കഴകക്കാരൻ കൂടൽമാണിക്യം ക്ഷേത്രത്തിൽ ജോലി ചെയ്യണം; സാംസ്‌കാരിക കേരളത്തിന് അപമാനകരമായ സംഭവമെന്ന് മന്ത്രി വിഎൻ വാസവൻ! നിയമസഭയിൽ ഡിമാന്റ് ഡിസ്‌കഷന് മറുപടി പറയവെയാണ് ഈ വിഷയത്തിലെ സർക്കാരിന്റെ നിലപാട് മന്ത്രി വ്യക്തമാക്കിയത്. നവോഥാന നായകർ ഉഴുതുമറിച്ച കേരളത്തിന്റെ മണ്ണിൽ ജാതിയുടെ പേരിൽ ഒരാളെ ജോലിയിൽനിന്ന് മാറ്റിനിർത്തുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനകരമായ സംഭവമാണെന്ന് മന്ത്രി പറഞ്ഞു. കൂടൽമാണിക്യം ക്ഷേത്രത്തിൽ ദേവസ്വം നിയമങ്ങൾ അനുസരിച്ച് സർക്കാർ നിയമിച്ച കഴകക്കാരൻ ആ തസ്തികയിൽ ക്ഷേത്രത്തിൽ തന്നെ ജോലി ചെയ്യണം എന്നുള്ളതാണ് സർക്കാർ നിലപാടെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ. പ്രസ്തുത പോസ്റ്റിലേക്കുള്ള നിയമനം എങ്ങനെയായിരിക്കണമെന്ന് റഗുലേഷന്റെ നാലാം ഖണ്ഡിക പ്രകാരം നിഷ്‌കർഷിച്ചിട്ടുണ്ട്.
അതനുസരിച്ച് 1025 + ഡിഎ ശമ്പള സ്‌കെയിൽ ഉള്ള കഴകം തസ്തികയിലേക്ക് പാരമ്പര്യമായി തന്ത്രി നിർദേശിക്കുന്ന വ്യക്തിയേയും 1300 - 1880 ശമ്പള സ്‌കെയിലുള്ള കഴകത്തെ നേരിട്ടുള്ള നിയമനം വഴി കേരള ദേവസ്വം റിക്രൂട്ടമെന്റ് ബോർഡ് മുഖേന നിയമിക്കാമെന്നുമാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതിൽ രണ്ടാമത്തെ കഴകം പോസ്റ്റിലേക്ക് 2025 ഫെബ്രുവരി 24ന് റിക്രൂട്ട്‌മെന്റ് ബോർഡ് വഴി നിയമിതനായ ബാലു എന്ന വ്യക്തി കഴകം ജോലി ചെയ്യുന്നതിലാണ് തന്ത്രിമാർ വിയോജിപ്പ് രേഖപ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു.അത്തരം ഒരു തീരുമാനം ഉണ്ടായത് നിർഭാഗ്യകരമായ ഒന്നായിപ്പോയി. അബ്രാഹ്മണരെ പൂജാരിമാരാക്കിയ നാടാണിത്.
അതിനാൽ കഴകം പോസ്റ്റിൽ നിയമിതനായ വ്യക്തി അവിടെ നിഷ്‌കർഷിച്ച ജോലി ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. വൈക്കം സത്യാഗ്രഹ സമരഭൂമിയിൽ ഗാന്ധിജി സന്ദർശനം നടത്തിയതിന്റെ ശതാബ്ദ്ദി ആഘോഷം നടത്തുന്ന സമയത്താണ് ഈ ദൗർഭാഗ്യകരമായ സംഭവമുണ്ടായത് എന്നതും ഓർക്കേണ്ടതാണ്. പുരോഗമനപരമായ നിലപാടാണ് കേരളസമൂഹം സ്വീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.കൂടൽമാണിക്യം ആക്ടും റഗുലേഷനും പ്രകാരം ക്ഷേത്രത്തിലെ കഴകം ജോലികൾ നിർവഹിക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിർദേശങ്ങളും ഉത്തരവുകളും കാലാകാലങ്ങളിൽ നൽകിവരുന്നുണ്ട്.
പ്രസ്തുത നിർദേശങ്ങളിൽ കഴകം തസ്തികയിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് 2003ൽ പുറപ്പെടുവിച്ച റഗുലേഷനിലെ നാലാം ഖണ്ഡിക പ്രകാരം രണ്ട് കഴകം പോസ്റ്റുകൾ ആണ് നിലവിലുള്ളതെന്നും മന്ത്രി അറിയിച്ചു.ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് നടത്തിയ പരീക്ഷ ജയിച്ച് കഴകം തസ്തികയിൽ നിയമിതനായ പിന്നാക്ക സമുദായക്കാരനെ തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്ന് ജോലിയിൽനിന്ന് മാറ്റിനിർത്തിയത് വിവാദമായിരുന്നു. തന്ത്രിമാരുടെ വിയോജിപ്പിനെ തുടർന്ന് അദ്ദേഹത്തെ ക്ഷേത്രത്തിൽ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കാൻ സാധിക്കുന്ന ഒന്നല്ലെന്ന് മന്ത്രി പറഞ്ഞു.
Find out more: