പാർട്ടി എന്ത് നടപടി എടുത്താലും ഉൾക്കൊള്ളും'; നിലപാട് മയപ്പെടുത്തി എ പത്മകുമാർ! വൈകാരികമായി പ്രതികരിച്ചു പോയതാണെന്ന് എ പത്മകുമാർ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി എന്ത് നടപടിയെടുത്താലും ഉൾക്കൊള്ളുമെന്നും ബുധനാഴ്ച നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുമെന്നും എ പത്മകുമാർ പറഞ്ഞു. ബിജെപി നേതാക്കൾ വീട്ടിൽ എത്തിയത് മാധ്യമശ്രദ്ധ കിട്ടാൻ വേണ്ടിയാണെന്നും പത്മകുമാർ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ സിപിഎമ്മുമായി ഇടഞ്ഞ് പരസ്യപ്രതികരണം നടത്തിയ മുതിർന്ന നേതാവ് എ പത്മകുമാർ നിലപാട് മയപ്പെടുത്തി.  മന്ത്രി വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കിയതായിരുന്നു പത്മകുമാറിനെ ചൊടിപ്പിച്ചത്. സംസ്ഥാന സമ്മേളന വേദി വിട്ട പത്മകുമാർ, പിന്നാലെ ഫേസ്ബുക്കിലൂടെ പരസ്യപ്രതികരണം നടത്തുകയായിരുന്നു.





'ചതിവ്, വഞ്ചന, അവഹേളനം. 52 വർഷത്തെ ബാക്കിപത്രം. ലാൽസലാം' എന്നിങ്ങനെയായിരുന്നു പോസ്റ്റ്. വൈകാതെ പോസ്റ്റ് പിൻവലിച്ചെങ്കിലു മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലും അതൃപ്തി ആവർത്തിച്ചു. ഇതിനിടെ, ബിജെപി പത്തനംതിട്ട ജില്ലാ നേതാക്കൾ പത്മകുമാറിൻ്റെ ആറന്മുളയിലെ വീട്ടിൽ എത്തിയിരുന്നു. പരസ്യപ്രതികരണം വേണ്ടായിരുന്നു എന്ന് തോന്നിയതുകൊണ്ടാണ് അപ്പോൾതന്നെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത്. നിരന്തരമായി കുത്തുവർത്തമാനം പറയാൻ താനില്ലെന്നും പത്മകുമാർ കൂട്ടിച്ചേർത്തു. 52 വർഷം മുൻപ് താൻ സിപിഎമ്മിൽ ചേർന്നത് ആശയപരമായ ധാരണയുടെ അടിസ്ഥാനത്തിലാണ്. മനുഷ്യരാകുമ്പോൾ തെറ്റും ശരിയും ഉണ്ടാകും. എത്രയോ പേർ പാർട്ടിയിൽനിന്ന് വിട്ടുപോകുകയും തിരിച്ചുവരികയും ചെയ്തിട്ടുണ്ട്.





ഒരു കേഡർക്ക് പിശകുപറ്റിയാൽ തിരുത്തി മുൻപോട്ടുകൊണ്ടുപോകുന്ന പാർട്ടിയാണ് സിപിഎം. അതു മനസ്സിലാക്കാതെ ചാറ്റൽ മഴയിൽ കിളിത്തുവന്ന ചിലരാണ് പേരെടുക്കാനായി തൻ്റെ പേര് ഉപയോഗിച്ചത്. പത്തനംതിട്ടയിലെ രണ്ട് നേതാക്കന്മാരാണ് തൻ്റെ വീട്ടിൽ വന്നത്. താൻ എംഎൽഎയായിരിക്കുന്ന കാലത്ത് അവർ ഉണ്ടായിരുന്നോ എന്ന് അറിയില്ല. അങ്ങനെയൊക്കെ ഉള്ളവർ വന്ന് തന്നെ രാഷ്ട്രീയം പഠിപ്പിക്കേണ്ട കാര്യമില്ലെന്നും പത്മകുമാർ പറഞ്ഞു. 52 വർഷമായി താൻ പ്രവർത്തിക്കുന്ന പാർട്ടിയെക്കുറിച്ച് തനിക്ക് തോന്നിയ അഭിപ്രായമാണ് പറഞ്ഞത്. 




അത് പരസ്യമായി പറയാൻ പാടില്ലായിരുന്നുവെന്ന് മറ്റാരെക്കാൾ കൂടുതൽ തനിക്കറിയാം. അതുകൊണ്ടാണ് പരസ്യപ്രതികരണം നടത്തിയത് ശരിയായില്ലെന്ന് താൻ തന്നെ പറഞ്ഞത്. ഏത് വ്യത്യസ്ത അഭിപ്രായവും പാർട്ടി ഘടകത്തിൽ പറയാൻ പ്രവർത്തകന് അവകാശമുണ്ട്. അതിൽനിന്ന് വ്യത്യസ്തമായി വൈകാരിക നിലപാടാണ് താൻ സ്വീകരിച്ചത്. ഇതിനെതിരെ പാർട്ടി എന്ത് നടപടി എടുത്താലും അത് ഉൾക്കൊള്ളുമെന്ന് പത്മകുമാർ വ്യക്തമാക്കി.

Find out more: