കൊച്ചി മെട്രോ; ഇങ്ങനെയെങ്കിൽ നിർമാണം നിർത്തിവെക്കണമെന്നു എംപി ഹൈബി ഈഡൻ!  കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തെ കുറിച്ചും നെടുമ്പാശേരിയിലേക്ക് നീട്ടുന്നതിനെ കുറിച്ചും വാർത്ത പ്രചരിപ്പിക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നതിനും വേണ്ടി മാത്രമാണെന്ന് ഹൈബി പറഞ്ഞു.കൊച്ചി മെട്രൊയുടെ രണ്ടാംഘട്ട നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നതിനിടെ വിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡൻ. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ കൊച്ചിയിൽ ഒരു ടൂറിസം പദ്ധതി പോലും നടപ്പാക്കിയിട്ടില്ല. കേന്ദ്ര സർക്കാർ സഹായം ലഭിക്കുന്നതിനായി ഒരു പദ്ധതി പോലും സംസ്‌ഥാനം സമർപ്പിച്ചിട്ടില്ല. സീരിയൽ ലൈറ്റിൻറെ ഉദ്‌ഘാടനം നടത്താൻ വേണ്ടി മാത്രമാണ് ടൂറിസം മന്ത്രി കൊച്ചിയിലേക്ക് വരുന്നത്.




 സ്വാശ്രയ കോളേജുകൾക്കെതിരെ സമരം നടത്തിയവരാണ് സ്വാശ്രയ സർവകലാശാല കൊണ്ടുവരുന്നതെന്നും ഹൈബി ഈഡൻ കുറ്റപ്പെടുത്തി. തമ്മനം - പുല്ലേപ്പടി റോഡ് വികസനം സാധ്യമാക്കാൻ പണം പ്രശനമല്ലെന്നും രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടായാൽ മാത്രം മതിയെന്നും ഹൈബി ഈഡൻ പറഞ്ഞു.കൊച്ചിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഉടൻ നടപടി വേണം. ഉമ്മൻ‌ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച നടപടികൾ പോലും മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. ജില്ലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പത്ത് വർഷം പൂർത്തിയാക്കുന്ന സംസ്‌ഥാന സർക്കാർ ഒന്നും ചെയ്തിട്ടില്ല. പി രാജീവ് അടക്കമുള്ള മന്ത്രിമാർ ഒരു ഇടപെടലും നടത്തിയിട്ടില്ല.കൊച്ചി മെട്രോ വികസനത്തിനായി സംസ്‌ഥാന സർക്കാർ പണം നൽകുന്നില്ല.




മെട്രോ നിർമാണത്തിനായി റോഡ് അടച്ചിരിക്കുന്നതിനാൽ ജനങ്ങളും വ്യാപാരികളും ദുരിതത്തിലാണ്. മെട്രോ നിർമാണം നിർത്തിവെയ്ക്കുന്നതായി പ്രഖ്യാപിച്ച് ജനങ്ങളെ സഹായിക്കാൻ കൊച്ചി മെട്രോ തയാറാകണം, അല്ലങ്കിൽ ഉടൻ നിർമാണം പൂർത്തിയാക്കണം. ഒരു മുന്നൊരുക്കവും നടത്താതെയാണ് മെട്രോ രണ്ടാം ഘട്ട നിർമാണം ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകണം. ഇല്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിന്‌ ജനപ്രതിനിധികൾ നേതൃത്വം നൽകുമെന്ന് ഹൈബി ഈഡൻ മുന്നറിയിപ്പ് നൽകി.




2017ൽ ഓടിത്തുടങ്ങിയ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം പൂർത്തിയാകാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന് മെട്രോ എംഡിയും സംസ്‌ഥാന സർക്കാരും വ്യക്തമാക്കണമെന്ന് എറണാകുളം പ്രസ്‌ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഹൈബി ഈഡൻ പറഞ്ഞു.കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണം ഇഴഞ്ഞുനീങ്ങുമ്പോഴാണ് മൂന്നാം ഘട്ട വികസനത്തെ കുറിച്ച് സംസാരിക്കുന്നത്. ഉമ്മൻ‌ ചാണ്ടി സർക്കാർ ട്രയൽ റണ്ണും ടെസ്റ്റ് റണ്ണും പൂർത്തിയാക്കിയ കൊച്ചി മെട്രോയുടെ സ്റ്റേഷനുകളിൽ പൂച്ചട്ടി വെച്ചതും പെയിൻറ് അടിച്ചതും മാത്രമായിരുന്നു പിണറായി സർക്കാർ ചെയ്തത്. ഏറ്റവും ലാഭകരമായ റൂട്ട് ഇൻഫോപാർക്ക് ലൈനാണെന്ന് തുടക്കത്തിൽ തന്നെ ബോധ്യമുള്ളതായിരുന്നുവെന്ന് ഹൈബി വ്യക്തമാക്കി.

Find out more: