എല്ലാ മേഖലകളിലും കേരളം വികസനത്തിന്റെ മുൻപന്തിയിൽ; കേരളത്തെ പുകഴ്ത്തി കേന്ദ്രമന്ത്രിമാർ! വിനോദസഞ്ചാരം, ഉൽപാദനം, ലോജിസ്റ്റിക്സ് തുടങ്ങി എല്ലാ മേഖലകളിലും കേരളം വികസനത്തിന്റെ മുൻപന്തിയിലാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞപ്പോൾ കേരളത്തെ വികസനത്തിലേക്കുള്ള കവാടമെന്ന് കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി ജയന്ത് ചൗധരി വിശേഷിപ്പിച്ചു. സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപങ്ങൾ ലക്ഷ്യമിട്ടുള്ള ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ കേരളത്തെ പുകഴ്ത്തി കേന്ദ്രമന്ത്രിമാർ.ആഗോള സന്ദർശകരെ ആകർഷിക്കുന്ന ആയുർവേദത്തിലും യോഗയിലും കേരളത്തിന്റെ ശക്തി കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എടുത്തുപറഞ്ഞു. കേരളത്തിൽ 896 കിലോമീറ്റർ ദൂരത്തിൽ 50,000 കോടി രൂപയുടെ 31 പുതിയ റോഡ് അടിസ്ഥാന സൗകര്യ പദ്ധതികൾ ഏറ്റെടുക്കുമെന്ന് ഗഡ്കരി പ്രഖ്യാപിച്ചു.





 വിദ്യാഭ്യാസത്തിലും നൈപുണ്യ വികസനത്തിലും കേരളം ഗണ്യമായ പുരോഗതി കൈവരിക്കുന്നുണ്ടെന്ന് കേന്ദ്ര നൈപുണ്യ വികസന - സംരംഭകത്വ സഹമന്ത്രി ജയന്ത് ചൗധരി പറഞ്ഞു. സമീപ വർഷങ്ങളിൽ 6,200 സ്റ്റാർട്ടപ്പുകളുടെ രൂപീകരണത്തിനും 5,800 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുന്നതിനും 62,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംസ്ഥാനം സാക്ഷ്യം വഹിച്ചു. 2026 ആകുമ്പോഴേക്കും കൂടുതൽ വളർച്ച കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ഈ വേഗത തുടരുമെന്നും ജയന്ത് ചൗധരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൊച്ചി വിമാനത്താവളത്തിനായി 12,000 എൻ‌ആർ‌ഐ ഓഹരി ഉടമകൾ ഒത്തുചേർന്ന് 300 കോടി രൂപ നിക്ഷേപിച്ചത് കേരളത്തിന്റെ സംരംഭകത്വ മനോഭാവമാണെന്ന് പീയുഷ് ഗോയൽ പ്രശംസിച്ചു.





പാലക്കാട് 3,800 കോടി രൂപയുടെ നിക്ഷേപത്തിൽ ഒരു സ്മാർട്ട് ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് സ്ഥാപിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ സംരംഭം കേരളത്തിന്റെ വ്യാവസായിക ശേഷി വർധിപ്പിക്കുകയും വൻതോതിൽ നിക്ഷേപങ്ങൾ ആകർഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആഗോള സാമ്പത്തിക വളർച്ചയുടെ 16 ശതമാനം ഇന്ത്യ സംഭാവന ചെയ്യുന്നുവെന്ന് പീയുഷ് ഗോയൽ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ ആഗോള തലത്തിൽ 11-ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽനിന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്ക് നാം മാറി. 




2027 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കേരളം വാഗ്ദാനം ചെയ്യുന്ന അവസരങ്ങളുമായി ഇന്ത്യ ഇത്ര വേഗത്തിൽ പുരോഗമിക്കുമ്പോൾ കേരളം എങ്ങനെ പിന്നിലാകും. വിനോദസഞ്ചാരം, ഉൽപാദനം, ലോജിസ്റ്റിക്സ് തുടങ്ങി എല്ലാ മേഖലകളിലും കേരളം വികസനത്തിന്റെ മുൻപന്തിയിലാണെന്ന് മന്ത്രി വ്യക്തമാക്കി.

Find out more: