ആലപ്പുഴ / കോട്ടയം / പത്തനംതിട്ട ∙ അടിവച്ചുയരുന്ന ജലനിരപ്പു പോലെ കുട്ടനാടിനും ആധിയേറുന്നു. വീടുകളിൽ പതിവുപോലെ വെള്ളം കയറിത്തുടങ്ങി. ‘എത്ര പ്രളയം കണ്ടെതാണെന്ന’ ആത്മവിശ്വാസം ഇത്തവണ കുട്ടനാടൻ മനസ്സിനില്ല. പ്രളയജലം മുറ്റത്തെത്തിയപ്പോൾത്തന്നെ പലരും ദൂരെയുള്ള ബന്ധുവീടുകളിലേക്കു മാറി. വാഹനങ്ങളും വളർത്തുമൃഗങ്ങളും സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ച ശേഷം ഏതു നിമിഷവും പലായനത്തിനായി തയാറെടുത്തിരിക്കുകയാണ് മറ്റുള്ളവർ.
കവളപ്പാറ: മണ്ണടങ്ങിയ വിലാപം
ഇതുവരെയുള്ള സ്ഥിതി നോക്കിയാൽ, മഴക്കാലത്തു പതിവുള്ള വെള്ളം കയറ്റം മാത്രമേ കുട്ടനാട്ടിൽ ഉണ്ടായിട്ടുള്ളെന്നു നാട്ടുകാർ പറയുന്നു. കഴിഞ്ഞ മഹാപ്രളയത്തിന്റെ ആശങ്കയാണ് വെള്ളമുയരുന്നതിനു മുൻപേ വീടു വിടാൻ പലരെയും പ്രേരിപ്പിക്കുന്നത്.
കിഴക്ക് മഴ പെയ്യുന്നതാണ് കുട്ടനാടിന്റെ പേടി കൂട്ടുന്നത്. ആലപ്പുഴ – ചങ്ങനാശേരി കനാലിന്റെ ഓരം, തുരുത്തുകൾ, നെൽകൃഷിയില്ലാത്ത ഭാഗങ്ങൾ, കായലോര പ്രദേശങ്ങൾ എന്നിവിടങ്ങളിലെ വീടുകളിലാണ് ആദ്യം വെള്ളം കയറുന്നത്.
തോട്ടപ്പള്ളി സ്പിൽവേ, തൃക്കുന്നപ്പുഴ ചീർപ്പ് എന്നിവിടങ്ങളിലൂടെ വെള്ളം കടലിലേക്ക് ഒഴുകിമാറുന്നുണ്ടെന്നത് ആശ്വാസ വാർത്തയാണ്. ഇക്കുറി പാടങ്ങളിൽ വ്യാപകമായി നെൽകൃഷിയുള്ളതാണ് ഇതുവരെ വെള്ളപ്പൊക്കം ഇത്രയും രൂക്ഷമാകാതിരിക്കാൻ കാരണം. മഴവെള്ളം കൃത്യമായി പമ്പു ചെയ്തു കളഞ്ഞിരുന്നു. പക്ഷേ, പലയിടത്തും മട കവിഞ്ഞു തുടങ്ങി.
ഉയരമുള്ള സ്ഥലങ്ങളിലും പാലങ്ങളിലും മറ്റും വാഹനങ്ങൾ സുരക്ഷിതമാക്കിയ ശേഷം ഉടമസ്ഥർ പോയത് ഉൾറോഡുകളിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കി.
കുട്ടനാട് താലൂക്കിൽ ഇതുവരെ 3 ക്യാംപുകളും 160 ഭക്ഷണവിതരണ കേന്ദ്രങ്ങളും തുടങ്ങി. മൂന്നൂറിലേറെപ്പേർ ക്യാംപുകളിലുണ്ട്. ഇതുവരെ 5 വീടുകൾ പൂർണമായും 115 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.
ആലപ്പുഴ–ചങ്ങനാശേരി റോഡിൽ പുഴവാത്, മനയ്ക്കൽചിറ, കിടങ്ങറ ബസാർ, മുട്ടാർ, മാമ്പുഴക്കരി, പള്ളിക്കൂട്ടുമ്മ, ഒന്നാംകര, മങ്കൊമ്പ്, പൂപ്പള്ളി ഭാഗങ്ങളിൽ അരയടിയോളം വെള്ളമുണ്ട്. രണ്ടാം കൃഷിയിറക്കിയ പാടശേഖരങ്ങളിൽ മട വീഴ്ച ഭീഷണിയുണ്ട്. അഞ്ചിടങ്ങളിൽ മടവീണു.പ്രളയം അപ്പർ കുട്ടനാടിനെയും വിഴുങ്ങിത്തുടങ്ങി. തിരുവല്ല താലൂക്കിലെ ഭൂരിഭാഗം വില്ലേജുകളും വെള്ളത്തിലായി.