പേനയും പേപ്പറും ഖുറാനും വേണം: തഹാവൂറിനെ ദിവസം 10 മണിക്കൂറിലധികം ചോദ്യം ചെയ്ത് എൻഐഎ! എൻഐഎ കസ്റ്റഡിയിൽ തുടരുന്ന റാണയെ ദിവസം 10 മണിക്കൂർവരെ ഉദ്യോഗസ്ഥർ ചോദ്യംചെയ്യലിന് വിധേയമാക്കുന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഭീകരാക്രമണത്തിൻ്റെ ഗൂഢോലോചനയുടെ ചുരുളഴിക്കുകയാണ് എൻഐഎയുടെ ലക്ഷ്യം. ഡൽഹിയിലെ സിജിഒ കോംപ്ലക്സിൽ സ്ഥിതിചെയ്യുന്ന എൻഐഎ ആസ്ഥാനത്തെ അതീവ സുരക്ഷാ സെല്ലിലാണ് 64കാരനായ തഹാവൂർ റാണയെ പാർപ്പിച്ചിരിക്കുന്നത്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യുടെ ചോദ്യശരങ്ങൾക്ക് മുന്നിൽ മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണ. ഭീകരാക്രമണത്തിന് മുൻപ് ഇന്ത്യയിലെ വിവിധ നഗരങ്ങൾ സന്ദർശിച്ച തഹാവൂർ റാണ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയ്ക്ക് നിർണായക വിവരങ്ങൾ കൈമാറിയെന്നാണ് എൻഐഎ കരുതുന്നത്.
ലഷ്കർ ഇ തൊയ്ബയ്ക്ക് പുറമേ ഭീകര സംഘടനയായ ഹർകത് ഉൾ ജിഹാദ് ഇസ്ലാമി, പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐ എന്നിവരുമായുള്ള റാണയുടെ ബന്ധവും അന്വേഷണ പരിധിയിലുണ്ട്. മുംബൈയിൽ 2008 നവംബർ 26ന് ഉണ്ടായ ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്, 230ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുഎസ് ഇന്ത്യയ്ക്ക് കൈമാറിയ തഹാവൂർ റാണയെ ഈ മാസം 10നാണ് ലോസ് ആഞ്ചെലെസിൽനിന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചത്. ഡൽഹി പാട്യാല ഹൗസിലെ എൻഐഎ കോടതി 18 ദിവസമാണ് റാണയെ കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്. കൊലപാതക ഗൂഢാലോചന, ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യൽ, ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽ തുടങ്ങി യുഎപിഎ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് റാണയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
മുംബൈ ഭീകരാക്രമണത്തിൻ്റെ അന്വേഷണവേളയിൽ ലഭിച്ച തെളിവുകൾ നിരത്തിയാണ് റാണയെ ചോദ്യംചെയ്യലിന് വിധേയമാക്കുന്നത്. ആക്രമണത്തിൻ്റെ സൂത്രധാരനായ ഡേവിഡ് കോൾമാൻ ഹെഡ്‍ലിയുമായുള്ള ഫോൺ സംഭാഷണങ്ങളടക്കം ഇതിൽ ഉൾപ്പെടുന്നു. കോടതി നിർദേശപ്രകാരം, ഓരോ 48 മണിക്കൂർ കൂടുമ്പോഴും റാണയെ മെഡിക്കൽ ചെക്കപ്പിന് വിധേയമാക്കുന്നുണ്ട്. കൂടാതെ, കൈമാറ്റ കരാർ പ്രകാരം അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്താനും റാണയെ അനുവദിക്കുന്നുണ്ട്.
ഇതുവരെ, ഒരു പേന, കുറച്ചു പേപ്പർ, ഒരു ഖുറാൻ എന്നിവ തഹാവൂർ റാണ ആവശ്യപ്പെട്ടു. ഇവയെല്ലാം അന്വേഷണ ഉദ്യോഗസ്ഥർ നൽകി. അതേസമയം പ്രത്യേക ഭക്ഷണമോ മറ്റോ റാണ ആവശ്യപ്പെട്ടിട്ടില്ല. പ്രോട്ടോകോൾ പ്രകാരമുള്ള ഭക്ഷണമാണ് റാണയ്ക്ക് എൻഐഎ അനുവദിക്കുന്നത്. പഴുതടച്ച നിരീക്ഷണമാണ് സെല്ലിൽ റാണയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
Find out more: