തരൂരിന് ഇനിയും തിരുത്താം; കെ സുധാകരൻ! എന്നാൽ അതിരുവിട്ട് പോകരുതെന്ന് തരൂരിനോട് പറയുമെന്നും കെ സുധാകരൻ പറഞ്ഞു. ശശി തരൂർ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ സുധാകരൻ. ശശി തരൂർ പരസ്യ പ്രതികരണം നടത്തിയത് ശരിയായില്ലെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. പ്രവർത്തക സമിതി അംഗമായ ശശി തരൂർ പറഞ്ഞ കാര്യങ്ങളിൽ കെപിസിസി പ്രതികരിക്കേണ്ട കാര്യമില്ല. കോൺഗ്രസ് തന്നെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ താൻ പാർട്ടിക്ക് വേണ്ടി ഉണ്ടാകുമെന്നും ഇല്ലെങ്കിൽ തനിക്ക് തൻ്റേതായ കാര്യങ്ങൾ ചെയ്യാനുണ്ടെന്നുമായിരുന്നു ശശി തരൂരിൻ്റെ പ്രതികരണം. കേരളത്തിലെ കോൺഗ്രസിൽ ഒരു നേതാവിൻ്റെ അഭാവമുണ്ടെന്ന് പ്രവർത്തകർ കരുതുന്നുണ്ടെന്നും തരൂർ വ്യക്തമാക്കിയിട്ടുണ്ട്.
തൻ്റെ നേതൃത്വത്തിൻ്റെ ശേഷി വിലയിരുത്തേണ്ടത് തരൂരിനെ പോലെയുള്ള ആൾ തന്നെയാണ്. അദ്ദേഹത്തിന് തോന്നിയത് അതാണെങ്കിൽ താൻ നന്നാകാൻ നോക്കാം. അഭിപ്രായം പറഞ്ഞ് തരൂർ കുടുക്കിൽ വീണുപോയെന്നാണ് തനിക്ക് തോന്നുന്നത്. അദ്ദേഹത്തിന് ഇനിയും തിരുത്താം. ആരും അദ്ദേഹത്തെ വിമർശിക്കുകയോ പാർട്ടിവിട്ട് പോകണമെന്നോ പറഞ്ഞിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു.ശശി തരൂരിനെ പോലെ ഒരാൾ അങ്ങനെ ചെയ്യുന്നത് യുക്തമല്ല. തരൂരിനെ എല്ലാക്കാലവും താൻ വളരെയധികം പിന്തുണച്ചിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു. പക്ഷേ, തരൂർ അതിരുവിട്ട് പോകരുതെന്ന് ആഗ്രഹമുണ്ട്. അത് പറയാൻ വേണ്ടി തരൂരിനെ നാല് തവണ ഫോൺ വിളിച്ചെങ്കിലും കിട്ടിയില്ല. ശശി തരൂർ കോൺഗ്രസ് വിട്ട് പോകുമെന്ന് ഒരിക്കലും കരുതുന്നില്ല.
കോൺഗ്രസിന് കരുത്ത് പകരാൻ സാധിക്കുന്ന രീതിയിലുള്ള പ്രവർത്തനത്തിന് വഴിമരുന്നിടുകയാണ് തരൂരിൻ്റെ ലക്ഷ്യമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും കെ സുധാകരൻ പറഞ്ഞു.ശശി തരൂർ തന്നെക്കാൾ ഉയർന്ന നിലവാരത്തിലാണ് പാർട്ടിക്കകത്ത് തുടരുന്നത്. പ്രവർത്തക സമിതി അംഗമാണ്. തരൂരിൻ്റെ പ്രതികരണത്തോട് താൻ പ്രതികരിക്കുക എന്നത് ശരിയായ കാര്യമില്ല. തരൂരിന് ദേശീയ നേതൃത്വവുമായി ചർച്ച ചെയ്യാം. എന്ത് മാറ്റം വേണമെങ്കിലും അദ്ദേഹത്തിന് വരുത്താം. അത് അദ്ദേഹത്തിൻ്റെ ഉത്തരവാദിത്തമെന്ന നിലയിൽ താൻ വിടുകയാണ്. തരൂരിൻ്റെ പ്രതികരണം കെപിസിസി നോക്കേണ്ട കാര്യമല്ല. സ്വന്തം പ്രതികരണം തിരുത്താൻ തരൂരിന് സാധിക്കും. തരൂർ അത് തിരുത്തിക്കോട്ടെ എന്നാണ് തങ്ങളുടെ അഭിപ്രായമെന്നും കെ സുധാകരൻ വ്യക്തമാക്കി.
Find out more: