കേരളത്തിലെ 21 അണക്കെട്ടുകളിലെ ഉയർന്ന ജലനിരപ്പ് ഭൂചലന സാധ്യത കൂട്ടിയെന്ന് പഠനം. പൊതുവേ ദുർബലമായ പശ്ചിമഘട്ടത്തിലാണിത്. മൂന്നുമുതൽ അഞ്ചരവരെ തീവ്രതയുള്ള ഭൂകമ്പസാധ്യത പ്രദേശമാണ് കേരളമെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലയിലെ പ്രൊഫ. രാമസ്വാമി സോമസുന്ദരത്തിന്റെ നേതൃത്വത്തിൽ 2018-ലെ പ്രളയത്തിനുശേഷമാണ്  ഇത്തരത്തിൽ ഒരു പഠനം നടത്തിയത്.

അളഗപ്പ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരും പങ്കാളികളായി. വലിയ ഉയരത്തിൽ വെള്ളം കെട്ടിനിർത്തുന്നത് മൂലം ഭൂമിയുടെ ഉപരിതലത്തിലേക്കുണ്ടാക്കുന്ന മർദമാണ് ഭൂചലന സാധ്യത (ആർ.ഐ.എസ്.) കൂട്ടുന്നത്. ഇത്തരത്തിലുള്ള മർദംമൂലമാണ് 1967-ൽ മഹാരാഷ്ട്രയിലെ കൊയ്‌ന ജലസംഭരണി പ്രദേശത്ത് ഭൂചലനമുണ്ടായത്. പശ്ചിമഘട്ടത്തിലെ സാഹചര്യങ്ങളും നീങ്ങുന്നത് സമാന അവസ്ഥയിലേക്കാണ്. അതിഗുരുതരമാണ് പഠനത്തിൽ കണ്ടെത്തിയ കാര്യങ്ങളെന്ന് ഡോ. രാമസ്വാമി പറഞ്ഞു.

കേരളത്തിൽ 43-ലധികം അണക്കെട്ടുകളും ജലസംഭരണികളുമുണ്ട്. പലതും പരിസ്ഥിതി ദുർബലമായ പശ്ചിമഘട്ടമേഖലയിലാണ്. ഇന്ത്യൻ റിമോട്ട് സെൻസിങ് ഉപഗ്രഹം വഴിയും നാസയുടെ ഷട്ടിൽ റഡാർ ടോപ്പോഗ്രാഫി മിഷൻ വഴിയുമുള്ള വിവരങ്ങൾകൂടി വിശകലനം ചെയ്താണ് പഠനം നടത്തിയത്. 2019-ലെ പ്രളയശേഷമുള്ള സാഹചര്യവും ഇനി പഠിക്കും.

Find out more: