കടുത്ത അഞ്ച് തീരുമാനങ്ങളുമായി ഇന്ത്യ: സിന്ധു നദീജല കരാർ മരവിപ്പിച്ചു! സിന്ധു നദീജല കരാർ മരവിപ്പിക്കൽ ഉൾപ്പെടെ വിവിധ തീരുമാനങ്ങൾ ഇന്ത്യ സ്വീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന സുരക്ഷാകാര്യങ്ങൾക്കുള്ള നിർണായക മന്ത്രിസഭാ സമിതി യോഗത്തിലാണ് തീരുമാനം.  പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കടുത്ത അഞ്ച് തീരുമാനങ്ങളുമായി ഇന്ത്യ.അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്താൻ ഉപേക്ഷിക്കുന്നതുവരെ 1960ലെ സിന്ധു നദീജല കരാർ മരവിപ്പിക്കും.
വാഗ - അട്ടാരിയിലെ ചെക്ക്‌പോസ്റ്റ് ഉടനടി അടയ്ക്കും. സാധുവായ രേഖകൾ ഉള്ളവ‍ർക്ക് മെയ് ഒന്നിന് മുൻപ് ആ വഴിയിലൂടെ മടങ്ങാം.






സാർക്ക് വിസ ഇളവ് പദ്ധതി പ്രകാരം പാകിസ്താൻ പൗരന്മാരെ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കില്ല. പാകിസ്ഥാൻ പൗരന്മാർക്ക് മുമ്പ് നൽകിയിട്ടുള്ള ഏതൊരു SPES വിസയും റദ്ദാക്കിയതായി കണക്കാക്കുന്നു. SPES വിസയിൽ നിലവിൽ ഇന്ത്യയിലുള്ള ഏതൊരു പാകിസ്താൻ പൗരനും ഇന്ത്യ വിടാൻ 48 മണിക്കൂർ സമയം. ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കളെ പേഴ്‌സണ നോൺ ഗ്രാറ്റയായി പ്രഖ്യാപിച്ചു. അവർക്ക് ഇന്ത്യ വിടാൻ ഒരു ആഴ്ച സമയം.
ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽനിന്ന് ഇന്ത്യ സ്വന്തം പ്രതിരോധ, നാവിക, വ്യോമ ഉപദേഷ്ടാക്കളെ പിൻവലിക്കും. അതത് ഹൈക്കമ്മീഷനുകളിലെ ഈ തസ്തികകൾ റദ്ദാക്കപ്പെട്ടതായി കണക്കാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ രണ്ട് മണിക്കൂറോളം നേരമാണ് സുരക്ഷാ മന്ത്രിസഭാ സമിതി യോഗം ചേർന്നത്.






ശ്രീനഗറിലും പഹൽഗാമിലും സന്ദർശനം നടത്തിയ ശേഷം ഡൽഹിയിൽ മടങ്ങിയെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ക്യാബിനെറ്റ് സെക്രട്ടറി ടിവി സോമനാഥൻ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിമാരായ ശക്തികാന്ത ദാസ്, പികെ മിശ്ര, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. ജമ്മു കശ്മീരിലെ പഹൽഗാമിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ഭീകരാക്രമണം ഉണ്ടായത്. പഹൽഗാമിലെ ബൈസരനിൽ ചെലവഴിക്കുകയായിരുന്ന വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ നിറയൊഴിച്ചത്. സംഭവത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം പാകിസ്താൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയുമായി ബന്ധമുള്ള ദ റെസിറ്റൻസ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു.




ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരരെ ഇന്ത്യൻ ഏജൻസികൾ തിരിച്ചറിഞ്ഞു.യോഗത്തിന് മണിക്കൂറുകൾക്ക് മുൻപ്, ഭീകരാക്രമണത്തിൽ ഉചിതവുമായ എല്ലാ നടപടികളും കേന്ദ്രസർക്കാർ സ്വീകരിക്കുമെന്ന് ഉറപ്പുനൽകുന്നതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിഘ് വ്യക്തമാക്കിയിരുന്നു. ഭീകരരെ പിടികൂടുക മാത്രമല്ല, ഇന്ത്യൻ മണ്ണിൽ ഇത്തരം നീചമായ പ്രവൃത്തികൾ ചെയ്യാൻ ഗൂഢാലോചന നടത്തിയവരെയും കണ്ടെത്താൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെവിടില്ലെന്ന് അമിത് ഷായും വ്യക്തമാക്കിയിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം നേരിട്ടു വിലയിരുത്തിയിരുന്നു.

Find out more: