മുനമ്പം ഹൈക്കോടതി വിധി; പുറത്തു വന്നത് സർക്കാരിൻ്റെ കള്ളക്കളിയെന്ന് വിഡി സതീശൻ! പുറത്തു വന്നത് സർക്കാരിൻ്റെ കള്ളക്കളിയാണെന്നും പത്തു മിനിട്ടു കൊണ്ട് പരിഹരിക്കേണ്ട വിഷയം വൈകിപ്പിച്ച സർക്കാർ വർഗീയ സംഘർഷമുണ്ടാക്കാനുള്ള ചിലരുടെ അജണ്ടയ്ക്ക് കുടപിടിച്ചു കൊടുത്തെന്നും വിഡി സതീശൻ പറഞ്ഞു. മുനമ്പം വിഷയത്തിലെ ഹൈക്കോടതി വിധി പ്രതിപക്ഷ നിലപാടിലെ കൃത്യത വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആശ പ്രവർത്തകരുടെ സമരം തീർക്കാൻ മുഖ്യമന്ത്രിയാണ് മുൻകൈ എടുക്കേണ്ടത്. ഇക്കാര്യം നിയമസഭയിലും പുറത്തും പറഞ്ഞിട്ടുണ്ട്. കർണാടകത്തിൽ ഫ്രീഡം പാർക്കിൽ സമരം നടത്തിയ ആശ വർക്കർമാരെ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ച് ഓണറേറിയം പതിനായിരം രൂപയാക്കി വർധിപ്പിച്ചു. അതിനു പിന്നാലെ സർക്കാർ തീരുമാനം ഫ്രീഡം പാർക്കിൽ പോയി ആശ വർക്കാർമാരെ അറിയിക്കാൻ ഹെൽത്ത് കമ്മിഷണറെ നിയോഗിച്ചു. ആ പ്രഖ്യാപനത്തെ കയ്യടിച്ചു സ്വീകരിച്ചാണ് ആശ പ്രവർത്തകർ സമരം അവസാനിപ്പിച്ചത്.
കേരളം സമരങ്ങളുടെ നാടല്ലേ, പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയല്ലേ. അതേ മുഖ്യമന്ത്രിയാണ് സമരം ചെയ്തല്ല ഇതെല്ലാം നേടിയെടുക്കേണ്ടതെന്നു പറഞ്ഞത്. ഇവർ കമ്മ്യൂണിസ്റ്റല്ല, തീവ്ര വലതുപക്ഷ ലൈനാണ്. കാര്യങ്ങൾ നേടിയെടുക്കേണ്ടത് സമരത്തിലൂടെയല്ല എന്ന് പറയുന്നത് മുതലാളിത്ത രീതിയാണ്. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി അത് പറഞ്ഞപ്പോൾ ഞാൻ വിസ്മയിച്ചില്ലെങ്കിലും നാട്ടിൽ ഒരുപാട് പേർ വിസ്മയിച്ചു. ഏതെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇങ്ങനെ പറയുമോ? ഇത് അദ്ദേഹത്തിൻ്റെ പാർട്ടിക്കാരോടും പറഞ്ഞാൽ എന്നേ കേരളം നന്നായി പോയേനെയെന്നും വിഡി സതീശൻ പറഞ്ഞു. വേറെ ചിലർ കേന്ദ്രത്തിൻ്റെ വഖഫ് ബില്ലുമായി ബന്ധപ്പെടുത്താൻ ശ്രമിച്ചു. രണ്ടു മത വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാക്കുകയെന്ന ദുരുദ്ദേശ്യമായിരുന്നു ഇതിൻ്റെയൊക്കെ പിന്നിൽ. മനപൂർവം വൈകിപ്പിച്ച് ആ ആഗ്രഹക്കാർക്ക് കുടപിടിച്ചു കൊടുക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
വഖഫ് ബോർഡിനെക്കൊണ്ട് പ്രശ്മുണ്ടാക്കിച്ച് പത്തു മിനിട്ടു കൊണ്ട് എടുക്കേണ്ട തീരുമാനമാണ് സർക്കാർ വൈകിപ്പിച്ചത്. വിഷയം വൈകിപ്പിച്ച് സമൂഹത്തിൽ സംഘർഷമുണ്ടാക്കാനുള്ള ചിലരുടെ അജണ്ടയ്ക്ക് സർക്കാർ കുടപിടിച്ചു കൊടുക്കുകയായിരുന്നു. കുഴപ്പമുണ്ടാക്കുക എന്നതു മാത്രമായിരുന്നു സർക്കാരിൻ്റെ ലക്ഷ്യം. നിയമപരമായ ആശയ വിനിമയം നടത്താതെ കമ്മിഷനെ നിയോഗിക്കാൻ സർക്കാർ രാഷ്ട്രീയ തീരുമാനം എടുക്കുകയായിരുന്നു. ആ തീരുമാനം തെറ്റാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇനിയെങ്കിൽ തെറ്റായ വഴിയിലേക്ക് പോകാതെ സർക്കാർ മുനമ്പത്ത് താമസിക്കുന്നവർക്ക് ഭാവിയിൽ ഒരു വ്യവഹാരവും ഉണ്ടാകാത്ത തരത്തിലുള്ള നടപടി സ്വീകരിക്കണം. സർക്കാർ കാട്ടിയ കള്ളക്കളിയാണ് കോടതി വിധിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
പ്രതിപക്ഷ നിലപാട് കൃത്യമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് മുനമ്പം കമ്മിഷൻ സംബന്ധിച്ച ഹൈക്കോടതി ഉത്തരവ്. പത്ത് മിനിട്ട് കൊണ്ട് പരിഹരിക്കാവുന്ന വിഷയം മനപൂർവം വൈകിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്. മുനമ്പം നിവാസികളെ അവരുടെ ഭൂമിയിൽ നിന്നും ഇറക്കിവിടാൻ പാടില്ലെന്ന് കേരളം ഒന്നിച്ചു പറഞ്ഞതാണ്. അവർക്ക് പെർമനൻ്റായ ഡോക്യുമെൻ്റ് നൽകണം. കേരളത്തിലെ ക്രൈസ്തവ സഭകളും മുസ്ലീം സംഘടനകളും രാഷ്ട്രീയ പാർട്ടികളും അവരെ ഇറക്കി വിടരുതെന്നാണ് പറഞ്ഞത്. ഇതു സംബന്ധിച്ച് കോടതി വിധികളുണ്ട്. എന്നിട്ടും സർക്കാർ ഉൾപ്പെടെയുള്ളവർ രണ്ട് മത വിഭാഗങ്ങൾ തമ്മിലുളള സംഘർഷമാക്കാൻ ശ്രമിച്ചു.
Find out more: