കെ സുരേന്ദ്രന് പകരം രാജീവ് ചന്ദ്രശേഖർ; പ്രതീക്ഷകൾ തകർത്തത് കേന്ദ്ര നേതൃത്വം! സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് മുൻ കേന്ദ്ര മന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖറിൻ്റെ പേര് നിർദേശിച്ചത് കേന്ദ്ര നേതൃത്വമാണ്. സംസ്ഥാന അധ്യക്ഷസ്ഥാനത്ത് തുടരാമെന്ന കെ സുരേന്ദ്രൻ്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായത് ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനം.ഗ്രൂപ്പുകൾക്ക് അതീതനായ രാജീവ് ചന്ദ്രശേറിനെ സംസ്ഥാന അധ്യക്ഷനാക്കുന്നതോടെ വിഭാഗീയത മൂലം അകന്നു നിൽക്കുന്ന നേതാക്കളെയും പ്രവർത്തകരെയും ഒപ്പം നിർത്താനുമാകും. സംഘപരിവാർ പശ്ചാത്തലമില്ലെന്നത് രാജീവിന് കേരളത്തിൽ കാര്യങ്ങൾ എളുപ്പമാക്കും. സമുദായങ്ങളെ അടുപ്പിക്കാനും അവരുമായി സമ്പർക്കം പുലർത്താനും ഇത് സഹായിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കളുമായുള്ള അടുത്ത ബന്ധവും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരിനെതിരെ നടത്തിയ മികച്ച പ്രകടനവും നേട്ടമായി. രാജീവ് ചന്ദ്രശേറിലൂടെ തിരുവനന്തപുരത്ത് സ്വാധീനം വർധിപ്പിക്കാൻ ബിജെപി ആഗ്രഹിക്കുന്നുണ്ട്.






ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തിരുവനന്തപുരത്ത് താൻ തുടരുമെന്ന് രാജീവ് വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിക്കാനും കോവളം ഉൾപ്പെടെയുള്ള തീരദേശങ്ങളിലെ വോട്ട് പിടിക്കാനും രാജീവിന് സാധിക്കുമെന്ന വിലയിരുത്തൽ കേന്ദ്ര നേതൃത്വത്തിനുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിനെ എത്തിക്കുന്നതിൽ ബിജെപിക്ക് വ്യക്തമായ പ്ലാനുണ്ട്. തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്നതിനാൽ ക്രിസ്ത്യൻ വിഭാഗത്തെ ഉൾപ്പെടെ ബിജെപിയിലേക്ക് ആകർഷിക്കാൻ സംസ്ഥാന നേതൃത്വത്തിന് പുതിയ മുഖം വേണം. പരമ്പരാഗത ബിജെപി വോട്ടുകൾക്കപ്പുറം നേടേണ്ടതുമുണ്ട്. യുവാക്കളെ ആകർഷിക്കാനാകുന്ന, അവരുടെ നിലപാടുകൾ പറയുന്ന ഒരു നേതാവുമെന്ന വിശേഷണം രാജീവിന് നേട്ടമായി. കെ സുരേന്ദ്രൻ, വി മുരളീധരൻ വിഭാഗങ്ങളോട് എതിർപ്പുള്ളവർ സസ്ഥാന പാർട്ടി നേതൃത്വത്തോട് അകൽച്ച കാട്ടുന്നുണ്ട്.





ഇവർ തുടക്കം മുതൽ രാജീവ് ചന്ദ്രശേഖറിനെ പിന്തുണയ്ക്കുന്നുണ്ട്. പാർട്ടിയിലെ വിഭാഗീയതയും തർക്കവും രാജീവ് എത്തുന്നതോടെ അവസാനിപ്പിക്കാനാകുമെന്ന് ദേശീയ നേതൃത്വം ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് സുരേഷ് ഗോപിയിലൂടെ ബിജെപിക്ക് ഒരു എംപിയെ ലഭിച്ചു എന്നതാണ് നേട്ടം. എന്നാൽ ഉറച്ച കോട്ടയെന്ന് കരുതിയ പാലക്കാടുണ്ടായ തോൽവിയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കയ്യിലുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടമായതിൻ്റെ തിരിച്ചടിയും അവശേഷിക്കുന്നുണ്ട്. ശബരിമല പ്രതിഷേധ സമയത്തെ നിലപാടുകളും സമരവും ജയിൽ വാസവും നേട്ടമായതോടെ 2020 ഫെബ്രുവരി പതിനഞ്ചിന് ബിജെപി സംസ്ഥാന അധ്യക്ഷൻ സ്ഥാനത്തേക്ക് കെ സുരേന്ദ്രൻ എത്തിയത്. മാസങ്ങൾക്ക് പിന്നാലെ സംസ്ഥാന നേതൃത്വത്തിൽ വിഭാഗീയത രൂക്ഷമായി. 





ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും തമ്മിലുള്ള അകൽച്ചയും പികെ കൃഷ്ണദാസ് വിഭാഗത്തിൻ്റെ നിലപാടും പാർട്ടിയെ പിന്നോട്ടടിച്ചു. കൊടകര കുഴൽപ്പണക്കേസ്, തെരഞ്ഞെടുപ്പ് സമയത്തെ കേസുകൾ എന്നിവ സുരേന്ദ്രന് തിരിച്ചടിയായി. എംടി രമേശിനായിരുന്നു കൂടുതൽ സാധ്യത കൽപ്പിച്ചിരുന്നത്. എന്നാൽ ബിജെപി ദേശീയ നേതൃത്വം നേരിട്ടിറങ്ങി കളിച്ചതോടെ രാജീവ് ചന്ദ്രശേഖർ എന്ന ഒറ്റപ്പേരിലേക്ക് കാര്യങ്ങളെത്തുകയായിരുന്നു. അഞ്ച് വർഷം പൂർത്തിയാക്കിയ സംസ്ഥാന അധ്യക്ഷന്മാരെ മാറ്റാമെന്ന തീരുമാനം കേരളത്തിലും പിന്തുടരാൻ തീരുമാനിച്ചതാണ് കെ സുരേന്ദ്രന് തിരിച്ചടിയായത്. കേരള ഘടകത്തിൽ തുടരുന്ന ഗ്രൂപ്പ് പോരിന് അറുതിവരുത്തേണ്ടതും ആവശ്യമായിരുന്നു.
 

Find out more: