾ പെട്ടെന്ന് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാൻ ആവശ്യപ്പെടുകയാണ്. ഇത് ഒരു തരം ബ്ലാക്ക്‌മെയിലാണ്, കാരണം പിഎം ശ്രീയിൽ ഒപ്പിട്ടാൽ ദേശീയ വിദ്യാഭ്യാസ നയവും ത്രിഭാഷാ നയവും അംഗീകരിക്കുക എന്നാണ്. അധ്യാപകരുടെ ശമ്പളത്തിനായി തമിഴ്‌നാട് പ്രതിവർഷം 920 കോടി രൂപയും വിദ്യാഭ്യാസ അവകാശ നിയമത്തിനായി 400 കോടി രൂപയും ചെലവഴിക്കുന്നുണ്ടെന്നും' മഹേഷ് ചൂണ്ടിക്കാട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പരാമർശങ്ങൾ വലിയ വിമർശനങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിനൊപ്പം പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും വിമർശനം ഉന്നയിച്ചു. കേന്ദ്ര സർക്കാർ വിദ്യാർത്ഥികളുടെ ഭാവി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി പറഞ്ഞു.
2025 ഫെബ്രുവരി 17-നാണ് പ്രശ്നം ആരംഭിച്ചത്. ഡിഎംകെ സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നും രാജ്യത്തിന്റെ മറ്റു ഇടങ്ങളിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോൾ തമിഴ്‌നാട് മാത്രം എന്തുകൊണ്ടാണ് എതിർക്കുന്നതെന്തുകൊണ്ടാണെന്നും കാശി തമിഴ് സംഗമത്തിൽ സംസാരിക്കവെ പ്രധാൻ ചോദിച്ചു. തമിഴ്‌നാട് സർക്കാർ ആദ്യം കേന്ദ്രത്തിന്റെ നിബന്ധനകൾ അംഗീകരിച്ചെങ്കിലും പിന്നീട് പിൻവാങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. അവർ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്, തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനല്ല. ദേശീയ വിദ്യാഭ്യാസ നയം തമിഴ്‍നാട് അക്ഷരംപ്രതി അംഗീകരിക്കണം അദ്ദേഹം കൂട്ടിച്ചേർത്തു.
Find out more: