ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ രേഖ ഗുപ്ത! ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേനയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പതിനായിരങ്ങളാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. രാംലീല മൈതാനിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഡൽഹിയിലെ നാലാമത്തെയും ബിജെപിയുടെ രണ്ടാമത്തെയും വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത.ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്‌ത സത്യപ്രതിജ്ഞ ചെയ്തു. 27 വർഷത്തിനുശേഷമാണ് ഡൽഹിയിൽ വീണ്ടും ബിജെപി മുഖ്യമന്ത്രി അധികാരമേൽക്കുന്നത്. ബനിയ വിഭാഗത്തിൽ നിന്നുള്ള നേതാവാണ് രേഖ ഗുപ്‍ത. ഡൽഹിക്ക് പുറമെ രാജസ്ഥാൻ, ഗുജറാത്ത് എന്നിവടങ്ങളിലും ബനിയ വിഭാഗം ശക്തമാണ്.




അതുകൊണ്ട് തന്നെ വരുന്ന തെരഞ്ഞെടുപ്പിലും ബിജെപിയുടെ വോട്ട് വർധിപ്പിക്കാനുള്ള നീക്കമായി ഇതിനെ കാണുന്നവരുമുണ്ട്. ഇന്നലെ ചേർന്ന ബിജെപി നിയമസഭാ കക്ഷിയോഗമാണ് ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് രേഖയുടെ പേര് നിർദ്ദേശിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ നേതൃത്വത്തിൽ ബിജെപി നിയുക്ത എംഎൽഎമാരുടെ യോഗത്തിലായിരുന്നു അന്തിമ തീരുമാനമായത്. പർവേശ് വർമയാണ് രേഖയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പർവേശ് വർമ്മയെ പോലും മാറ്റിനിർത്തിയാണ് രേഖ ഗുപ്തയെ മുഖ്യമന്ത്രിയായി ബിജെപി തെരഞ്ഞെടുത്തത്.






  ബിജെപി മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷയും, ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമാണ് രേഖ ഗുപ്ത. ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ചെത്തിയ വനിതാ നേതാവിനെ ഡൽഹി ഭരിക്കാൻ ബിജെപി ഏൽപ്പിച്ചതിനുപിന്നിൽ കൃത്യമായ കണക്കുകൂട്ടലുകൾ ഉണ്ടെന്നാണ് രാഷ്ട്രീയ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.ഉപമുഖ്യമന്ത്രിയായി പർവേശ് വർമയും മന്ത്രിമാരായി ബിജെപി എംഎൽഎമാരായ ആശിഷ് സൂദ്, മഞ്ജീന്ദർ സിങ് സിർസ, രവീന്ദർ ഇന്ദ്രജ്, കപിൽ മിശ്ര, പങ്കജ് കുമാർ സിങ് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. 



20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയിരുന്നു. രാജ്യതലസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ബിജെപി നേതാക്കളും പ്രവർത്തകരും ചടങ്ങിനെത്തിയതോടെ രാംലീല മൈതാനിയിൽ വൻ ജനാവലിയാണ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. അമ്പതിലധികം സിനിമാ താരങ്ങളും വ്യവസായികളും പരിപാടിയിൽ പങ്കെടുത്തിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായി കൈലാഷ് ഖേർ അവതരിപ്പിച്ച സംഗീത പരിപാടിയുമുണ്ടായിരുന്നു.

Find out more: